സമാധാനം നമ്മോടുകൂടെ

തിരുനാളുകളുടെ തിരുന്നാള്‍ എന്ന് അറിയപ്പെടുന്ന തിരുന്നാളാണ് ഉയിര്‍പ്പ് തിരുന്നാള്‍. ക്രിസ്തുവിന്റെ ഉത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ വളരെ അടിസ്ഥാനപരമായ ഒന്നാണ്. വിശ്വാസജീവിതത്തിന്റെ പല തലങ്ങളിലേക്കും യേശുവിന്റെ ഉത്ഥാനം വിരല്‍ ചൂണ്ടുന്നു. 'ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം' (1 കൊറി 15:14 ) എന്നും, 'ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്.......' (1 കൊറി 15:17 ) എന്നും പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുമ്പോള്‍, അതിന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കുന്നു.

1. മരിച്ചവരുടെ ഉയിര്‍പ്പ്; നിത്യജീവനെക്കുറിച്ചുള്ള പ്രത്യാശ

പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലുടനീളം ക്രിസ്തുവിന്റെ ഉത്ഥാനത്തെയും നമ്മുടെ ഉയിര്‍പ്പിനെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. പുനരുത്ഥാനത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള അടിസ്ഥാന ക്രിസ്തീയ വിശ്വാസത്തെ യേശുവിന്റെ ഉയിര്‍പ്പ് സാധൂകരിക്കുന്നു. ഇത് വളരെയേറെ പ്രത്യാശ നമുക്ക് നല്കുന്നു. അതു കൊണ്ട് തന്നെ ഉയിര്‍പ്പ് ഞായര്‍ പ്രത്യാശയുടെ ഉത്സവമാകുന്നു (1കൊറി15)

2. ശൂന്യമായ കല്ലറ

പാപത്തില്‍ മരിച്ചവരായ നമ്മുടെ പാപങ്ങള്‍ സംസ്‌ക്കരിച്ചയിടമാണ് കല്ലറ. ആ കല്ലറയില്‍ ഈശോയെ അന്വേഷിക്കുന്നവരായി തുടരുകയാണോ നാം ? ഉപേക്ഷിച്ച തഴക്കദോഷങ്ങളിലേക്ക്, പാപത്തിന്റെ അന്ധകാരമുറികളിലേക്ക് ഇടയ്ക്കിടെ എത്തിനോക്കി നൈമിഷികസുഖങ്ങള്‍ക്ക് വേണ്ടി യേശു നല്‍കുന്ന ആനന്ദം വേണ്ടെന്നു വയ്ക്കാറുണ്ടോ? ഉത്ഥിതനായ ഈശോ നല്‍കുന്ന നിത്യാനന്ദം പ്രാപിക്കാനായി നമ്മുടെ 'കല്ലറ'കള്‍ നമുക്ക് മറക്കാം. 'ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്'(ലൂക്കാ 24:05)

3. ശാശ്വതമായ സമാധാനം

ഉത്ഥിതനായ മിശിഹാ, ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുമ്പോഴൊക്കെ 'സമാധാനം' ആശംസിക്കുന്നു. മരണത്തിന് മുമ്പ് വാഗ്ദാനം ചെയ്ത 'സമാധാനം''ഞാന്‍ സമാധാനം നിങ്ങള്‍ക്ക് തന്നിട്ട് പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ലോകം നല്‍കുന്നത് പോലെയല്ല ഞാന്‍ നല്‍കുന്നത്...' (യോഹ 14:27). യുദ്ധം ഇല്ലാത്ത ഒരവസ്ഥയല്ല സമാധാനം. കാറ്റിലും കോളിലും പെട്ട് ഉലയുന്ന തോണിയിലും, ശാന്തമായ് കിടന്നുറങ്ങാന്‍ പറ്റുന്ന ഹൃദയത്തിന്റെ അവസ്ഥ. സൃഷ്ടാവില്‍ ജീവിതം സമര്‍പ്പിച്ച് വിശ്വാസത്തില്‍ അടിയുറച്ച ജീവിതാവസ്ഥ. എന്റെ ജീവിതം തമ്പുരാന്റെ പദ്ധതിപ്രകാരമാണ് നീങ്ങുന്നത് (ജറെമിയ 29: 11) എന്നും തിന്മയായി എനിക്കിന്ന് തോന്നുന്ന പലതും നന്മയ്ക്കായ് പരിണമിപ്പിക്കും (റോമ 8: 28) എന്നുമുള്ള ആഴമേറിയ ബോദ്ധ്യത്തിലൂന്നിയുള്ള യാത്ര. ആ ശാന്തതയിലേക്കാണ്, സമാധാനത്തിലേക്കാണ് യേശു നമ്മെ വിളിക്കുന്നത്.

4. ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള ജീവിതക്രമം

യേശുവിനെ ദ്രോഹിച്ചവര്‍ അനേകം. എന്നന്നേയ്ക്കുമായി ഒഴിവാക്കി എന്ന് ചിന്തിച്ചു കൊന്നവര്‍. ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം ഈശോ അവരുടെ മുമ്പില്‍ ചെന്നു 'നീയൊക്കെ കൊന്ന ഞാനിതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു' എന്ന് പറഞ്ഞു ഞെളിഞ്ഞു നില്‍ക്കാനും 'മധുരപ്രതികാരത്തിനും' ഒന്നും ഈശോ മെനക്കെടുന്നില്ല. തന്റെ പിതാവ്, ഈ ഭൂമിയില്‍ ചെയ്യാന്‍ ഏല്‍പ്പിച്ച അവസാനകാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഈശോ പിന്നീടുള്ള 40 ദിവസം ഉപയോഗിക്കുന്നു. തന്റെ സുവിശേഷവേല തുടരാനായി ശിഷ്യസമൂഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കി, അവരുടെ വിശ്വാസം വര്‍ദ്ധിപ്പിച്ച്, അവര്‍ക്ക് ശക്തി നല്‍കുന്നു. വ്യക്തമായ ലക്ഷ്യം മുന്‍നിര്‍ത്തി അതിനായി പരിശ്രമിക്കുന്നവരാകണം നാം. എന്ന സന്ദേശമാണ് ഇതിലൂടെ ഈശോ നമുക്ക് നല്‍കുന്നത്

5. ആഴമേറിയ ബോദ്ധ്യം; ഉറച്ച വിശ്വാസം ശരിയായ അടിത്തറ

താന്‍ ജീവിച്ചിരുന്നപ്പോള്‍ ഉപമകള്‍ വഴിയായി, അത്ഭുതപ്രവര്‍ത്തനങ്ങള്‍ വഴിയായി ഈശോ ശിഷ്യന്മാര്‍ക്ക് ഒത്തിരിയേറെ ബോദ്ധ്യങ്ങള്‍ നല്‍കുന്നു. തന്റെ മരണത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍ പ്രവര്‍ത്തിയിലൂടെ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും തീരാത്ത സംശയങ്ങള്‍ തന്റെ ഉത്ഥാനം വഴി ദുരീകരിച്ചു നല്‍കുന്നു. വീണ്ടും ഉന്നതത്തില്‍ നിന്ന് ശക്തി സ്വീകരിക്കുന്നത് വരെ ദൗത്യവാഹകരായി പുറത്തേക്ക് പോകുന്നതില്‍ നിന്നും വിലക്കുന്നു. നമ്മുടെ മിഷനറി പ്രവര്‍ത്തനത്തിന് താങ്ങാകേണ്ട ശരിയായ അടിത്തറയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. പ്രാര്‍ത്ഥനയിലൂടെയും, വചനധ്യാനപഠനങ്ങളിലൂടെയും, കൂദാശാസ്വീകരണങ്ങളിലൂടെയും യഥാര്‍ത്ഥ ഒരുക്കത്തോടെ ഈശോയെ മറ്റുള്ളവരിലേക്ക് പകരാന്‍ നാം ഇറങ്ങിത്തിരിക്കണം.

6. ക്രിസ്തു കേന്ദ്രീകൃത ജീവിതം

'എനിക്ക് ജീവിതം ക്രിസ്തു' ആണെന്നുള്ള പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ക്ക് പല അര്‍ത്ഥതലങ്ങളുണ്ട്. നമ്മുടെ എല്ലാ പ്രവൃത്തികളും ഈശോയ്ക്കു വേണ്ടി, ഈശോയോടു കൂടി, ഈശോയോടു ചേര്‍ന്ന് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ ക്രിസ്തുവിന്റെ സഹനങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ അര്‍ത്ഥമുണ്ടാകുന്നു. ജീവിതത്തിന്റെ ചില മൂലകളില്‍ 'ഒതുക്കി' യിട്ടിരിക്കുകയാണോ നാം നമ്മുടെ തമ്പുരാനെ? സൃഷ്ടാവിനെ മറന്ന്! സൃഷ്ടികള്‍ക്ക് വേണ്ടിയും, ദാതാവിനെ മറന്ന് ദാനങ്ങള്‍ക്കായും ആണോ നമ്മുടെ ജീവിതം? ഈശോയുടെ സഹനങ്ങളും മരണവും ഉത്ഥാനവും വ്യര്‍ത്ഥമാകുന്നുവോ, നമ്മുടെ ജീവിതത്തില്‍ ?

ഈശോയുടെ ഉയിര്‍പ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്! തീര്‍ച്ചയായും നമ്മുടെ ജീവിത നവീകരണമാണ്. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ മനുഷ്യനെ ധരിക്കാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍ (എഫേ:4:22-24). ഈ ലോകത്തിന് അനുരൂപരാകാതെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടണം (റോമ 12:2). ദൃശ്യമായവയെയല്ല, അദൃശ്യമായവയെ ലക്ഷ്യമാക്കി (2 കൊറി 4:18) നമ്മുടെ ഓട്ടം നന്നായി ഓടിത്തീര്‍ക്കാം. കര്‍ത്താവില്‍ നമ്മുടെ ജോലി നിഷ്ഫലമല്ലെന്നു ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമാകാം (1 കൊറി 15:58) അതിന് ഉത്ഥിതനായ ഈശോ നാമെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

581 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899