കൃപയായ് ഒഴുകണമേ

ദൈവം താന്‍ പ്രത്യേകമായി തിരഞ്ഞെടുത്ത പ്രവാചകന്‍മാര്‍ക്കും, ന്യായാധിപന്‍മാര്‍ക്കും, രാജാക്കന്‍മാര്‍ക്കും മാത്രം അവരുടെ പ്രത്യേകദൗത്യത്തിനായി പരിശുദ്ധാത്മാവിനെ നല്‍കിയിരുന്ന ഒരു കാലഘട്ടത്തില്‍, ക്രിസ്തുവിനും 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോയേല്‍ പ്രവാചകനിലൂടെ ദൈവം പറഞ്ഞു. 'അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും, പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ വൃദ്ധന്‍മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും..... ആകാശത്തിലും ഭൂമിയിലും ഞാന്‍ അത്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും' (ജോയേല്‍ 2:28-30) പെന്തക്കുസ്താ തിരുനാളില്‍ അപ്പസ്‌തോലന്‍മാരില്‍ പരിശുദ്ധാത്മാവ് നിറഞ്ഞപ്പോള്‍ ഈ പ്രവചനം നിറവേറി. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു ലോകാവസാനത്തോളം തുടരുകയും ചെയ്യും. പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളിലൂടെ ദൈവം തന്റെ മക്കളെ നടത്തുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൂടെ ദൈവത്തിന്റെ സ്വഭാവം നമ്മളിലേക്ക് പകരുന്നു. ഇത് ആ വ്യക്തിയുടെ ആത്മീയ വളര്‍ച്ചയ്ക്ക് നല്‍കപ്പെടുന്നതാണ്. പരിശുദ്ധാത്മാവിന്റെ ശക്തിപ്രവഹിക്കുന്നത് വരദാനങ്ങളിലൂടെയാണ്. പൊതു നന്മക്കുവേണ്ടിയാണ് ഇത് നല്‍കപ്പെടുന്നത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതം സമ്പന്നമാക്കുവാനും, സാത്താനെ തോല്‍പ്പിക്കുവാനും, സഭയെ പടുത്തുയര്‍ത്തുവാനുമുള്ള ആയുധങ്ങളാണ് ഈ വരങ്ങള്‍. 'ഇത് വിശുദ്ധരെ പരിപൂര്‍ണ്ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും, ക്രിസ്തുവിന്റെ ശരീരത്തെ പടുത്തുയര്‍ത്തുന്നതിനും വേണ്ടിയാണ്' (എഫേ 4:11-12) പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ (1 കോറി 12: 411/2731)

സഹോദരരേ നിങ്ങള്‍ ആത്മീയവരങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു എന്ന മുഖവരയോടെയാണ് പൗലോശ്ലീഹാ വരങ്ങളെക്കുറിച്ച് പറയുന്നത്.
വരങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം

1 വചനവരങ്ങള്‍ (WORD GIFTS)

പ്രധാനമായും നാവിന്റെ ഉപയോഗത്തിലൂടെ പ്രകടമാക്കുന്നതിനാല്‍ ഇവയെ നാവിന്റെ സിദ്ധികള്‍ അഥവാ വചനവരങ്ങള്‍ എന്ന് പറയുന്നു. ഭാഷാവരം 'അവര്‍ വിവിധഭാഷകളില്‍ സംസാരിക്കുവാന്‍ തുടങ്ങി' (അപ്പപ്ര 2:4) ഭാഷാവരം രണ്ടു വിധത്തിലുണ്ട്

