ആറ്റിന്‍കരയോരത്ത്...
ഇഞ്ചോടി

ഒരു പൂമരം എപ്പോഴും പൂക്കള്‍ തരുന്നില്ല. ഒരു ഫലവൃക്ഷവും എപ്പോഴും ഫലങ്ങള്‍ നല്‍കുന്നില്ല. അത് അതിനു നിശ്ചയിക്കപ്പെട്ട സമയത്തുമാത്രം പൂമരങ്ങള്‍ പൂക്കുകയും ഫലവൃക്ഷങ്ങള്‍ കായ്ക്കുകയും ചെയ്യുന്നു. എന്നാല്‍ വേനല്‍ക്കാലത്തെഭയപ്പെടാതെ, ഇലകള്‍ കൊഴിയാതെ, സദാ ഫലങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിലവൃക്ഷങ്ങളെപ്പറ്റി ജറെമിയ പ്രവാചകന്റെ പുസ്തകത്തിലൂടെ നാം വായിച്ചറിയുന്നു. കാരണം, ആ വൃക്ഷങ്ങള്‍ ആറ്റുതീരത്ത് നട്ടവയാണ്. വെള്ളത്തിലേയ്ക്കാണ് അവയുടെ വേരുകളൂന്നിയിരിക്കുന്നത്. കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ എന്നത്രേ ആ വൃക്ഷങ്ങള്‍ വിളിക്കപ്പെടുന്നത്.

മുന്തിരിത്തോട്ടത്തില്‍ വച്ചുപിടിപ്പിച്ച ഒരു അത്തിവൃക്ഷത്തെ വി. ലൂക്കായുടെ സുവിശേഷത്തില്‍ നാം പരിചയപ്പെടുന്നുണ്ട്. പ്രതീക്ഷിച്ച മൂന്നു വര്‍ഷവും ഫലങ്ങളൊന്നും നല്‍കാതായപ്പോള്‍, നിലം പാഴാക്കാതെ വെട്ടിക്കളയാന്‍ തീരുമാനമെടുക്കുന്നതിനും തൊട്ടുമുന്‍പ് ചുവടു കിളച്ച്, വളമിട്ടു നോക്കുവാന്‍ ഒരു വര്‍ഷം കൂടി നല്‍കപ്പെട്ട വൃക്ഷം. ഈ പറഞ്ഞ രണ്ടു വൃക്ഷങ്ങളില്‍ ഏതാണ് ഞാന്‍? ഈ ചോദ്യം തലച്ചോറില്‍ കയറുമ്പോള്‍, ചെകിട്ടോര്‍മ്മ പോലെ ഒരു വചനമെത്തുന്നു. 'ഫലത്തില്‍ നിന്നാണ് വൃക്ഷത്തെ അറിയുക'

