കത്തോലിക്കര്‍ വിഗ്രഹാരാധകരോ?

കത്തോലിക്കരുടെ ദേവാലയങ്ങളിലും, ഭവനങ്ങളിലും ക്രിസ്തുവിന്റെയും, വിശുദ്ധരുടെയും ഫോട്ടോകളൊ രൂപങ്ങളൊ വച്ചിരിക്കുന്നത് വിഗ്രഹാരാധനയല്ലേ? വചനവിരുദ്ധമല്ലേ? എന്ന് വിമര്‍ശിക്കപ്പെടാറുണ്ട്.

ദൈവം കല്‍പ്പിച്ചു: ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്. മുകളില്‍ ആകാശത്തിലോ, താഴെ ഭൂമിയിലോ, ഭൂമിക്കടിയിലൊ, ജലത്തിലൊ ഉള്ള ഒന്നിന്റെയും പ്രതിമയൊ, സ്വരൂപമൊ നീ നിര്‍മ്മിക്കരുത്; അവയ്ക്ക് മുന്‍പില്‍ പ്രണമിക്കുകയൊ, അവയെ ആരാധിക്കുകയൊ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ് അസഹഷ്ണുവായ ദൈവമാണ് (പുറ. 20:3-5) (നിയ. 5:7-9).

ഈ വചനങ്ങള്‍ ഒറ്റ നോട്ടത്തില്‍ രൂപങ്ങള്‍, ഫോട്ടോകള്‍, പ്രതിമകള്‍ എന്നിവയെല്ലാം പരിപൂര്‍ണ്ണമായി ദൈവനിഷേധമാണെന്ന ഒരു പ്രതീതി നല്‍കിയേക്കാം. എന്നാല്‍ രൂപങ്ങളെക്കാളുപരി അവയെ കുമ്പിടുന്നതും, ദൈവമായി ആരാധിക്കുന്നതും ആണ് ദൈവം കല്പനയിലൂടെ നിരോധിക്കുന്നത്.

ഒന്നിന്റെയും രൂപം ഉണ്ടാക്കി പ്രണമിക്കുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ ദൈവം സാക്ഷ്യകൂടാരം, സാക്ഷ്യപത്രം, തിരുസാന്നിദ്ധ്യ അപ്പത്തിന്റെ മേശ, വിളക്ക്കാല്‍, ബലിപീഠം എന്നിങ്ങനെ ദൈവാരാധനയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളുടെയും നിര്‍മ്മാണത്തെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ മോശക്ക് നല്‍കുന്നുണ്ട്. (പുറ. 25:2-6)

എന്നാല്‍ യഥാര്‍ത്ഥമായ വിഗ്രഹാരാധനയെക്കുറിച്ച് ബൈബിളില്‍ കാണുന്ന ഉദാഹരണങ്ങളുണ്ട്.

1. മോശ മലയില്‍ നിന്ന് ഇറങ്ങി വരാന്‍ താമസിക്കുന്നു എന്ന് കണ്ട അക്ഷമരായ ജനം, അഹറോന്റെ ചുറ്റും കൂടി ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിതരിക എന്നാവശ്യപ്പെടുന്നു. അപ്രകാരം അവര്‍ തങ്ങളുടെ സ്വര്‍ണ്ണം ഊരിയെടുത്ത് അഹറോന് നല്‍കുന്നതും, അതുപയോഗിച്ച് കാളക്കുട്ടിയെ നിര്‍മ്മിക്കുന്നതും, അതിനെ ആരാധിക്കുന്നതും കാണുന്നുണ്ട്. (പുറ. 32:1-4) അതേക്കുറിച്ച് സങ്കീര്‍ത്തകന്‍ വേദനയോടെ പറയുന്നു: അവര്‍ ഹോറെബില്‍ വച്ച് കാളക്കുട്ടിയെ ഉണ്ടാക്കി ആ വാര്‍പ്പ് വിഗ്രഹത്തെ അവര്‍ ആരാധിച്ചു. അങ്ങനെ അവര്‍ ദൈവത്തിന് നല്‍കേണ്ട മഹത്വം പുല്ല് തിന്നുന്ന കാളയുടെ ബിംബത്തിന് നല്‍കി (സങ്കീ. 106:19-20)

