കുമ്പസാരം
ലിജിയ

അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും കൂദാശ

'എന്നാല്‍ നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്ഥനും, നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും' (യോഹ 1:9) ദൈവം മനുഷ്യവര്‍ഗ്ഗത്തോടുള്ള തന്റെ അനന്തമായ സ്‌നേഹവും കാരുണ്യവും പ്രകടമാക്കുന്നതിനുവേണ്ടി സ്ഥാപിച്ച ഏറ്റവും മനോഹരമായ കുദാശകളിലൊന്നാണ് കുമ്പസാരം. പാപമോചനത്തിനും, സഭയും ദൈവവുമായി അനുരഞ്ജനത്തിലേര്‍പ്പെടുന്നതിനുമുള്ള ഏകമാര്‍ഗ്ഗം. കുമ്പസാരത്തിലൂടെ നാം പാപങ്ങള്‍ കഴുകിക്കളയുക മാത്രമല്ല, ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുകയും ദൃഢപ്പെടുത്തുകയും ചെയ്യുന്നു. 'ക്രിസ്തു തന്റെ സഭയിലെ പാപികളായ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി സര്‍വ്വോപരി, മാമ്മോദീസക്കുശേഷം മാരകപാപത്തില്‍ വീഴുകയും, അങ്ങനെ മാമ്മോദീസയിലെ കൃപാവരം നഷ്ടപ്പെടുത്തുകയും, സഭാത്മകസംസര്‍ഗ്ഗത്തെ വൃണപ്പെടുത്തുകയും ചെയ്തിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും വേണ്ടി അനുതാപകൂദാശ സ്ഥാപിച്ചു'. (CCC 14:46) തന്റെ പരസ്യജീവിതകാലത്ത് ഈശോ സൗഖ്യം നല്‍കിയിരുന്നത് പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടാണ്. ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് വ്യക്തമാക്കുവാന്‍ വേണ്ടിയുള്ളതായിരുന്നു ഈ അത്ഭുതങ്ങള്‍ (മത്തായി 9:6) തന്റെ ഉത്ഥാനത്തിനു ശേഷം ഈശോ ഈ അധികാരം ശിഷ്യന്‍മാര്‍ക്കു കൈമാറുന്നതായി കാണാം. 'യേശു വീണ്ടും അവരോടു പറഞ്ഞു, നിങ്ങള്‍ക്കു സമാധാനം, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവന്‍ അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും' (യോഹ 20:21-23) പിന്നീട് ശിഷ്യന്‍മാരില്‍ നിന്നും ഈ അധികാരം അവരുടെ പിന്‍ഗാമികളായ മെത്രാന്‍മാര്‍ക്കും, മെത്രാന്‍മാര്‍ വഴി വൈദീകര്‍ക്കും ലഭിച്ചു. അധികാരമുള്ള വൈദീകനോടു കുമ്പസാരിക്കുമ്പോള്‍ യേശുക്രിസ്തുവിന്റെ പ്രതിനിധി എന്ന നിലയിലാണ് പാപങ്ങള്‍ മോചിക്കുന്നത്. ആദിമസഭയില്‍ പുരോഹിതനോട് രഹസ്യമായി കുമ്പസാരിക്കുവാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും, രഹസ്യമായി ചെയ്തിരുന്ന പാപങ്ങള്‍ സഭയ്ക്കു മുന്നില്‍ പരസ്യമായി ഏറ്റു പറയുകയായിരുന്നു പതിവ്. പാപപരിഹാരത്തിനുവേണ്ടി അനുഷ്ഠിക്കുന്ന പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ വളരെയധികം കഠിനവും പ്രാധാന്യമര്‍ഹിക്കുന്നവയും ആയിരുന്നു. എന്നാല്‍ അന്നും ഇന്നും കുമ്പസാരം എന്ന കൂദശയുടെ അടിസ്ഥാനം ഒന്നു തന്നെയാണ്. പാപങ്ങള്‍ ഏറ്റു പറഞ്ഞ്, അവയ്ക്ക് പരിഹാരം ചെയ്തശേഷം വിശുദ്ധമായ ഒരു ഹൃദയത്തോടെവേണം പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍. 'തന്‍മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും, പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും, രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. (1കോറി 11:27) കുമ്പസാരം എന്ന കൂദാശയില്‍, ഒരു വ്യക്തി മൂന്നു ധര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്
1, അനുതാപം അഥവാ മനസ്താപം
2, പാപങ്ങളുടെ ഏറ്റുപറച്ചില്‍
3, പ്രായശ്ചിത്തവും, പരിഹാരവും കുമ്പസാരത്തിന്റെ ഫലങ്ങള്‍ ദൈവവുമായുള്ള അനുരഞ്ജനം

ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യവും, ഫലവും ദൈവത്തോടുള്ള അനുരഞ്ജനമാണ്. പാപം വഴി ദൈവവുമായുള്ള ഐക്യം നഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക്, വീണ്ടും അതിലേക്കു തിരിച്ചുവരുവാന്‍ ദൈവത്തില്‍ നിന്നുള്ള കൃപാവരം ഒന്നുകൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ. കുമ്പസാരത്തിലൂടെ ഈ കൃപാവരം നമുക്കു ലഭിക്കുന്നു. സഭയുമായുള്ള അനുരഞ്ജനം പാപംമൂലം ഒരു വ്യക്തി സഭയെ മുറിവേല്‍പ്പിക്കുന്നു. കര്‍ത്താവ് പാപം പൊറുക്കുവാനുള്ള തന്റെ അധികാരത്തില്‍ അപ്പസ്‌തോലന്‍മാര്‍ക്കു ഭാഗഭാഗിത്വം നല്‍കിക്കൊണ്ട്, പാപികളെ സഭയുമായി രമ്യതപ്പെടുത്താനുള്ള അധികാരംകൂടി അവര്‍ക്കു നല്‍കുന്നു. സമാധാനം പാപബോധം നമ്മുടെ ആന്തരീകസമാധാനവും, ആനന്ദവും നഷ്ടപ്പെടുത്തുന്നു. കുമ്പസാരത്തിലൂടെ ദൈവം നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ആത്മാവിനെ സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി സമാധാനം വീണ്ടെടുക്കാനും ദൈവവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുവാനും സാധിക്കുന്നു. മാരകപാപങ്ങള്‍ മൂലമുള്ള ശിക്ഷയില്‍നിന്നുള്ള ഇളവ് മാരകപാപങ്ങള്‍മൂലം നാം ദൈവരാജ്യത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു, നിത്യശിക്ഷയ്ക്കര്‍ഹരാകുന്നു. യഥാര്‍ത്ഥമായ മനസ്താപം, ഏറ്റുപറച്ചില്‍, പ്രായശ്ചിത്തം എന്നിവയിലൂടെ മാരകപാപം ചെയ്ത ഒരാള്‍ ക്രിസ്തുവിലേയ്ക്കു തിരിയുന്നതിലൂടെ ജീവനിലേക്കു പ്രവേശിക്കുന്നു. അങ്ങനെ നിത്യശിക്ഷയില്‍ നിന്നും ആ വ്യക്തിക്ക് ഇളവ് ലഭിക്കുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ച് ആഴമായി അറിയുവാന്‍ കുമ്പസാരം സഹായിക്കുന്നു. സ്ഥിരമായി കുമ്പസാരിക്കുന്ന ഒരു വ്യക്തിക്ക്, തന്നെക്കുറിച്ചുതന്നെ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കും. ഇതിലൂടെ അയാള്‍ എത്രബലഹീനനാണെന്നും, ജീവിതത്തില്‍ ദൈവത്തിന്റെ കരുണയും, സഹായവും എത്രമാത്രം ആവശ്യമാണെന്നും തിരിച്ചറിയാന്‍ സാധിക്കുന്നു. ഇനിയും ഒരുപാട് ഫലങ്ങള്‍ കുമ്പസാരമെന്ന കൂദാശയിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. ധൂര്‍ത്തപുത്രന്റെ തിരിച്ചുവരവിനായി കാത്തിരുന്ന സ്‌നേഹനിധിയായ ആ പിതാവിനെപ്പോലെ, നമ്മുടെ ദൈവവും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനും, ദൈവരാജ്യത്തിലേയ്ക്കു നമ്മെ ക്ഷണിക്കുവാനുംവേണ്ടി കാത്തിരിക്കുകയാണ്. നമ്മുടെ ധൂര്‍ത്തപുത്രനെപ്പോലെ അവിടുത്തെ സന്നിധിയിലെത്തി ആ സൗഖ്യത്തിന്റെ ശക്തി നമുക്കും സ്വീകരിക്കാം.