ന്യൂ ജനറേഷന്‍ തരംഗമാണ് ഇന്നെവിടെയും. മാറുന്ന കാലത്തിനനുസരിച്ച് സ്വയം മാറാ നാകാതിരുന്നാല്‍, പിന്തിരിപ്പെനെന്നൊ, പഴഞ്ചനെന്നോ പരിഗണിക്കപ്പെട്ട് വിസ്മൃതമാകേണ്ടിവരു മെന്നാണ് ഇന്നിന്റെ യാഥാര്‍ത്ഥ്യം. ലോകത്തിന്റെ അതിരുകള്‍ ദിനം പ്രതി വിസ്തൃതമാകുന്നു വെങ്കിലും, മനുഷ്യമനസ്സിന്റെ അതിരുകള്‍ ചുരങ്ങി ചെറുതായിക്കൊണ്ടേയിരിക്കുന്നു. വല്ലാത്ത ഈ വിരോധാഭാസത്തിന്റെ കാലഘട്ടത്തില്‍ നിന്നും നിരന്തരം ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങളായി വളരുകയെന്നതാണ് ഇന്നത്തെ യുവത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ജ്ഞാനസ്‌നാനനാളില്‍ ഓരോ ശിശുവിന്റെ ശിരസിലും വൈദികന്‍ ഒരു കൈക്കുമ്പിള്‍ വെള്ളം കോരിയൊഴിക്കുമ്പോള്‍, സത്യത്തില്‍ ശിശുഹൃദയങ്ങളിലെല്ലാം ഒരരുവി ഉറവയെടുക്കുന്നുണ്ട്. വെള്ളത്തിനു മേല്‍ ചലിച്ചുകൊണ്ടിരുന്ന ആദിചൈതന്യമായ പരിശുദ്ധാത്മാവ്, അന്നു മുതല്‍ ആ അരുവിയിലൂടെ ഒഴുകിത്തുടങ്ങും. ശിശു വളര്‍ന്നുവരുന്നതനുസരിച്ച്, വിവിധ കൂദാശകള്‍ വഴിയും, പങ്കെടുക്കുന്ന ആത്മീയശുശ്രൂകള്‍ വഴിയും ഈ നീര്‍ച്ചാലിലൂടെയുള്ള പരിശുദ്ധാത്മപ്രവാഹം ശക്തിപ്പെട്ടുവരും. വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഞാന്‍ എന്ന ശിശു ഇന്നൊരു യുവാവായി വളര്‍ന്നപ്പോഴുള്ള എന്റെ അവസ്ഥയെന്താണ്? എന്നില്‍ ഫലങ്ങളുണ്ടാകുന്നുണ്ടോ...? അതോ ഇലകള്‍ മാത്രമോ...? ഇനി ഇലകളും കൊഴിഞ്ഞു വീഴുകയാണോ...? ഉള്ളിന്റെയുള്ളിലെ ഉറവയെ മറന്നിട്ട് ജലമില്ലാത്ത പൊട്ടക്കിണറുകളിലേക്ക് ഞാനെന്റെ വേരുകള്‍ പടര്‍ത്തിയതാണ് ഈ ദുരവസ്ഥക്ക് കാരണം. വേരുകള്‍ എല്ലാം വറുതിയില്‍ നിന്നും തിരിച്ചെടുക്കണം... പന്തക്കുസ്തായും അതിനുള്ള ഒരുക്കങ്ങളുംവഴി, ഞാനെന്റെ വേരുകളെ എന്റെ തന്നെയുള്ളിലെ ഉറവകളിലേക്ക് തിരിച്ചെത്തിക്കുന്നില്ലായെങ്കില്‍, ഹാ... എനിക്കു ദുരിതം.

അഭിഷേകപ്രാര്‍ത്ഥനകള്‍ക്കിടയ്ക്ക് സ്വയംമറന്ന് നില്‍ക്കുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍ നിന്നും പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ കെട്ടിയിറക്കപ്പെടും എന്ന് ധരിക്കരുത്. ഒരു വിത്തിനുള്ളില്‍ ഒരു വൃക്ഷമുള്ളതുപോലെ നീ കാണുന്ന എന്നിലും ഞാന്‍ കാണുന്ന നിന്നിലും പരിശുദ്ധാത്മാവിന്റെ ഫലങ്ങളുണ്ട്. ഒന്ന് സ്വയം വിലയിരുത്തിയാല്‍ ചിലതെല്ലാം വളരെ പ്രകടമായും ചിലതെല്ലാം ശുഷ്‌കമായും നമ്മിലുണ്ടെന്ന് വ്യക്തമാകും. ഇല്ലാത്തവ നമ്മില്‍ ഇല്ലെന്നല്ല: അവ പ്രകടമാകുന്നില്ലെന്ന് മാത്രമേയുള്ളൂ.