2. 'സോളമന്‍ സീദോന്യരുടെ ദേവിയായ അസ്താര്‍ത്തയെയും, അമോര്യരുടെ മ്ലേശ്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. അങ്ങനെ അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ അനിഷ്ടം പ്രവര്‍ത്തിച്ചു. (1രാജ.11:5-6)

3. ഇസ്രായേല്‍ രാജാവായ ജറോബോവാം ജനം ജറുസലേമില്‍ ദൈവാരാധനക്ക് പോകാതിരിക്കാനായി വിഗ്രഹാരാധന നടപ്പിലാക്കി. (1രാജ.12:28-32)

വിഗ്രഹാരാധന ദൈവനിഷേധവും നിന്ദയും അന്ധവിശ്വാസവുമാണ്. എന്നാല്‍ ദൈവത്തിനു മാത്രം നല്‍കേണ്ട മഹത്വവും, ആരാധനയും വിഗ്രഹങ്ങള്‍ക്ക് നല്‍കിയാല്‍ അത് വിഗ്രഹാരാധനയാണ്. ഒരു രൂപത്തിനും ദൈവത്തിനു പകരം നില്‍ക്കാനാവില്ല. ഈ സത്യം പൂര്‍ണ്ണമായി അംഗീകരിക്കുന്നതോടൊപ്പം, രൂപങ്ങള്‍ക്കും ഫോട്ടോകള്‍ക്കും ചില യാഥാര്‍ത്ഥ്യങ്ങളെ ഓര്‍മ്മിപ്പിക്കാനാവും എന്നത് സത്യമാണ്. ആരാധനക്കായി രൂപങ്ങള്‍ ഉണ്ടാക്കിയാല്‍ അത് പാപമാണ്. എന്നാല്‍ ബൈബിള്‍ സത്യങ്ങളൊ, സന്മാര്‍ഗിക മൂല്യങ്ങളൊ, നല്ല സംഭവങ്ങളൊ, വിശുദ്ധരായ വ്യക്തികളെയോ ഓര്‍ക്കുന്നതിനാണെങ്കില്‍ അത് സുകൃതമാണ്.

എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു (യോഹ.14:9).

തലമുറകളോളം അദൃശ്യനായി നിലകൊണ്ട ദൈവം സമയത്തിന്റെ പൂര്‍ണ്ണതയില്‍ ദൃശ്യനായ മനുഷ്യപുത്രന്റെ ഓര്‍മ്മയിലൂടെയും, ദൈവനിവേശിതമായ ആവിഷ്‌കാരങ്ങളിലൂടെയും ദൈവം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നാം പടിപടിയായി കടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

ക്രിസ്തുവിന്റെ പീഢാസഹന കുരിശുമരണ സംഭവങ്ങള്‍ക്കു ശേഷം മനസ്സു തകര്‍ന്ന, ഹൃദയം മന്ദീഭവിച്ചു പോയ ശിഷ്യന്‍മാര്‍, എല്ലാം നഷ്ടപ്പെട്ടവരായി, ഉത്ഥാന വാര്‍ത്ത വിശ്വസിക്കാനാകാതെ എമ്മാവൂസ് ഗ്രാമത്തിലേക്ക് തിരിച്ച് നടക്കുന്നു. എന്നാല്‍ ഉത്ഥിതനായ യേശു തങ്ങളോടൊപ്പം നടന്ന് വിശുദ്ധലിഖിതം വ്യാഖ്യാനിച്ചു കൊടുക്കുകയും, തുടര്‍ന്ന് ആശീര്‍വദിച്ച അപ്പത്തിലൂടെ ആത്മാവിനെ പകര്‍ന്നു നല്‍കുകയും ചെയ്തപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കുകയും യേശുവിനെ തിരിച്ചറിയുകയും ചെയ്തു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തു (ലൂക്കാ 24:13-35)

തന്റെ ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞുപോയ പഴയ ഒരു പള്ളിയിലെ ക്രൂശുരൂപത്തിലേക്ക് നോക്കിയ വി.ഫ്രാന്‍സിസ് അസീസ്സിക്ക് ശക്തമായ മാനസാന്തരവും, സഭയെ പണിതുയര്‍ത്താ നുള്ള ദൈവവിളിയും ലഭിച്ചു.

