മാതാപിതാക്കളോടുള്ള കടമ
M. T.

ഈ ഭൂമിയില്‍ ജന്മമെടുക്കുവാനും, മനോഹരമായ ഈ ജീവിതം ആസ്വദിക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ തിരഞ്ഞെടുത്ത വിശുദ്ധ ഉപകരണങ്ങളാണ് നമ്മുടെ മാതാപിതാക്കള്‍. സ്‌നേഹത്തിലും, സന്തോഷത്തിലും, പ്രാര്‍ത്ഥനയിലും വളര്‍ന്നുവന്ന കുടുംബങ്ങളില്‍ കാലത്തിന്റെ കടന്നുകയറ്റത്തിലോ, മാധ്യമങ്ങളുടെ അതിപ്രസരത്തിലോ മനുഷ്യമനസ്സുകളില്‍ നന്മയുടെ അംശത്തിന് മങ്ങലേറ്റുതുടങ്ങി. വളര്‍ത്തിവലുതാക്കിയ മാതാപിതാക്കളെ സ്വാര്‍ത്ഥതാത്പര്യത്തിനുവേണ്ടി നിഷ്‌കരുണം അഗതിമന്ദിരങ്ങളില്‍ തള്ളുന്ന കാഴ്ച ഇന്ന് സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്നു. 'പിതാവിനെ പരിഹസിക്കുകയും, അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ് മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്‍മാര്‍ തിന്നുകയും ചെയ്യും' (സുഭാ. 30:17).

ഒരു ശിശു ജന്മമെടുക്കുമ്പോള്‍, അത്യധികം സന്തോഷിച്ച്, ആ കുഞ്ഞിന്റെ വളര്‍ച്ചയും ഭാവിയും മുന്നില്‍ക്കണ്ട,് തങ്ങളുടെ ജീവിതം രൂപാന്തരപ്പെടുത്തുന്നവരാണ് മാതാപിതാക്കള്‍. ആ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും മുന്നില്‍ക്കണ്ട്, ആസ്വദിച്ച,് ആ കുഞ്ഞിനെ വളര്‍ത്തി വലുതാക്കിക്കഴിയുമ്പോള്‍ പോരായ്മകളുടെ നീണ്ടനിര നിരത്തി, തിരിഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കള്‍ ഇന്ന് കുറവല്ല. അവഗണനകള്‍കൊണ്ട് ഉള്ളുപിടയുമ്പോഴും, 'എന്റെ മക്കള്‍ക്ക് നല്ലതു വരണമേ' എന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അറിവില്ലാത്ത പ്രായത്തില്‍ അറിവ് പകര്‍ന്നുതന്നും, ഉള്‍കാഴ്ചയില്ലാത്തപ്പോള്‍ ഉള്‍ക്കാഴ്ച്ചയായും ഇരുട്ടിലൂടെ നടന്നുപോകുമ്പോള്‍ വെളിച്ചത്തിന്റെ റാന്തലായും നമ്മെ കാത്തുപരിപാലിക്കാന്‍ ദൈവം നിയോഗിച്ച അക്ഷയനിധികളാണ് മാതാപിതാക്കള്‍. ഒരിക്കല്‍ തന്നെ അനാഥത്വത്തിന്റെ നടുവിലേക്ക് വലിച്ചെറിഞ്ഞ്, സ്വന്തം സുഖം നോക്കി പോയ തന്റെ മാതാപിതാക്കളെ വര്‍ഷങ്ങള്‍ തേടി അലഞ്ഞ് കണ്ടുപിടിച്ച് കൈകളില്‍ ചുംബിച്ച ഒരു മകളോട് ഏതാനും പത്രപ്രവര്‍ത്തകര്‍ ചോദിച്ചു, തന്നെ വേണ്ടെന്നു വച്ച് അനാഥാലയത്തിലാക്കി, വര്‍ഷങ്ങള്‍ നിന്നെ അന്വേഷിക്കാതിരുന്ന, നിന്നെ ജീവിതത്തില്‍ തനിച്ചാക്കിയ നിന്റെ മാതാപിതാക്കളോട് ഇത്ര വലിയ സ്‌നേഹം കാണിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്താണ്? അപ്പോള്‍ അവള്‍ പറഞ്ഞ ഒരു മറുപടിയുണ്ട്. 'എന്നെ വളര്‍ത്തിയോ തളര്‍ത്തിയോ, വലുതാക്കിയോ ചെറുതാക്കിയോ എന്നുള്ളതൊന്നും പ്രസക്തമല്ല, എന്നെ ഈ ഭൂമിയില്‍ ജന്മമെടുക്കാന്‍ അവര്‍ അനുവദിച്ചല്ലോ, എന്നെ അവര്‍ കൊന്നില്ലല്ലോ അത്രയും മാത്രം മതി എനിക്കവരെ സ്‌നേഹിക്കാന്‍'.ആ മകളുടെ വാക്കുകള്‍ അവിടെക്കൂടിയിരുന്ന ഓരോരുത്തരുടെയും മനസ്സിനെ പിടിച്ചുലച്ചു.

മാതാപിതാക്കളോടുള്ള കടമകള്‍ നിറവേറ്റാന്‍ ജീവിതത്തിരക്കിനിടയില്‍ മറന്നു പോകുന്ന സാഹചര്യമുണ്ടാകുന്നു നമ്മില്‍ പലര്‍ക്കും ഇന്ന്. മക്കള്‍ എത്ര മിടുക്കരാണെങ്കിലും, എത്ര സമ്പത്തുള്ളവരാണെങ്കിലും മക്കളുടെ ഹൃദ്യമായ പെരുമാറ്റം തന്നെയാണ് മാതാപിതാക്കള്‍ക്ക് ഏറ്റവും സന്തോഷം ലഭിക്കുക. അവരുടെ വിലയേറിയ സമയങ്ങള്‍ നമുക്കുവേണ്ടി അവര്‍ ചിലവഴിച്ചപ്പോള്‍, അവര്‍ വാര്‍ദ്ധക്യത്തിലെത്തിയിരിക്കുമ്പോള്‍ നമ്മുടെ സമയവും അവര്‍ ആഗ്രഹിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ഭൂമിയിലെ ശ്രേഷ്ഠമായ അനുഗ്രഹമാണെന്ന തിരിച്ചറിവോടെ അവരോടുള്ള കടമകള്‍ ഭംഗിയായി നിറവേറ്റാന്‍ സര്‍വ്വേശ്വരനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

M. T.

4960 Viewers

നല്ല ലേഖനങ്ങൾ.... ഇതിൽ ആർക്കൊക്കെ എഴുതാം?

ആദിൽ | October 5, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691