ചിലസാഹചര്യങ്ങളില്‍ നമ്മുടെ മനസ്സ് ഒരു നിഷേധിയേപ്പോലെ, പ്രകോപിതമാകുമ്പോള്‍, വിവരീതഫലങ്ങള്‍ നമ്മള്‍ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ വിജയകരമായി അതിജീവിക്കുന്നതിന്, നമ്മുടെ ബലഹീനതകളെക്കുറിച്ച് നമുക്ക് തികഞ്ഞ ബോധ്യമുണ്ടായിരിക്കണം. സ്വന്തം ബലഹീനതകളെ സ്വയം അംഗീകരിക്കാന്‍ പഠിക്കണം. നമ്മുടെ പരിമിതികളില്‍, നമ്മുടെ ഉള്ളിലൊഴുകുന്ന പ്രസാദവര നദിയെക്കുറിച്ച്, അപ്പോഴാണ് നമുക്ക് ഓര്‍മ്മ വരിക. പക്ഷേ പരിശുദ്ധാത്മാവിന്റെ ആ സ്‌നേഹപ്രവാഹങ്ങളിലേക്ക് ഒന്നിറങ്ങിനില്‍ക്കേണ്ട ഉത്തര വാദിത്വം നമ്മുടേതാണ്. നിനക്ക് എന്റെ കൃപ മതിയെന്ന് വിശുദ്ധ പൗലോസിനോട് പറയപ്പെട്ടത്, അന്ന് മുതല്‍ നമ്മുടെ ജീവിതത്തിലും നിറവേറിത്തുടങ്ങുമ്പോള്‍ നമ്മള്‍ അനുഭവിച്ചറിയും. തുടര്‍ന്ന് പൗലോസിനൊപ്പം, നമ്മളും പറഞ്ഞു തുടങ്ങും; ഞാന്‍ ജീവിക്കുന്നു; എന്നാല്‍ ഞാനല്ല; ക്രിസ്തു എന്നില്‍ ജീവിക്കുന്നുവെന്ന്.

ആത്മാവിന്റെ നവഫലങ്ങളുള്ള വൃക്ഷങ്ങളായി മാറുവാന്‍, നമ്മുടെയുള്ളിലെ ആത്മനദി ഒഴുകിക്കൊണ്ടേയിരിക്കണം. കൂദാശകളും പ്രാര്‍ത്ഥനാ ശുശ്രൂഷകളും അതിനു സഹായിക്കുമെങ്കിലും, ചെയ്യേണ്ടുന്ന മറ്റൊരുകാര്യം എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിന്റെ സ്വരത്തെ ശ്രവിച്ചു തുടങ്ങുകയെന്നതാണ്. ഇതുവരെ ലോകം പറഞ്ഞതും, മുറിവേറ്റ സ്വന്തം മനസ്സ് പറഞ്ഞതും കേട്ട് ജീവിച്ച നമ്മള്‍ പരിശുദ്ധാത്മാവിന്റെ സ്വരത്തിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തിത്തുടങ്ങണം. ഇത് നിസ്സാരമായ ഒരു കാര്യമല്ല. നമ്മുടെയിടയില്‍ വളരെയധികം ബല പ്രയോഗം വേണ്ടിവരുന്ന ഒന്നാണ്. നിരന്തരം നമ്മള്‍ നമ്മോടുതന്നെയും ലോകത്തില്‍ സമാന്യ ഗതികള്‍ക്കെതിരെയും യുദ്ധം ചെയ്തുകൊണ്ടിരിക്കേണ്ടി വരും. എപ്പോഴും ജയിച്ചു മുന്നേറുന്ന യുദ്ധമായിരിക്കില്ല അത്. ഇടയ്ക്ക് ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും പയറ്റി മുന്നേറേണ്ട യുദ്ധം. ഈ യുദ്ധം ചെയ്യാന്‍ നമ്മുടെ വിരലുകളെ പരിശീലിപ്പിക്കുന്നത് ദൈവമായിരിക്കും. ആ ദൈവത്തില്‍ വീണ്ടുംവീണ്ടും ആശ്രയിച്ചാല്‍, അവസാനം വിജയിക്കുന്നത് നമ്മള്‍ തന്നെയായിരിക്കും. കാരണം വിജയം നല്‍കുന്നത് കര്‍ത്താവാണ്.

