കാല്‍വരിയിലെ ബലി

പിതാവായ ദൈവം എത്രമാത്രം ലോകത്തെ സ്‌നേഹിച്ചു എന്നതിന്റെ അടയാളമായിരുന്നു യേശുനാഥന്റെ കാല്‍വരിയിലെ പീഢാസഹനവും, കുരിശുമരണവും. 'അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' (യോഹന്നാന്‍ 3:16). പാപത്തിലേക്ക് വീണു കൊണ്ടിരിക്കുന്ന മനുഷ്യനെ, പ്രവാചകന്മാര്‍ വഴി തിരികെ വിളിക്കുന്നതും, തന്റെ സ്‌നേഹം എപ്രകാരമാണ് എന്ന് അവരിലൂടെ അരുള്‍ചെയ്യുന്നതും പഴയ നിയമത്തിലുടനീളം നമുക്ക് കാണുവാന്‍ സാധിക്കും (ഉദാ: ഏശയ്യ 49: 1516).

മനുഷ്യന്‍ തന്റെ പാപം കൊണ്ട് നിത്യനാശത്തിലേക്ക് വീഴാതെ രക്ഷ പ്രാപിക്കുന്നതിനു വേണ്ടി പിതാവായ ദൈവം, ഒരുക്കിയ പദ്ധതിയായിരുന്നു കാല്‍വരിയിലെ യേശുനാഥന്റെ ബലി. അനുസരണക്കേട് കാട്ടി ആദിമാതാപിതാക്കള്‍ പറുദീസ നഷ്ടപ്പെടുത്തി, എന്നാല്‍ യേശുനാഥന്‍ തന്റെ അനുസരണം വഴി നമ്മെ നാശത്തില്‍ നിന്നും വീണ്ടെടുത്തു (ഗലാത്തിയ 1 :4). തിന്മ നിറഞ്ഞ ഈ യുഗത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കേണ്ടതിന് നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു. പഴയ നിയമത്തില്‍ മനുഷ്യര്‍ തങ്ങളുടെ പാപപരിഹാരത്തിനും, ശുദ്ധീകരണത്തിനും വേണ്ടി മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കും (പുറപ്പാട് 24: 5). ഇസ്രായേല്‍ യുവാക്കന്മാര്‍ കര്‍ത്താവിന് ദഹനബലികളും, കാളകളെക്കൊണ്ടുള്ള സമാധാനബലികളും അര്‍പ്പിച്ചു (ഉല്‍പ്പത്തി 22: 13). എന്തെന്നാല്‍, മനുഷ്യരെ അവന്റെ എല്ലാ അശുദ്ധിയില്‍ നിന്നും വീണ്ടെടുത്തത് യേശു കാല്‍വരിയില്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടാണ് (1 പത്രോസ് 1: 18). പിതാക്കന്മാരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോ കൊണ്ടല്ല എന്ന് നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെത് പോലുള്ള ക്രിസ്തുവിന്റെ അമൂല്യമായ രക്തം കൊണ്ടത്രേ. പിതാവിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് കാല്‍വരിയില്‍ പിതാവിന്റെ ആ സ്‌നേഹം പൂര്‍ണ്ണമായി മനുഷ്യന് വെളിപ്പെടുത്തുകയും, അവനെ രക്ഷയിലേക്ക് നയിക്കുകയും ചെയ്തു. ഈ ബലിയില്‍ യേശുവിനോടൊപ്പം ദൈവത്തിന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു പരിശുദ്ധ കന്യകാ മറിയം. 'ഇതാ കര്‍ത്താവിന്റെ ദാസി' എന്ന മറുപടിയിലൂടെ ദൈവത്തിനു തന്നെ വിട്ടു കൊടുത്തു. ഇത് വഴി യേശു തന്റെ അമ്മയെ ലോകത്തിന്റെ മുഴുവന്‍ അമ്മയായ് നല്‍കുകയും ചെയ്തു.