ലിജിയ

 

Image

ജീസസ്സ് യൂത്ത് ഒരു ദൈവവിളി

ഒരു ജീസസ്സ് യൂത്ത് എന്ന നിലയില്‍, മദ്യപാനം, പുകവലി, തുടങ്ങിയ പല പാപസാഹചര്യങ്ങളില്‍ നിന്നും നാം അകന്നു നില്‍ക്കുന്നു. അതിന് ദൈവം നമ്മെ സഹായിക്കുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ പലരും പലവിധത്തിലുള്ള പാപസാഹചര്യങ്ങളില്‍ മുഴുകുന്നത് നാം കാണുന്നു. അവരോട് അതു പാപമാണെന്നും അതില്‍നിന്നും പിന്തിരിയണമെന്ന് ആഹ്വാനം ചെയ്യുവാനും നാം മെനക്കെടാറില്ല; എന്തിന് നമ്മുടെ കുടുംബാംഗങ്ങളോടുപോലും നാം ഇങ്ങനെ പറയാറില്ല. അത,് അവര്‍ നമ്മളെപ്പറ്റി എന്തു വിചാരിക്കും എന്നുള്ള നമ്മുടെ തെറ്റായ മനോഭാവം കൊണ്ടുമാത്രമാണ്. ഈ മനോഭാവം, നമ്മുടെയിടയില്‍ ദിനം തോറും നമുക്കു ചെയ്യുവാന്‍ പറ്റുമായിരുന്ന ഒരു പുണ്യപ്രവര്‍ത്തിയില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു.

ഓര്‍ക്കുക, നമ്മുടെ നാഥന്‍ സ്വര്‍ഗ്ഗം വിട്ട് ഭൂമിയിലേക്ക്, നമ്മുടെയിടയിലേക്ക് നമ്മിലൊരുവനായി ഇറങ്ങിവന്നു. നമ്മെ പലവിധ പാപസാഹചര്യങ്ങളില്‍നിന്നും രക്ഷിക്കുന്നതിനും, വചനം പൂര്‍ത്തിയാക്കേണ്ടതിനും (നിവൃത്തിയാകേണ്ടതിനും) നമ്മുടെ പാപപരിഹാരത്തിനായി, ഏറ്റവും നിന്ദിതനായി, പീഢകളിലൂടെ കടന്നുപോയി; നമ്മുടെ പാപങ്ങളെ പ്രതി മരിച്ചു. അവനു പ്രവര്‍ത്തിക്കാന്‍ നമ്മുടെ കൈകള്‍, എന്തിന് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും ആവശ്യമാണ്. അതുകൊണ്ടാണ് വി. പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം പറയുന്നത് 'ജഡികപ്രവണതയ്ക്കനുസരിച്ച് ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല' (റോമ 8:8) നമ്മുടെ നല്ല ഈശോയുടെ, നല്ല സ്‌നേഹത്തെപ്രതി, പാപത്തില്‍ മുഴുകിയിരിക്കുന്നവരോട് ഒരു വാക്കുകൊണ്ടെങ്കിലും തെറ്റ് തെറ്റാണെന്ന് പറയുവാനും, അവരെ ആ സാഹചര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന അവസ്ഥകളെപ്പറ്റി അറിയുവാനും, നമ്മളാല്‍ കഴിയുന്നതരത്തില്‍ അവരെ ആശ്വസിപ്പിക്കാനും നമുക്കു കഴിഞ്ഞാല്‍ അതവര്‍ക്ക് ജീവിതത്തില്‍ ഒരുപാട് ആശ്വാസം ലഭിക്കുന്നതിനും പാപത്തെ വിട്ടകന്ന് ഈശോയുടെ കൂടെയായിരിക്കുവാനുമുള്ള ഒരു പ്രചോദനവുമായിത്തീരാം. ഒപ്പം ദൈവം നമുക്കു നല്‍കുന്ന വലിയ അനുഗ്രഹവും. 'പാപിയെ തെറ്റായ മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നവര്‍, തന്റെ ആത്മാവിനെ മരണത്തില്‍ നിന്നും രക്ഷിക്കുകയും, തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചു മാറ്റുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍' (യാക്കോബ് 5:20). 'ജീസസ്സ് യൂത്താ'യി വിളിക്കപ്പെട്ടിരിക്കുന്ന നാം, ആത്മാക്കളെ നേടുന്നതിനായി കുറച്ചു അവഹേളനങ്ങള്‍ സഹിക്കുന്നതില്‍ എന്തു കുഴപ്പമാണുള്ളത്? ഈ അവഹേളനങ്ങള്‍ നേരിടുകയും സഹിക്കുകയും ചെയ്യുന്നതു വഴി, നാം നമ്മുടെ ആത്മാവിനെ സംരക്ഷിക്കുന്നു. നമ്മുടെ രക്ഷകനായ ഈശോ സഹിച്ച പീഢകളെപ്രതി, നമ്മുടെ സുഹൃത്തുക്കളോടും, നമ്മുടെ കുടുംബാംഗങ്ങളോടും, ഈലോകം മുഴുവനോടും കരുണയായിരിക്കണമേയെന്ന് പിതാവായ ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം

സോണി

785 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690