നോമ്പുകാല ചിന്തകള്‍

വീണ്ടുമൊരു നോമ്പുകാലം കൂടി വരവായി. കരിക്കുറി പെരുന്നാള്‍, ഉപവാസം, പ്രാര്‍ത്ഥന, കുരിശിന്റെ വഴി ഒടുവില്‍ ദുഃഖവെള്ളിയും, തുടര്‍ന്ന് ഉയര്‍പ്പ് പെരുന്നാളും. എത്രയോ തവണ ഇതെല്ലാം എന്റെയും നിങ്ങളുടെയും ജീവിതത്തിലൂടെ കടന്ന് പോയതാണ്. ഇത്തവണയും ഇതെല്ലാം വരും, പോകും. അങ്ങിനെ വരികയും പോകുകയും ചെയ്താല്‍ മാത്രം മതിയോ? ഞാനും നിങ്ങളും ഇതിന്റെയെല്ലാം അഗാധമായ അര്‍ത്ഥതലങ്ങളിലേക്ക് നോക്കേണ്ട കാലമായി എന്ന തോന്നലുള്ളവര്‍ക്ക് വേണ്ടി കുറച്ച് ചിന്തകള്‍ പങ്ക് വയ്ക്കുകയാണ്.

കുഞ്ഞുനാളിലെ നിങ്ങളെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ഓര്‍ക്കാറുണ്ടോ? എത്രമാത്രം നിഷ്‌കളങ്കതയായിരുന്നു നമുക്ക്, എത്രമാത്രം കൗതുകത്തോടെയാണ് നാം ഓരോ കാര്യവും ചെയ്തിരുന്നത്. ആരോടും വലിയ പിണക്കങ്ങളില്ലാത്ത, പൊടുന്നനെ മായുന്ന കൊച്ചു കൊച്ചു പരിഭവങ്ങള്‍ മാത്രമുള്ളവരായിരുന്നു നമ്മില്‍ പലരും. വളരുന്നതിനനുസരിച്ച് നമ്മുടെ പ്രശ്‌നങ്ങളും വലുതായി. സഭാപ്രസംഗകന്റെ പുസ്തകത്തില്‍ വായിക്കുന്നത് പോലെ 'ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്ടിയാണ്' എത്രയോ ശരിയാണിത്.

ഇത്തവണത്തെ നോമ്പുകാലം ജീവിതത്തില്‍ വ്യതിയാനം വേണമെന്നാഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ആ കുഞ്ഞുനാളിലുണ്ടായിരുന്ന ഹൃദയനന്മയിലേക്ക് തിരിച്ച് നടക്കണം. ആ സരളഹൃദയത്തെ കണ്ടെത്താനൊരു മടക്കയാത്ര വേണം. നമുക്ക് ഓരോരുത്തര്‍ക്കും പരമപ്രധാനമായി വേണ്ടത് ഇതാണ്, വിട്ടുകളഞ്ഞ പല നന്മകളെയും, നല്ല ശീലങ്ങളെയും തിരിച്ച് പിടിക്കാനുള്ള മനസ്സ്. കുഞ്ഞുങ്ങളെപ്പോലെയൊന്ന് ചിരിക്കാനും, അപ്പന്റെ കൈ പിടിച്ച കുഞ്ഞ് ആകുലതകളില്ലാതെ നടക്കുമ്പോലുള്ള ഒരു സ്വസ്ഥതയും നിങ്ങളിലരാണ് കാംക്ഷിിക്കാത്തത്.

രണ്ടാമതായി ഗാഢമായി ചിന്തിച്ച് കണ്ടെത്തണം. എന്റെ ഹൃദയത്തില്‍ എവിടെയെല്ലാം, ആരോട്, എന്തിന് വേണ്ടിയാണ് വെറുപ്പും, വിദ്വേഷവും, പരിഭവവും, അസൂയയും, കുടിലതയും ജഡികതാല്‍പര്യങ്ങളും, അത്യാഗ്രഹവും, നിഗളവും എല്ലാം ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന്.

പലപ്പോഴും ഇതിന്റെയെല്ലാം മൂലകാരണം കണ്ടെത്തുമ്പോള്‍ നാം തന്നെ ലജ്ജിക്കാനാണ് സാദ്ധ്യത. കാരണം ഏറ്റം നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് മേല്‍ പണിയപ്പെട്ടതാണ് മിക്കവരുടെയും സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍.

മൂന്നാമതായി, കണ്ടെത്തലുകള്‍ക്ക് ഒടുവില്‍ ഒരു മടക്കയാത്രയുണ്ടാകണം. ക്ഷമി ക്കാനും, എഴുതിത്തള്ളാനും, മറന്നുകളയാനും, ഉള്‍ക്കൊള്ളാനുമുള്ള ഒരു വെമ്പല്‍, ഈയൊരു ചെറിയ ആഗ്രഹം മാത്രം മതി. തമ്പുരാനത് കണ്ട് ബാക്കിയുള്ളത് കൂട്ടിചേര്‍ത്ത് തരും. അതേ, എനിക്കാഗ്രഹമുണ്ടെല്‍ ക്ഷമിക്കാനുള്ള കൃപ യേശുവെന്നില്‍ ചൊരിയും.

ഈ നോമ്പുദിനങ്ങള്‍ ഞാന്‍ എന്നിലെ എന്നെ കണ്ടെത്താനും ഒരു കുഞ്ഞിന്റെ തുറവിയോടെ അപരനെ സ്‌നേഹിക്കാനും തയ്യാറാകുമ്പോള്‍ കുരിശില്‍ എനിക്കായി മരിച്ചവന്‍ എന്നെ പ്രതി സന്തോഷിക്കും. അവന്റെ ഉയിര്‍പ്പ് എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാവുകയും ചെയ്യും. പാപം നിറഞ്ഞ പഴയമനുഷ്യനെ ഉരിഞ്ഞ് മാറ്റി മറ്റൊരു ക്രിസ്തുവായി ജീവിക്കുവാന്‍ എന്നെ ഒരുക്കണമെ യേശുനാഥാ, ആമ്മേന്‍.

പ്രിയ ജോസഫ്‌

302 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 96102