പ്രിയമുള്ളവരെ, 2015 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ കാല്‍വരിയിലെ ബലി, ഇന്നും അള്‍ത്താരയില്‍ പുനരാവര്‍ത്തിക്കപ്പെടുന്നു. കാല്‍വരിയിലെ സ്‌നേഹം അള്‍ത്താരയില്‍ നമുക്ക് വീണ്ടും കാണുവാന്‍ സാധിക്കുന്നു. ക്രിസ്തുവിനു വേണ്ടി ഒരു ബലിയായി ജീവിക്കുവാന്‍ ഉള്ള ഒരു വെല്ലുവിളി അതോടൊപ്പം നമുക്ക് ലഭിക്കുന്നു.

രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രായര്‍ 9:22). നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. എന്നാല്‍, മനുഷ്യവംശത്തിന്റെ പാപങ്ങളുടെ മോചനത്തിന് മൃഗത്തിന്റെയും കാളക്കുട്ടിയുടെയും രക്തം മതിയായിരുന്നില്ല (ഹെബ്രായര്‍ 10: 4).

ഉല്‍പ്പത്തി പുസ്തകത്തില്‍ നമുക്ക് കാണാന്‍ സാധിക്കും, ദൈവം ആദത്തിന്റെയും ഹവ്വയുടെയും നഗ്‌നത മറയ്ക്കാന്‍ തോല് കൊണ്ട് ഉടയാടയുണ്ടാക്കി അവരെ ധരിപ്പിച്ചു. പ്രിയപ്പെട്ടവരേ, ദൈവം സൃഷ്ടിച്ച മനുഷ്യന്‍, തങ്ങളുടെ തെറ്റുകള്‍ക്ക് വേണ്ടി, തിന്മകള്‍ക്ക് വേണ്ടി, പാപങ്ങള്‍ക്ക് വേണ്ടി പിടിക്കപ്പെടുമ്പോള്‍ ദൈവത്തിന്റെ മുമ്പില്‍ ലജ്ജിതരായിത്തീരാതിരിക്കണമെങ്കില്‍, യേശുവിലൂടെ നാം പാപമോചനം സ്വീകരിക്കണം. അതിനായ് പിതാവായ ദൈവം ഒരുക്കിയതാണ് കാല്‍വരിയിലെ യേശുനാഥന്റെ ബലി.

പുതിയ നിയമത്തില്‍ പുത്രനിലൂടെ പിതാവായ ദൈവം ഈ ബലി പൂര്‍ത്തിയാക്കുന്നു. സ്‌നാപകയോഹന്നാന്‍ യേശു തന്റെ അടുക്കലേക്ക് വരുന്നത് കണ്ട് ഇപ്രകാരം വിളിച്ചു പറയുന്നു (യോഹന്നാന്‍ 1:29) ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്'. യേശു ഭൂമിയിലേക്ക് വരാനിരുന്നപ്പോള്‍ത്തന്നെ അവന് ഒരു കാര്യം അറിയാമായിരുന്നു. പിതാവ് തനിക്ക് വേണ്ടി എന്താണ് സജ്ജീകരിച്ചു വച്ചിരിക്കുന്നത് എന്ന് (ഹെബ്രായര്‍ 10: 5). അതിനാല്‍, അവന്‍ ലോകത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിചെയ്തു; ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍ അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു. കാല്‍വരിയില്‍ നമുക്കായി രക്തം ചിന്തിയ യേശു ആ രക്തത്താല്‍ ദൈവത്തിനു വേണ്ടി നമ്മേ വിലയ്ക്ക് വാങ്ങി.

എന്റെ ഈശോ
എന്നെ സ്‌നേഹിക്കും എന്റെ ഈശോയെ
ബലിവേദിയില്‍ നിന്നെ കാണുന്നു ഞാന്‍
നീചനാം എനിക്കായ് മുറിയുന്നു നീ
എന്നില്‍ അലിയാന്‍ കൊതിച്ചിടുന്നു
ഓ! എന്റെ ഈശോയെ നിന്‍ മുന്നില്‍
തോല്‍ക്കുന്നു ഞാന്‍

നിന്‍ ദിവ്യസ്‌നേഹം അവര്‍ണ്ണനീയം
നിന്നോളം ചെറുതാകാന്‍ ആവതില്ല
എന്നില്‍ നിന്ന് എന്നെ നീ അകറ്റേണമേ
നിത്യവും എന്നില്‍ നീ വസിക്കേണമേ

ഷാജു RR

480 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899