a) ഭാഷാവര പ്രാര്‍ത്ഥന / സ്തുതിപ്പ്

b) ഭാഷാവര സന്ദേശം

ഭാഷാവരത്തില്‍ പ്രാര്‍ത്ഥിക്കുവാനുള്ള വരത്തെ മറ്റു വരങ്ങളുടെ താക്കോല്‍ എന്ന് വിളിക്കാറുണ്ട്. ഇതില്‍ 'അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് നമുക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു' (റോമ 8:26). 'ഭാഷാവരത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ ആത്മാവ് നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു'. ദൈവത്തിനുള്ള സ്തുതിയും ആരാധനയുമാണ് ഭാഷാവരപ്രാര്‍ത്ഥന. അത് നമ്മുടെ ആത്മീയജീവിതത്തെ സമ്പന്നമാക്കുന്നു. ആത്മാവിന്റെ ശക്തിയില്‍ വളരാന്‍ സഹായിക്കുന്നു. ഭാഷാവരസന്ദേശമാണ് ഒരാള്‍ക്ക് ലഭിക്കുന്നതെങ്കില്‍ അതിന്റെ വ്യാഖ്യാനത്തിനായി അയാളൊ കൂട്ടായ്മയിലുള്ള മറ്റു വ്യക്തികളോ പ്രാര്‍ത്ഥിക്കണം. ഭാഷാവരത്തില്‍ എഴുതാനുള്ള വരവും പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുന്നു. പെന്തക്കുസ്താനാളില്‍ സംഭവിച്ചത് പോലെ ഒരു വ്യക്തി പറയുന്ന ഭാഷയ്ക്ക് പുറമേ, കേള്‍വിക്കാര്‍ക്ക് അവരുടെ മാതൃഭാഷയില്‍ കേള്‍ക്കുന്ന വരവും (അപ്പ 2:8), ഒരു വ്യക്തി തനിക്കറിവില്ലാത്ത കേള്‍വിക്കാരന്റെ ഭാഷയില്‍ സംസാരിക്കാനുള്ള വരവും, പരിശുദ്ധാത്മാവ് സഭയെ പടുത്തുയര്‍ത്താന്‍ നല്‍കുന്നു. വ്യാഖ്യാനവരം, ഭാഷാവരത്തിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യം വ്യാഖ്യാനിക്കാനുള്ള വരമാണ് പ്രവചനവരം/ വ്യാഖ്യാനവരം. കേള്‍വിക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ദൈവത്തിന്റെസന്ദേശം അറിയിക്കാന്‍ സാധിക്കുന്ന വരമാണ്. ആത്മീയദാനങ്ങള്‍ക്കായി പ്രത്യേകിച്ച് പ്രവചനവരത്തിനായി തീക്ഷ്ണതയോടെ ആഗ്രഹിക്കുവാന്‍ പൗലോശ്ലീഹ ആഹ്വാനം ചെയ്യുന്നു.

2. ബൗദ്ധികവരങ്ങള്‍/ വെളിപാട് വരം [Intellectual Gifts]

ba) അറിവിന്റെ വരങ്ങള്‍

വ്യക്തികളെയോ സംഭവങ്ങളെയോ സംബന്ധിച്ച ദൈവത്തിനുള്ള നിഗൂഢമായ അറിവിന്റെചെറിയൊരംശം മനുഷ്യന് വെളിപ്പെടുത്തിക്കിട്ടുന്നതാണ് ഈ വരം. മനുഷ്യന്റെ സ്വാഭാവികപരിശ്രമത്താല്‍ അല്ലാതെ ഭൂതം, ഭാവി, വര്‍ത്തമാനകാലത്തെക്കുറിച്ച് ലഭിക്കുന്ന ഈ വെളിപാട് മറ്റുള്ളവരെ സഹായിക്കാന്‍ ലഭിക്കുന്നതാണ്.

bb) ജ്ഞാനത്തിന്റെവരം

അറിവിന്റെവരം വഴി ലഭിച്ച കാര്യത്തെക്കുറിച്ചോ, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നത്തിനും, മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനും ജ്ഞാനവരം ഉപകരിക്കുന്നു. ഇത് അനേകരെ ദൈവത്തിന്റെഹിതപ്രകാരം വഴിനടത്തുവാനും മാര്‍ഗ്ഗനിര്‍ദേശം നല്‍കുവാനും ഉപകരിക്കുന്നു.

bc) വിവേചനവരം

ശരിയും തെറ്റും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള കഴിവാണ് ഇത്. അനുദിനജീവിതത്തില്‍ വേണ്ട വിവേചനം ദൈവം എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നു. എന്നാല്‍ ദൈവം പ്രത്യേകമായ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ആ ദൗത്യനിര്‍വ്വഹണത്തിനുവേണ്ടി പ്രത്യേകമായി നല്‍കുന്നതാണ് വിവേചനവരം.

