പ്രലോഭനങ്ങളെ ജയിക്കാന്‍

ഒരു കൊച്ചു പാപമെങ്കിലും ചെയ്യാതെ ഈ ലോകത്ത് ജീവിക്കുവാന്‍ പറ്റുമോ? എല്ലാവരും ആശ്ചര്യത്തോടെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. പറ്റും എന്ന് പറഞ്ഞ് ഈശോയെ ചൂണ്ടിക്കാണിച്ചാല്‍ 'ഓ അത് ഈശോയല്ലേ; ഈശോയ്ക്ക് അതിനു പറ്റും' എന്ന് നാം പറയും. ഈശോ പരിപൂര്‍ണ്ണമായും ഒരു പച്ചയായ മനുഷ്യനായാണ് ഈ ലോകത്തില്‍ ജീവിച്ചത് എന്ന യാഥാര്‍ത്ഥ്യം നമുക്ക് അറിയാമെങ്കിലും! ഈശോ തന്റെ ഒരു ദൈവത്വവും, ദൈവികശക്തിയും തനിക്കുവേണ്ടിത്തന്നെ ഉപയോഗിക്കാതെ, ഈ ലോകത്തില്‍ വച്ച് തനിക്കുണ്ടായ പ്രലോഭനങ്ങളെ തന്റെ മാനുഷിക അവസ്ഥയില്‍ത്തന്നെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ എതിര്‍ത്ത് തോല്‍പ്പിച്ചു.

നമ്മളെ നന്നായി അറിയാവുന്ന നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് വിശുദ്ധഗ്രന്ഥത്തിലൂടെ തന്നെ, ആദ്യം ചോദിച്ച ചോദ്യത്തിന് ഉത്തരമായി 'ദാനിയേല്‍' എന്നൊരു ചെറുപ്പക്കാരനെ നമുക്ക് ചൂണ്ടിക്കാണിച്ച് തരുന്നു. ഒരിക്കലും ജീവിതത്തില്‍ പാപം ചെയ്തിട്ടില്ലാത്ത മനുഷ്യനാണ് ദാനിയേല്‍. എന്നാല്‍ അതിനു ദാനിയേല്‍ ഒരിക്കലും പ്രലോഭിപ്പിക്കപ്പെടുകയോ പരീക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലാ എന്ന് അര്‍ത്ഥം ഇല്ല. 'പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍ അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്ന പോലെ നിങ്ങള്‍ പരിഭ്രമിക്കരുത്' (1 പത്രോസ് 4:13). ജീവിതത്തില്‍ എത്രയോ പരീക്ഷകള്‍ എഴുതി പാസ്സായിട്ടാണ് നാം ഇന്നായിരിക്കുന്ന ഭൗതിക അവസ്ഥയില്‍ എത്തിയത്. ഓരോ പരീക്ഷ കഴിയുമ്പോഴും നമുക്ക് അറിയാം ഇതില്‍ ജയിച്ചാല്‍ എനിക്ക് ലഭിക്കുന്ന ഒരു നേട്ടമുണ്ട്. അതിനാല്‍ ലഭിക്കുന്ന നേട്ടത്തിന്റെ വലിപ്പമനുസരിച്ച് എത്ര വലിയ പരീക്ഷകള്‍ നേരിടാനും നാം തയ്യാറാണ്. എന്നാല്‍, ആത്മീയ ജീവിതത്തില്‍ എന്തോ ഒരു അന്ധകാരം നമ്മുടെ ബുദ്ധിയെ ഈ മേഖലകയില്‍ മറച്ചുവച്ചിരിക്കുന്നു. നമുക്ക് പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് അനുഗ്രഹത്തിനുള്ള ഒരു അവസരം വരുന്നുണ്ടെന്ന് നാം ഒരിക്കലും ചിന്തിക്കാറില്ല. മറിച്ച് നിരാശപ്പെടാനും, പിറുപിറുക്കാനും, പ്രാര്‍ത്ഥന മതിയാക്കാനും കാരണമാകുകയും ചെയ്യും.