പറഞ്ഞു വന്നതിന്റെ സാരാംശം ഇത്രമാത്രമാണ്. പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടായില്ല; തിരുത്തേണ്ടവ തിരിച്ചറിഞ്ഞ് തിരുത്തിത്തുടങ്ങുകയും, ആര്‍ജ്ജിച്ചെടുക്കേണ്ടവ മനസ്സിലാക്കി അതിനായി പരിശ്രമിച്ചു തുടങ്ങുകയും വേണം. സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും തിന്മയിലേക്കുള്ള ചായ്‌വുകള്‍ക്കെതിരെ പടപൊരുതിത്തുടങ്ങുമ്പോളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തില്‍ ഒരു നവയുഗപ്പിറവി സംഭവിക്കുന്നത്. നാം പോലുമറിയാതെ നമ്മിലെ പഴയ മനുഷ്യന്‍ നമുക്കു നഷ്ടമാകുന്നതും, ഒരു പുതിയ മനുഷ്യനെ നമ്മുടെയുള്ളില്‍ അനുഭവിച്ചു തുടങ്ങുന്നതും അപ്പോഴാണ്. പരിശുദ്ധാത്മാവിന്റെ സകലഫലങ്ങളുമുള്ള വൃക്ഷങ്ങളാണ് നമ്മള്‍ നിത്യജീവിതത്തിന്റെ ഏതുവിധ അനിശ്ചിതാവസ്ഥകളിലും ഈ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ നമുക്ക് കഴിയുകയും ചെയ്യും. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദവും, അവന്‍ നമ്മുടെ നേര്‍ക്ക് ഒഴുക്കിവിടുന്ന പ്രസാദവരത്തോട് ചേര്‍ന്നുള്ള ജീവിതവുമാണ് അതിനു നമ്മെ സഹായിക്കുന്നത്. പരിശുദ്ധാത്മാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയോടൊപ്പം, നമ്മുടെതന്നെ ചുവടുകിളച്ച് വളമിടുന്ന പ്രയത്‌നവും ഉണ്ടായേ തീരൂ. ആറ്റുതീരത്ത് നട്ട, ഇലകള്‍ എന്നും പച്ചയായ, ആത്മഫലങ്ങളെല്ലാം വിളഞ്ഞു നില്‍ക്കുന്നവരായ് മാറാന്‍, നമുക്ക് പ്രാര്‍ത്ഥിക്കാം; ഒപ്പം അതിനുവേണ്ടി നന്നായി അദ്ധ്വാനിക്കാം.

ചെയ്യാന്‍ കഴിയുന്നത് ചെയ്യേണ്ടത്

സ്‌നേഹം- നമ്മുടെ സ്‌നേഹത്തില്‍ നിന്ന് അകന്നുമാറിയവരിലേക്കും, അകറ്റി നിറുത്തിയവരിലേക്കും തിരിച്ചുചെല്ലുക
സമാധാനം - സ്വന്തം ജീവിതസാഹചര്യങ്ങളില്‍ എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ഒന്നിനേക്കുറിച്ചും അധികമായി ചിന്തിക്കാതിരിക്കുക
ക്ഷമ - നമ്മള്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങളെന്തെല്ലാമാണെന്ന് മനസ്സിലാക്കി, അത്തരം സാഹചര്യങ്ങളില്‍ മനസാന്നിധ്യം വീണ്ടെടുത്ത് ശീലിക്കുക ദയ- മറ്റുള്ളവരുടെ പോരായ്മകളില്‍ ആവലാതിപ്പെടാതിരിക്കുക
നന്മ - മറ്റുള്ളവരുടെ ഉയര്‍ച്ചകളും സ്വന്തം സ്വപ്നങ്ങളോട് ചേര്‍ക്കുക
വിശ്വസ്തത - ഒറ്റപ്പെട്ടാലും ഒറ്റിക്കൊടുക്കപ്പെട്ടാലും മനസ്സില്‍ വിരോധം ഉറയാന്‍ അനുവദിക്കാതിരിക്കുക
സൗമ്യത - സങ്കടത്തിലും ദേഷ്യത്തിലും അസ്വസ്ഥതയിലുമായിരിക്കുമ്പോള്‍ ദൈവത്തോട് മാത്രം സംസാരിക്കുക.
ആത്മസംയമനം - ആത്മാവിനും ശരീരത്തിനും ദോഷം ചെയ്യുന്ന സ്വന്തം ഇഷ്ടങ്ങളെ വെറുത്തുതുടങ്ങുക.
ആനന്ദം - പ്രാര്‍ത്ഥിക്കുന്നതില്‍ സന്തോഷം കണ്ടെത്തുക, അപ്പോള്‍ എല്ലാം പ്രാര്‍ത്ഥനയായി മാറും