കൊച്ചു നാളുകളില്‍ വീട്ടിലും, പള്ളിയിലുമുള്ള ചിത്രങ്ങളിലൂടെയും, രൂപങ്ങളിലൂടെയും കൂടി രക്ഷകന്റെ ആദ്യാനുഭവം ലഭിക്കുന്ന കുഞ്ഞുങ്ങള്‍, പിന്നീട് ആദ്യകുര്‍ബാനയില്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിക്കുകയും, തിരുവചനത്തിലൂടെ തങ്ങളുടെ ബുദ്ധിയിലും, ചിന്തയിലും യേശുവിനെ അറിയുകയും, അങ്ങനെ ക്രിസ്തു അനുഭവത്തില്‍ വളരുകയും ചെയ്യുന്നു.

ഇന്ദ്രീയാനുഭവങ്ങളിലൂടെ മാത്രമേ മനുഷ്യന് വിശ്വാസത്തിലേക്ക് പ്രവേശിക്കാനും, പടിപടിയായി ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാനും സാധിക്കുകയുള്ളു എന്ന് സുവിശേഷത്തിലെ നിരവധി സംഭവങ്ങളിലൂടെ വ്യക്തമാണ്.

പിന്നീട് പൂര്‍ണ്ണത പ്രാപിച്ച പലരും, ജീവിതത്തിന്റെ ഏതൊരവസ്ഥയിലും, ഏകാന്തതയിലും, നിന്ദനത്തിലും, പീഢനത്തിലും, സിംഹക്കൂട്ടിലും, കാരാഗ്രഹവാസത്തിലും, തിളക്കുന്ന എണ്ണയിലും, തീച്ചൂളയിലും ദൈവത്തെ സ്തുതിക്കുന്നതും, ആരാധിക്കുന്നതും കാണാം. ഇങ്ങനെ സാഹസികമായ വിശ്വാസ ജീവിതം നയിച്ച ധന്യാത്മാക്കളുടെ വലിയ ഒരു നിര തന്നെ സഭാചരിത്രത്തിലുടനീളം കാണാം. ക്രൂശിതരൂപം ധരിക്കുകയും, ക്രൂശിതരൂപത്തിന്റെയും, തിരുഹൃദയത്തിന്റെയും, മറ്റ് രൂപങ്ങളുടെയും മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയും, ധ്യാനിക്കുകയും ചെയ്തിരുന്ന അനേകം ധന്യാത്മാക്കള്‍ സഭാചരിത്രത്തിലുടനീളമുണ്ട്. ഇവരാരും ആ രൂപങ്ങളെയല്ല മറിച്ച് തങ്ങളുടെയുള്ളില്‍ വസിക്കുന്ന സര്‍വ്വശക്തനായ ദൈവത്തെയാണ്, ത്രീതൈ്വക ദൈവത്തെയാണ് ആരാധിച്ചത് എന്ന് വ്യക്തമാണ്. രൂപങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കുള്ള വാതിലുകള്‍ മാത്രം.

നമ്മുടെ പരിമിതമായ മനുഷ്യപ്രകൃതിയില്‍ ദൈവത്തെ കണ്ടെത്തുവാനും, അറിയുവാനും, സ്‌നേഹിക്കുവാനും നമ്മെ സഹായിക്കുന്ന എല്ലാ ദൃശ്യരൂപങ്ങളെയും നമുക്ക് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാം. ഒപ്പം അവ നമ്മെ പൂര്‍ണ്ണതയിലേക്ക് നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ത്രീതൈ്വക ദൈവത്തിന് സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

ഡോ.ബിജുമോന്‍ വര്‍ക്കി

683 Viewers

മത്തായി 5:18 :- ആകാശവും ഭൂമിയും കടുന്നു പോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തിൽ നിന്ന് വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് ഞാൻ നിങ്ങളോടു പറയുന്നു. വെളിപ്പാട് 22:18 :-ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിചേർത്താൽ ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികൾ ദൈവം അവന്റെ മേൽ അയയ്ക്കും

നിതിൻ | September 6, 2018

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896