ദാനിയേലിന്റെ ജീവിതത്തിലേക്ക് തിരിച്ചുവരാം. ബാബിലോണിലെ ജനങ്ങളെ മുഴുവന്‍ കര്‍ത്താവിന്റെ നാമം അറിയിക്കുക എന്നൊരു വലിയ ദൗത്യം ദാനിയേലിനുണ്ടായിരുന്നു. ഇത് ദാനിയേലിന് അറിയില്ലായിരുന്നു. എന്നാല്‍ പിശാചിനറിയാമായിരുന്നു. അതിനാല്‍ ദാനിയേലിനായി അവന്‍ ഒരു കെണിയൊരുക്കി, വിഭവസമൃദ്ധമായ ഭക്ഷണവും വീഞ്ഞും ഒരുക്കി, അതിലൂടെ ശരീരം പുഷ്ടിപ്പെടുത്തി, ആരോഗ്യം ശക്തിപ്പെടുത്തി രാജാവിന്റെ വിശ്വസ്ഥരുടെ ഗണത്തില്‍ ഇടം ലഭിക്കാന്‍ ദാനിയേലിന് അവസരം ലഭിച്ചു. എന്നാല്‍ ദാനിയേല്‍ അതു സ്വീകരിച്ചില്ല, മറിച്ച് അവന്‍ രാജാവിനെ പ്രീതിപ്പെടുത്തുന്നതിലല്ല, ദൈവത്തെ പ്രീതിപ്പെടുത്തുന്നതിലാണ് സന്തോഷം കണ്ടെത്തിയത്. തുടര്‍ന്ന് ദാനിയലിനെ കാത്തിരുന്നത് തീച്ചൂളയും, സിംഹക്കുഴിയും, വധഭീഷണിയുമൊക്കെയായിരുന്നു. എന്നാല്‍ 'ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല' (ലൂക്കാ 10:19) എന്ന് വാഗ്ദാനം ചെയ്തവന്‍ അവന്റെ കൂടെയുണ്ടായിരുന്നു. ഓരോ പ്രതിസന്ധികളും ഓരോ പരീക്ഷകളായി മാറി. ഓരോന്നിലും ദാനിയേല്‍ ഉന്നത വിജയം നേടി. അങ്ങനെ അവന്‍ ദൈവം ഒരുക്കിയിരുന്ന അനുഗ്രഹത്തിന്റെ ഉന്നതി പ്രാപിച്ചു.

ഇന്ന് നമുക്കിഷ്ടം, നമുക്ക് നേരെ സാത്താന്‍ വച്ചു നീട്ടുന്ന ഒരു പാത്രം പയറു പായസം മാത്ര മാണ്. ഇത് ദൈവം തരുന്ന വലിയ അനുഗ്രഹമാണെന്ന് നാം കരുതുകയും ചെയ്യും. എന്നാല്‍ നമുക്ക് സംഭവിച്ച വലിയ നഷ്ടങ്ങള്‍ നാം തിരിച്ചറിയാതെ പോകുന്നു. നേട്ടങ്ങളെന്ന് നാം കരുതിയതൊക്കെ കേവലം പയറു പായസം മാത്രമായിരുന്നു. വലിയ അനുഗ്രഹങ്ങള്‍ നാം പ്രാപിക്കുന്നതില്‍ നിന്ന് നമ്മെ പ്രലോഭിപ്പിച്ച് അവ നഷ്ടപ്പെടുത്തിയ കേവലം നേട്ടങ്ങള്‍. പരിശുദ്ധാത്മാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു, നിങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കടിഞ്ഞൂല്‍ പുത്രനെ വിറ്റ ഏസാവിനെപ്പോലെയാകരുത്. പിന്നീട് അവന്‍ തിരസ്‌കരിക്കപ്പെട്ടു. കണ്ണീരോടെ അവന്‍ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കുവാന്‍ അവന് പിന്നീട് അവസരം ലഭിച്ചില്ല ( ഹെബ്രാ 12:17)

അതിനാല്‍ ബുദ്ധിയിലെ അന്ധകാരം നീക്കി, ഓരോ പ്രലോഭനങ്ങളെയും, ഒരു ക്രിക്കറ്റ് കളി പോലെ, ഓരോ ബോളും എനിക്കൊരു സിക്‌സോ, ഫോറോ നേടാനുള്ള അവസരമായി മാത്രം കാണണം. ഒരിക്കലും ഇതെന്റെ വിക്കറ്റ് തെറിപ്പിക്കും എന്ന് ചിന്തിച്ച് ഒരു ബോളും നാം പ്രതീക്ഷിക്കുന്നില്ല, ആഗ്രഹി ക്കുന്നുമില്ല.

എങ്ങനെ പ്രലോഭനങ്ങളെ അതിജീവിക്കാം

പ്രലോഭനങ്ങള്‍ എല്ലാം തന്നെ നമ്മുടെ അപ്പന്‍ നാം ജയിക്കാനായി ഒരുക്കിയിരിക്കുന്ന പരീക്ഷകളാണ്. ഇവിടെ പരീക്ഷ ഒരുക്കുന്നതും, പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നതും, നമുക്കു വേണ്ടി പരീക്ഷയെഴുതുന്നതുമെല്ലാം നമ്മുടെ ഈ അപ്പന്‍ തന്നെ. നാം വെറുതെ അപ്പന്റെ കൂടെ നിന്നു കൊടുത്താല്‍ മതി, ബാക്കിയെല്ലാം അവിടുന്ന് നമ്മളെക്കൊണ്ട് ചെയ്യിപ്പിച്ചുകൊള്ളും.