ഇഞ്ചോടിപരിശുധന്മാവിന്‍റെ ദാനങ്ങള്‍

ജോര്‍ജ്ജ് സി ചാക്കോ


കര്‍ത്താവിന്റെ വരവിന് ഏതാണ്ട് 800 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏശയ്യാപ്രവാചകന്‍ പരിശുദ്ധാത്മാവിന്റെ ദാനങ്ങളെപ്പറ്റി പ്രവചിച്ചു. 'കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്' (ഏശയ്യാ 11:2)ആത്മാവിന്റെ ദാനങ്ങള്‍ ഒരാളുടെ വ്യക്തിപരമായ വികസനത്തിന് സഹായിക്കുന്നു കത്തോലിക്ക സഭ ഏഴുദാനങ്ങളെപ്പറ്റി നമ്മെ പഠിപ്പിക്കുന്നു.

ജ്ഞാനം
ദൈവത്തെപ്പറ്റിയും ദൈവീകകാര്യങ്ങളെപ്പറ്റിയും അനുഭവതലത്തിലുള്ള അറിവാണ് 'ജ്ഞാനം' എന്ന ദാനം വഴിലഭിക്കുന്നത്. പഞ്ചസാരയെപ്പറ്റി കേള്‍ക്കുന്നവന് അതിനെപ്പറ്റിയുള്ള അറിവ് ലഭിക്കുന്നത് അത് രുചിച്ചു നോക്കുമ്പോള്‍ ലഭിക്കുന്ന അനുഭവത്തിലൂടെയാണ്. പരിശുദ്ധ ത്രിത്വത്തിലെ പിതാവായദൈവത്തിലൂടെയും, രക്ഷകനായ ക്രിസ്തുവിലൂടെയും, സഹായകനായ പരിശുദ്ധാത്മാവിലൂടെയും, വെളിപ്പെടുത്തപ്പെട്ട ദൈവീകരഹസ്യങ്ങളെപ്പറ്റിയുള്ള അനുഭവതലത്തിലുള്ള അറിവാണ് ജ്ഞാനം വഴി ലഭിക്കുന്നത്. അഗ്നി ചൂടും, വെളിച്ചവും നല്‍കുന്നതുപോലെ, ഈ ദാനം ദൈവത്തെക്കുറിച്ചും, സൃഷ്ടവസ്തുക്കളെപ്പറ്റിയുള്ള അറിവും, ദൈവീകകാര്യങ്ങളില്‍ ആനന്ദവും നല്‍കുന്നു. യേശുവിന്റെ അരുമശിഷ്യനായിരുന്ന യോഹന്നാന,് ദൈവസ്‌നേഹത്തിന്റെ ശക്തമായ അനുഭവമുണ്ടായതുകൊണ്ട് 'ദൈവം സ്‌നേഹമാണ്'എന്ന് എഴുതി. സ്വര്‍ഗ്ഗീയാനുഭവം ലഭിക്കുന്ന വ്യക്തിക്ക്, മരണഭയം ഇല്ലാതാകുന്നു; വിനയം, ശാന്തത, സംയമനം എന്നീഗുണങ്ങള്‍ ഈ ദാനം ലഭിക്കുന്ന വ്യക്തികളില്‍ വളരുന്നു. ഉന്നതത്തില്‍ നിന്നുള്ള ദാനമാണ് ജ്ഞാനം. ദൈവത്തെ ഭയപ്പെടുന്നവര്‍ക്കാണ് ജ്ഞാനം ലഭിക്കുക. ദൈവഭക്തി ജ്ഞാനത്തിന്റെ ആരംഭമാണ്. ജ്ഞാനം ലഭിക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുകയും ദാഹിക്കുകയും വേണം.

