പെന്തക്കുസ്താ നവീകരണത്തിന്റെ ദിനം
ഫാ സ്റ്റാലിന്‍ OFM. Cap

സഭയുടെ ഉത്ഭവത്തിന്റെ ഓര്‍മ്മയാണ് പെന്തക്കുസ്താ തിരുന്നാള്‍. 'പെന്തക്കുസ്ത'എന്ന വാക്കിന്റെ അര്‍ത്ഥം 'അന്‍പത്' എന്നാണ്. യഹൂദജനം പെന്തക്കുസ്താ ആഘോഷിക്കുമ്പോള്‍ അവര്‍ വിവിധ കാര്യങ്ങള്‍ സ്മരിച്ചിരുന്നു. ദൈവവും ഇസ്രായേലും തമ്മില്‍ സീനായ് മലമുകളില്‍ വച്ച് നടത്തിയ ഉടമ്പടി, പത്തുകല്‍പ്പനകള്‍ നല്കപ്പെട്ടത്, പെസഹാത്തിരുനാളില്‍ ആരംഭിച്ച ബാര്‍ളി കൊയ്ത്തിന്റെ പൂര്‍ത്തീകരണം.

എന്നാല്‍ പെന്തക്കുസ്താ തിരുനാളില്‍ വിശ്വാസികളായ നമ്മളും ഒരു പുതിയ ഉടമ്പടി യുടെ അനുസ്മരണമാണ് നടത്തുന്നത്. ദൈവവും മാനവരാശിയും തമ്മില്‍ നടത്തിയ ഉടമ്പടി. ഈ ഉടമ്പടി തന്റെ കുരിശുമരണത്തിലൂടെ, തന്റെ രക്തം കൊണ്ട് സ്വീകരിക്കുന്നു. പരിശുദ്ധാത്മാവിന്റെ വരവിലൂടെ ഇത് സ്ഥാപിതമായി. അതുപോലെതന്നെ പെന്തക്കുസ്താ വിളവെടുപ്പിന്റെയും തിരുന്നാളാണ്. പരിശുദ്ധാത്മാവാണ് ഏറ്റവും വലിയ ഫലം. ഉത്ഥാനത്തിന്റെ ഫലമായി യേശു ശിഷ്യന്‍മാര്‍ക്ക് ആദ്യം പരിശുദ്ധാത്മാവിനെ നല്‍കി. ഈ പരിശുദ്ധാത്മാവിലൂടെ വിശ്വാസികള്‍ ഇന്ന് അനേകം വരങ്ങളും ദാനങ്ങളും കൊയ്‌തെടുക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലൂടാണ് പെന്തക്കു സ്താ തിരുന്നാളില്‍ സഭ ആത്മാക്കളുടെ കൊയ്ത്ത് ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പത്രോസിന്റെ പ്രസംഗത്തിലൂടെ മൂവായിരം പേര്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു. ഈ കൊയ്ത്ത് അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് അവസാനത്തെ മനുഷ്യനും രക്ഷപ്രാപിക്കുന്നതിലൂടെയായിരിക്കും.

പെന്തക്കുസ്താ തിരുന്നാള്‍ മനുഷ്യ ജീവിതത്തിന്റെ സമസ്തമേഖലകളെയും നവീകരിക്കുന്ന ദിനമാണ്. ഭയചകിതരായി കതകടച്ചിരുന്ന ശിഷ്യന്‍മാരുടെമേല്‍ ആത്മാവ് തീനാ വിന്റെ രൂപത്തില്‍ ഇറങ്ങിവരികയും അവരെ ശക്തിപ്പെടുത്തുകയും ചെയ്തു. പരിശുദ്ധാത്മാവിന്റെ ആഗമനം ശിഷ്യന്‍മാരെ ഊര്‍ജ്ജസ്വലരാക്കി മാറ്റുകയും അങ്ങനെ അവര്‍ അതിയായ ശക്തിയോടെ സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്നു.

ഭയം മനുഷ്യജീവിതത്തിന്റെ കൂടപ്പിറ പ്പാണ്. ജീവിതത്തില്‍ നമ്മള്‍ പലതിനെയും, പലരെയും അകാരണമായി ഭയപ്പെടുന്നു. ഇത്തരം ഭയങ്ങള്‍ നമ്മളെ അന്തര്‍മുഖരായി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ആത്മാവിശ്വാസമില്ലായ്മയുടെയും, അന്ധകാരത്തിന്റെയും തടവറയില്‍ ജീവിതത്തെ തളച്ചിടാന്‍ അവസരം ഒരുക്കുക യും ചെയ്യുന്നു. പരിശുദ്ധാത്മാവിനു മാത്രമെ ഇത്തരം ഭയങ്ങളുടെ കെട്ടുപൊട്ടിക്കാന്‍ സാധിക്കുകയുള്ളു. പരിശുദ്ധാത്മാവിന്റെ പ്രേരണ യ്ക്കനുസരിച്ച് ജീവിതത്തെ നമുക്ക് ക്രമപ്പെടുത്തുവാന്‍ സാധിക്കട്ടെ. ഇത്തരം ഭയങ്ങള്‍ക്ക് ഇനി നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ല. കാരണം, പരിശുദ്ധാത്മാവാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്.

പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷം പത്രോസ് തന്റെ സ്വന്തം ഭാഷയില്‍ സംസാരിച്ചപ്പോള്‍, അവിടെക്കൂടിയിരുന്ന വിവിധഭാഷക്കാര്‍ അവരവരുടെ ഭാഷയില്‍ മനസ്സിലാക്കുന്നതായി നാം കാണുന്നു. ഇങ്ങനെ പരിശുദ്ധാത്മാവ് നമ്മുടെ ഭാഷയെ ശുദ്ധീകരിക്കുന്നു. ഭാഷ, ഒരു ജീവിതത്തെ മറ്റൊരു ജീവിതത്തിലേക്ക് നമ്മളെ ബന്ധിപ്പിക്കുന്ന പാലമാണ്. ഭാഷ നമ്മുടെ ജീവിതത്തെ മുഴുവനായി അനാവരണം ചെയ്യുന്നു. നമ്മള്‍ ഒരേ ഭാഷ സംസാരിച്ച് ഒരേ വീട്ടിലും , ഒരേ കൂട്ടായ്മയിലും ജീവിച്ചിട്ടും, പരസ്പരം മനസ്സിലാക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്നു. ദൈവ കല്പന മാനിക്കാത്ത ജനത്തിന്റെ, ഭാഷ ഭിന്നിപ്പിച്ച ചരിത്രം പഴയനിയമം നമ്മളെ പഠിപ്പിക്കുന്നു. എന്നാല്‍, ആത്മാവിന്റെ സ്പര്‍ശം ഭാഷയെ ഏകീകരിക്കുന്നത് നമ്മള്‍ വായിക്കുന്നു.പല പ്പോഴും നല്ല വാക്കുകളുപയോഗിച്ച് സംസാരിക്കുമ്പോഴും, അത് കേള്‍വിക്കാരുടെ ഹൃദയങ്ങളെ തൊടാതെ പോകുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, അത് നമ്മുടെ വാക്കുകള്‍ക്ക് ആത്മാവിന്റെ സ്പര്‍ശം നഷ്ടപ്പെട്ടു പോയതുകൊണ്ടാണ്. ഭാഷ, ജീവിതങ്ങളെ തൊട്ടുണര്‍ത്തേണ്ടതാണ്. ജീവിതങ്ങള്‍ക്ക് പ്രതീക്ഷ നല്‍കേണ്ടതാണ്. എന്നാല്‍ ഇതിന് വിപരീതമായി നമ്മുടെ വാക്കുകള്‍ മറ്റുള്ളവരുടെ ജീവിതത്തിന്റെ കൊച്ചു സന്തോഷങ്ങളെ കെടുത്തിക്കളയുകയും അവരെ നിരാശയിലേക്കു തള്ളിവിടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ഭാഷയെ സ്പര്‍ശിക്കാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം അതുവഴി മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഈശോയുടെ സ്‌നേഹം പകര്‍ന്നുകൊടുക്കാന്‍ നമുക്ക് സാധിക്കട്ടെ.

പ്രശസ്ത റേഡിയോ പ്രഭാഷകനായ ഫുള്‍ട്ടന്‍ ജെ ഷിന്‍ പറഞ്ഞിട്ടുണ്ട് "Even though we are God's chosen people, we often behave more like God's frozen people--frozen in our prayer life," ശരിയാണ് പലപ്പോഴും നമുക്കു ഒരുതരം മരവിപ്പാണ.് പലകാര്യങ്ങളോടും, പ്രത്യേകി ച്ച് വിശ്വാസജീവിതവുമായി ബന്ധപ്പെട്ടുവരുമ്പോള്‍ ഇതിനോടൊക്കെ ഒരു താല്പര്യമില്ലയ്മ അല്ലെങ്കില്‍ ഒരു നിഷേധാത്മകമായ നിലപാട്. നമ്മള്‍ സ്വീകരിച്ച പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ട്. ഒരാഴ്ച മരുഭൂമിയില്‍ തുടര്‍ച്ചയായി മഴപെയ്താല്‍ മരുഭൂമിയില്‍ നിറയെ പച്ചപ്പായിരിക്കും. മഴയല്ല വിത്തിനെ കൊണ്ടുവന്നത്, വിത്ത് മരുഭൂമിയില്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഒളിച്ചുകിടന്നതിനെ മഴ തളിര്‍പ്പിച്ചു. സമാനമായ ഒരു അനുഭവം നമുക്ക് ആവശ്യമാണ്. കാരണം മാമ്മോദീസ, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളിലൂടെ നമ്മള്‍ സ്വീകരിച്ച ആത്മാവിന്റെ വിത്തുകളെ തളിര്‍പ്പിക്കാനായി പെന്തക്കുസ്തായുടെ വലിയ മഴ നമ്മുടെ ജീവിതത്തില്‍ പെയ്തിറങ്ങട്ടെ.

ആത്മാവിന്റെ ഫലങ്ങള്‍ തളിര്‍ക്കട്ടെ, നമ്മുടെ ജീവിതങ്ങളില്‍. തിന്മയുടെ, അപകര്‍ഷതാബോധത്തിന്റെ, അകാരണമായ ആകുലതകളുടെ ഭയങ്ങളെ ഉപേക്ഷിച്ച്, ആത്മാവിന്റെ സ്പര്‍ശമുള്ള വാക്കുകളുമായി നമുക്ക് നമ്മുടെ ജീവിതത്തിന്റെ കര്‍മ്മമേഖലകളിലേക്ക് യാത്ര ആരംഭിക്കാം. ആത്മാക്കളുടെ വലിയ കൊയ്ത്താണ് നമ്മെ കാത്തിരിക്കുന്നത്. പെന്തക്കുസ്താ തിരുന്നാളിന്റെ പ്രാര്‍ത്ഥനാശംസകള്‍ എല്ലാവര്‍ക്കും നേരുന്നു.

ഫാ സ്റ്റാലിന്‍ OFM. Cap

484 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691