3). അടയാളവരങ്ങള്‍/ ശക്തിവരങ്ങള്‍

മറ്റുള്ളവരെ വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കാന്‍ സഹായിക്കുന്ന അസാധാരണവും പ്രകടവുമായ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ലഭിക്കുന്ന വരങ്ങളാണ് ഇവ. രോഗശാന്തിവരം, അത്ഭുതപ്രവര്‍ത്തനവരം, വിശ്വാസവരം എന്നിവയാണ് അടയാളവരങ്ങള്‍. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളില്‍ മറ്റൊരാള്‍ക്ക് സൗഖ്യം നല്‍കുന്നതിന് പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്ന ശക്തിയാണ് രോഗശാന്തിവരം. വിശ്വാസത്തെ ഉറപ്പിക്കുന്നതിനും പ്രതീക്ഷാനിര്‍ഭരമായ പ്രാര്‍ത്ഥനയ്ക്ക് മറുപടി എന്ന വിധത്തിലും അസാധാരണമായ അടയാളം പ്രവര്‍ത്തിക്കാന്‍ പരിശുദ്ധാത്മാവിലൂടെ നല്‍കപ്പെടുന്ന ദാനമാണീ അത്ഭുതപ്രവര്‍ത്തനവരം. യേശു മരിച്ചവരെ ഉയിര്‍പ്പിച്ചു, അപ്പം വര്‍ദ്ധിപ്പിച്ചു. വളരെ അസാധാരണമായ സൗഖ്യം നല്‍കുന്നതിനോ പ്രത്യേകമായ വിധത്തില്‍ ദൈവശക്തി പ്രകടമാക്കുന്നതിന് വേണ്ടി നല്‍കപ്പെടുന്ന വരമാണ് വിശ്വാസവരം. യേശു പറഞ്ഞു 'ദൈവത്തില്‍ വിശ്വസിക്കുക, സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു ആരെങ്കിലും ഈ മലയോട് ഇവിടെ നിന്ന് മാറി കടലില്‍ ചെന്ന് വീഴുക എന്ന് പറയുകയും, ഹൃദയത്തില്‍ ശങ്കിക്കാതെ താന്‍ പറയുന്നത് സംഭവിക്കും എന്ന് വിശ്വസിക്കുകയും ചെയ്താല്‍ അവന് അത് സാധിച്ചുകിട്ടും' (മര്‍ക്കോസ് 11:22-23)

ഇവയ്ക്ക് പുറമേ മറ്റനേകം വരങ്ങളും സഭയിലുണ്ട്. ശുശ്രൂഷാവരം, അധ്യാപനവരം, ഉപദേശവരം, പ്രബോധനവരം, പ്രഘോഷണവരം തുടങ്ങി ദൈവരാജ്യം പടുത്തുയര്‍ത്താന്‍ അനേകവരങ്ങള്‍ പരിശുദ്ധാത്മാവ് ദൈവമക്കള്‍ക്ക് നല്‍കുന്നു.ഈ സമരഭൂവില്‍ ദൈവരാജ്യത്തിന് വേണ്ടി പടപൊരുതുവാന്‍ ആത്മാവ് ദാനമായി നല്‍കുന്ന ആയുധങ്ങളാണ് വരങ്ങള്‍. വ്യക്തികളുടെയും സഭയുടെയും നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കുന്ന വരങ്ങള്‍ നന്ദിയോടും വിനയത്തോടും സ്വീകരിക്കണം. നിസ്വാര്‍ത്ഥമായ സ്‌നേഹത്തോടും സഭയുടെ വിവേചനാധികാരത്തിന് വിധേയപ്പെട്ടും വിവേകത്തോടെ ഇവ ഉപയോഗിക്കാനുള്ള കൃപയ്ക്കായ് പ്രാര്‍ത്ഥിക്കാം.

ഈ കാലഘട്ടത്തിലെ യുവജനങ്ങള്‍ക്ക് ക്രിസ്തുവിനെ കൊടുക്കുവാന്‍, യുവജനങ്ങള്‍ക്കിടയില്‍ സഭയെ പടുത്തുയര്‍ത്തുവാന്‍, തളര്‍ന്നവര്‍ക്ക് ശക്തിപകരാന്‍ വീണവരെ കൈപിടിച്ചുയര്‍ത്തുവാന്‍, വഴി തെറ്റിയവരെ നേര്‍വഴിക്ക് നയിക്കുവാന്‍ ഹൃദയം തകര്‍ന്നവര്‍ക്ക് സാന്ത്വനം പകരാന്‍ ക്രിസ്തുവിന്റെ ശക്തിയുള്ള സാക്ഷികളാകുവാന്‍ ആത്മാവിന്റെ വരങ്ങള്‍ക്കായി ദാഹിക്കാം. പ്രാര്‍ത്ഥിക്കാം. 'ഉത്കൃഷ്ടമായ ദാനങ്ങള്‍ക്ക് വേണ്ടി തീക്ഷണമായി അഭിലഷിക്കുവിന്‍. ഉത്തമമായ മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം' (1 കോറി 12:31)

ഡികെ

539 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690