ബുദ്ധി
വിശ്വാസരഹസ്യങ്ങളുടെ ആന്തരീകാര്‍ത്ഥം മനസ്സിലാക്കിത്തരുന്ന ദാനമാണ് 'ബുദ്ധി'. ദൈവീക രഹസ്യങ്ങള്‍ മാനുഷീകബുദ്ധിക്ക് മനസ്സിലാക്കാന്‍ സാധിക്കില്ലെങ്കിലും അവ യുക്തിക്ക് വിരുദ്ധമല്ലെന്ന് ബുദ്ധിയെന്ന ദാനം നമുക്ക് മനസ്സിലാക്കിത്തരുന്നു. പരിശുദ്ധാത്മാവ് വഴി ലഭിക്കുന്ന ഈ ദാനം പരിശുദ്ധത്രിത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശ്വസിക്കാന്‍ കഴിവുനല്‍കുന്നു. ഈ ദാനം ലഭിച്ചവര്‍ക്കു രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് ഞാനുണ്ടാകുമെന്ന യേശുവചനങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാവില്ല. പരിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ ഈ ദാനം കഴിവു നല്‍കുന്നു. ഈ ദാനം വഴി വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍ തുറന്നു കാണാന്‍ സാധിക്കുന്നു. പരിശുദ്ധനായവനെ അറിയുന്നതാണ് ബുദ്ധി. പരിശുദ്ധാത്മാവിനെ ബുദ്ധിയുടെ ആത്മാവ് എന്നും വിളിക്കുന്നു. വിശ്വാസപ്രമാണത്തിന്റെയും വചനത്തിന്റെയും പൊരുള്‍ വെളിപ്പെട്ട് വിശ്വാസത്തില്‍ ജീവിക്കാന്‍ ദൈവത്തോട് ബുദ്ധിയെന്ന ദാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ആലോചന
പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ വിഷമകരമായ അവസരങ്ങളില്‍ പെട്ടെന്ന് നിര്‍ദ്ദേശം നല്‍കി അനുഗ്രഹിക്കുന്ന അനുഭവത്തെയാണ് ആലോചനയെന്ന ദാനം കൊണ്ട് അര്‍ത്ഥമാക്കുന്നത് (മര്‍ക്കോസ് 13:11). ഈ ദാനം കിട്ടിയ വ്യക്തികള്‍ക്ക്, വിഷമകരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുവാന്‍വേണ്ട നിര്‍ദ്ദേശങ്ങള്‍ പരിശുദ്ധാത്മാവുവഴി നല്‍കപ്പെടുന്നു. ജീവിതഭാരത്താല്‍ വിഷമിച്ചിരിക്കുന്ന നിമിഷങ്ങളില്‍, പ്രാര്‍ത്ഥിച്ച് വചനമെടുക്കുമ്പോള്‍ ആശ്വാസവചനങ്ങള്‍ ലഭിക്കുന്നത് ഈ ദാനത്തിന്റെ പ്രവര്‍ത്തന ഫലമാണ്. ദൈവം നല്‍കുന്ന ആലോചന, വറ്റാത്ത ഉറവപോലെ സുലഭമായി ലഭിക്കുന്നു. ചോദിക്കുന്നവര്‍ക്കാണ് ഈ ദാനം ലഭിക്കുന്നത്. നമ്മെപ്പറ്റി ദൈവത്തിന് ഒരു പദ്ധതിയുണ്ട്; അത് നമ്മുടെ പക്വതയനുസരിച്ച് ദൈവത്തോട് ചോദിക്കുന്നവര്‍ക്ക് അവിടുന്ന് വെളിപ്പെടുത്തിക്കൊടുക്കുന്നു. ഗദ്‌സെമനില്‍ പ്രാര്‍ത്ഥിച്ച യേശുവിനെ ദൈവപദ്ധതി വെളിപ്പെടുത്തി ധൈര്യപ്പെടുത്തുന്ന ദൈവത്തിന്റെ പ്രവര്‍ത്തനം ഇതിനൊരു ഉത്തമോദാഹരണമാണ്.