അപ്പന്റെ കൂടെ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പ്രാര്‍ത്ഥനയാണ്. ഈശോ ഇത് തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. നമ്മുടെ ജീവിതം തന്നെ ഒരു പ്രാര്‍ത്ഥനയായി മാറണം. പ്രാര്‍ത്ഥിക്കാന്‍ സമയമില്ല എന്ന് ആരും പറയാതിരിക്കട്ടെ. എന്റെ ജീവിതത്തില്‍ നിന്നും രണ്ട് കാര്യങ്ങള്‍ ഞാന്‍ പങ്കു വയ്ക്കട്ടെ. ഒന്ന്, ഞാന്‍ ഓഫീസില്‍ പോകാനായി വണ്ടിയെടുത്താല്‍ ഈശോയെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കാനായി ക്ഷണിക്കും. പിന്നീട് ഈ ഈശോ കേള്‍ക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കും, സ്തുതിക്കും, നന്ദി പറയും, സങ്കടം പറയും - മനുഷ്യര്‍ കാണ്‍കെ അവരെ പുകഴ്ത്തിപ്പറയുകയും അവരു കേള്‍ക്കാന്‍ അവരുടെ മഹത്വം വര്‍ണ്ണിക്കാനും നന്നായി അറിയാവുന്ന എനിക്ക് ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലൊ! രണ്ടാമതായി, ഓഫീസില്‍ ഏറ്റവും തിരക്കുള്ള, എത്രയും പെട്ടെന്ന് ജോലി പൂര്‍ത്തിയാക്കേണ്ട അവസരത്തില്‍ ഞാന്‍ 1 മിനിറ്റ് നേരത്തേക്ക് ജോലി നിര്‍ത്തും. എന്നിട്ട് എന്റെ ഉള്ളിലുള്ള ഈശോയെ ആരാധിക്കും അപ്പോള്‍ 'ശാന്തമാവുക ഞാന്‍ ദൈവമാണെന്നറിയുക' എന്ന് പറഞ്ഞ് ഈശോ അനുഗ്രഹിക്കും. ഞാന്‍ പ്രതീക്ഷിച്ചതിലും വേഗം ഭംഗിയായി ജോലികള്‍ പൂര്‍ത്തിയാകും.

ദാനിയേല്‍ തന്റെ ജീവിതത്തില്‍ ലോകത്തോടു 'നോ' പറഞ്ഞു. ദൈവത്തെ എങ്ങനെ പ്രീതി പ്പെടുത്താം എന്ന് മാത്രം ചിന്തിച്ചു. തത്ഫലമായി അവന്‍ ദൈവത്തെക്കരുതി ഉച്ഛിഷ്ടം പോലെ കരുതിയ ഭൗതികാനുഗ്രഹങ്ങളെല്ലാം ദാനിയേലിനെ ഇങ്ങോട്ട് തേടി വന്നു. (മത്താ 6:33). ഓരോ ദിവസവും പ്രഭാതത്തില്‍ ഉണര്‍ന്ന ഉടനെ അന്നത്തെ ദിവസത്തെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തി പരിശുദ്ധാത്മാവിനോടു ചോദിച്ചു വാങ്ങണം. പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനായി പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ കയറിയിരിക്കണം. പിന്നെ ഒരു തിന്മയും നമ്മെ തൊടുകയില്ല. അമ്മ എപ്പോഴും നമ്മെ ഈശോയോടു ചേര്‍ത്തിരുത്തും.

' യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: നിങ്ങള്‍ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു. നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു' (1 യോഹ 2:14). അതിനാല്‍ വലിയ പ്രലോഭനങ്ങളിലൂടെയും ആഗ്രഹിച്ചിട്ടും, പരിശ്രമിച്ചിട്ടും തിന്മ വിട്ടുപേക്ഷിക്കാന്‍ സാധിക്കാതെയും, നിരാശപ്പെട്ടും, സങ്കടപ്പെട്ടും ഇരിക്കുന്ന ഓരോ മക്കളും ഈ പുത്തന്‍ ബോദ്ധ്യം ഉള്‍ക്കൊള്ളട്ടെ! നിങ്ങള്‍ ശക്തരാണ്, ഈ കാലഘട്ടത്തിലെ ദാനിയേലും, ദാവീദും ഒക്കെ നിങ്ങളാണ്. നിങ്ങള്‍ക്കറിയില്ലെങ്കിലും പിശാചിനറിയാം നാളെ നിങ്ങള്‍ എന്തായിത്തീരുമെന്ന്. അതിനാല്‍ അവന്‍ നീട്ടുന്ന പയറു പായസം തട്ടിക്കളഞ്ഞ് ദൈവം തരുന്ന കടിഞ്ഞൂല്‍ പുത്രസ്ഥാനം നേടിയെടുക്കാം. പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തികളിലൊന്ന്, ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക എന്നതാണ് (യാക്കോബ് 1:27)

ഇപ്രകാരം നാം ജീവിച്ചാല്‍ ദാനിയേലിന്റെ പുസ്തകത്തില്‍ വായിക്കുന്നതുപോലെ സൂസന്ന ദൈവസന്നിധിയില്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ ദൈവം ദാനിയേലിനെ ആത്മാവിനാല്‍ നിറയ്ക്കുകയും. ദാനിയേലിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്തതുപോലെ, നമ്മെയും ദൈവം ഈ ലോകത്തില്‍, ഈ കാലഘട്ടത്തില്‍ ഒരാവശ്യം വന്നാല്‍ ഈശോയുടെ ആളായി എന്നെ ഓര്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാന്‍ ഇടവരണം. അതിനായി നമുക്ക് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം

ജീവന്‍ ജോര്‍ജ്ജ്

559 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896