ആത്മശക്തി
പ്രയാസമേറിയ കാര്യങ്ങള്‍പ്പോലും സന്തോഷത്തോടെ ചെയ്യുവാന്‍ മനസ്സിന് ശക്തിയും പ്രേരണയും നല്‍കുന്ന ദൈവീകദാനമാണ് 'ആത്മശക്തി'. സാധാരണ മനുഷ്യന് ചെയ്യുവാന്‍ കഴിയാത്തകാര്യങ്ങള്‍, ഈ ദാനം ലഭിച്ചവര്‍ സന്തോഷത്തോടെ ചെയ്യുകയും അതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു. ഈ ദാനം ലഭിച്ചവര്‍ പ്രയാസമേറിയ സന്ദര്‍ഭത്തിലൂടെ കടന്നുപോകുമ്പോഴും, ശാന്തരായി ജീവിതം നയിക്കുന്നവരായിരിക്കും. മോശയോടും, ജോഷ്വയോടും ദൈവം പറഞ്ഞു. 'ശക്തനും, ധീരരുമായിരിക്കുക. ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും'. ദൈവം കൂടെയുള്ള അനുഭവമുള്ളവരാണ് ശക്തരും ധീരരുമായിരിക്കുക. സഹനങ്ങളെ ധീരതയോടെ നേരിടാന്‍ ഈ ദാനം നമ്മെ ശക്തരാക്കുന്നു. ഉദാ: വി. സ്റ്റീഫന്റെ രക്തസാക്ഷിത്വം. ആത്മധൈര്യം പ്രത്യാശയിലേയ്ക്കും, പ്രത്യാശ പരിശുദ്ധാത്മാവിലുള്ള സ്‌നേഹത്തിലേയ്ക്കും നമ്മെ നയിക്കുന്നു. പ്രത്യാശയുള്ള ജീവിതം നയിക്കുവാന്‍ ഈ ദാനം നമ്മെ സഹായിക്കുന്നു.

അറിവ്
സൃഷ്ടവസ്തുക്കളും, സൃഷ്ടാവും തമ്മിലുള്ള ബന്ധം വെളിവാക്കിത്തരുന്ന ദൈവീകദാനമാണ് 'അറിവ്'. ഇത് മാനുഷികപ്രയത്‌നം വഴി ലഭിക്കുന്ന അറിവല്ല. ഈ ദാനം കൊണ്ട് ഉദ്ദേശിക്കുന്നത്, മനുഷ്യപ്രയത്‌നത്തേക്കാള്‍ ദൈവത്തിന്റെ കൃപയാണ് ഈ അറിവിനു കാരണം എന്നതാണ്. ദൈവവചനം പഠിക്കാനും വ്യാഖ്യാനിക്കാനും ഈ ദാനം നമ്മെ സഹായിക്കുന്നു. ബൈബിള്‍ പ്രഘോഷണത്തിന് ഈ ദാനം വളരെ സഹായകരമാണ്. ഈ ദാനം സൃഷ്ടവസ്തുക്കളെ ദൈവത്തിന്റെ കരവേലയായിക്കാണാന്‍ നമുക്ക് കഴിവുനല്‍കുന്നു. അസീസിയിലെ വി. ഫ്രാന്‍സീസിന് എല്ലാവരെയും സഹോദരരായി കാണാന്‍ സാധിക്കുന്നത് ഈ ദാനം വഴിയാണ്. മദര്‍തെരേസ കുഷ്ഠരോഗികളില്‍ യേശുവിനെ കണ്ട് ശുശ്രൂഷിച്ചതും ഈ ദാനം വഴിയാണ്. വി.പൗലോസ് (ഫിലിപ്പി 3:8) യേശുവിന്റെ സ്‌നേഹം വിലയുള്ളതായിക്കണ്ട് മറ്റെല്ലാം ഉപേക്ഷിക്കാന്‍ ശക്തിലഭിച്ചത് അറിവ് എന്ന ഈ ദാനം വഴിയാണ്.

ദൈവഭക്തി
ദൈവത്തോട് പുത്രപുത്രി സഹജമായ സ്‌നേഹം മനസ്സില്‍ ജനിപ്പിക്കുന്ന ദാനമാണ് 'ദൈവഭക്തി'. ഈ സ്‌നേഹാനുഭവത്തില്‍ വളരുന്ന വ്യക്തികള്‍ സന്തോഷാശ്രുക്കള്‍ പൊഴിക്കുന്നു. വി. പൗലോസ്, ദൈവസ്‌നേഹത്തില്‍ നിന്നും ആര്‍ക്കും, ഒന്നിനും തന്നെ വേര്‍പെടുത്താന്‍ സാധിക്കുകയില്ലെന്ന് (റോമ 8:3) എഴുതിയത് ഈ ദാനം വഴിയാണ്. ദൈവാത്മാവിനാല്‍ നയിക്കപ്പെടുമ്പോഴാണ് ഒരാള്‍ക്ക് പുത്രിപുത്രബോധം ദൈവവുമായി ഉണ്ടാകുന്നത്. (റോമാ 8:15) ദൈവഭക്തിയെന്ന ദാനം ലഭിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥനാജീവിതത്തിലും ദൈവീകകാര്യങ്ങളിലും മടുപ്പ് തോന്നുകയില്ല; മറിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്നു. ജീവിച്ചിരിക്കുമ്പോള്‍ ദൈവത്തില്‍ ലയിക്കാനും, മരണംവഴിയെങ്കിലും ദൈവത്തോട് ഒന്നാകാനും അവര്‍ ആഗ്രഹിക്കുന്നു. (ഫിലിപ്പി 1:21) ദൈവഭക്തി ജ്ഞാനത്തില്‍ പരിശീലനം നല്‍കുന്നു.

ദൈവഭയം
'ദൈവഭയ'മെന്ന ദാനം, ദൈവത്തോടുള്ള ഭയമെന്നതിനേക്കാള്‍ പാപത്തോടുള്ള ഭയമാണ് അര്‍ത്ഥമാക്കുന്നത്. ദൈവത്തോടുള്ള പുത്രിപുത്ര ബന്ധം മൂലം സര്‍പ്പങ്ങളില്‍ നിന്നെന്നപോലെ പാപത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ലഭിക്കുന്ന കൃപയാണ് ദൈവഭക്തി. തന്നെ അമ്മയെക്കാള്‍ അധികമായി സ്‌നേഹിക്കുന്ന ദൈവത്തെ, പാപം മൂലം വേദനിപ്പിക്കുമോയെന്ന ഭയമാണ് ഈ ദാനം വഴി ലഭിക്കുന്നത്. അശ്രദ്ധമൂലം പാപം ചെയ്ത് നശിക്കാതിരിക്കാന്‍ ഈ ദാനം നമ്മെ സഹായിക്കുന്നു. ഈ ദാനം ലഭിച്ച വ്യക്തി ദൈവഹിതം നിറവേറ്റാന്‍ ഏതു ത്യാഗവും സഹിക്കും പാപം ചെയ്യാന്‍ തയ്യാറാവുകയുമില്ല. (അബ്രഹാമിന്റെ ബലി) ദൈവഭയം നിരന്തരമായ അനുതാപത്തിലേയ്ക്കും മാനസാന്തരത്തിലേയ്ക്കും നമ്മെ നയിക്കുന്നു. വിശുദ്ധിയില്‍ ജീവിക്കാന്‍ ഈ ദാനം സഹായിക്കുന്നു. പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ സഭയുടെ വളര്‍ച്ചയ്ക്കായിട്ടാണ് നല്‍കപ്പെട്ടിട്ടുള്ളതെങ്കില്‍, ദാനങ്ങള്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കുവേണ്ടിയാണ് നല്‍കപ്പെട്ടിരിക്കുന്നത് ഇതിന്റെ ലക്ഷ്യം വി.പൗലോശ്ലീഹാ ഇപ്രകാരം വിവരിക്കുന്നു. 'അവന്‍ ചിലര്‍ക്ക് അപ്പസ്‌തോലന്‍മാരും, പ്രവാചകന്‍മാരും സുവിശേഷ പ്രഘോഷകരും ഇടയന്മാരും പ്രബോധകരുമാകാന്‍ വരം നല്‍കി. ഇത് വിശുദ്ധരെ പരിപൂര്‍ണ്ണരാക്കുന്നതിനും, ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്, വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂര്‍ണ്ണതയുടെ അളവനുസരിച്ച് പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു' (എഫേ 4:11-13). ദാഹിക്കുന്നവര്‍ക്കാണ് പരിശുദ്ധാത്മാവിനെ ലഭിക്കുന്നത്, ആയതിനാല്‍ പരിശുദ്ധാത്മാവിനായി നമുക്കും ദാഹിക്കാം, പ്രാര്‍ത്ഥിക്കാം, അങ്ങനെ ആത്മനിറവ് പ്രാപിക്കാം.

1401 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141694