വില കൊടുക്കേണ്ട ജീവന്‍

കര്‍ത്താവ് എന്നോട് അരുളിചെയ്തു, മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു (ജെറമിയ 1:5). ഓരോ വ്യക്തിയും അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുമ്പേ അറിയുന്നവന്‍ ദൈവം. മനുഷ്യനെക്കുറിച്ച് മുന്‍ധാരണയുള്ള ഏകവ്യക്തി ദൈവമാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ ആരാകും എന്ന് വ്യക്തമായി ദൈവം അറിയുന്നു. ദൈവത്തിന്റെ പ്രവൃത്തികള്‍ അദൃശ്യമാണ്. മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.

അബ്രഹാമിന് ഒരു കുഞ്ഞ് ജനിക്കും മുമ്പ് തന്നെ താന്‍ ഒരു വലിയ ജനത്തിന്റെ പിതാവാകും എന്ന് ദൈവം അവനോട് പറയുന്നു. അബ്രഹാം അതു വിശ്വസിക്കുന്നു. അതിനാല്‍തന്നെ അബ്രഹാമിനെ വിശ്വാസികളുടെയെല്ലാം പിതാവായി ഉയര്‍ത്തി. പിന്നീട് അബ്രഹാമില്‍ നിന്ന് ഇസഹാക്കും, ഇസഹാക്കില്‍ നിന്ന് ഏസാവും, യാക്കോബും ജനിക്കുന്നു. യാക്കോബില്‍ നിന്ന് 12 പൂര്‍വ്വപിതാക്കന്‍മാരും അവരുടെ വംശത്തില്‍ നിന്ന് യേശുവും 12 അപ്പസ്‌തോലന്‍മാരും, കൈവയ്പിലൂടെ നമ്മളും ദൈവജനമാകുന്നു. 'ഞാന്‍ വന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് '(യോഹ 10:10 ). ജീവന്‍ രണ്ടുവിധമുണ്ട് ആത്മാവിലുള്ള ജീവനും ശരീരത്തിന്റെ ജീവനും.

വിവാഹത്തിലൂടെ സ്ത്രീയും, പുരുഷനും ദൈവാത്മാവിനാല്‍ ഏകശരീരമായിത്തീരുന്നു. പിന്നീട് അവര്‍ രണ്ടല്ല ഒരു ശരീരമാണ്. ജീവനെ പുറപ്പെടുവിക്കുവാനുള്ള അധികാരം ദൈവം ദമ്പതിമാര്‍ക്കാണ് നല്കിയിരിക്കുന്നത്. അതിന് സമയമോ കാലമോ ഇല്ല. എങ്കിലും ചിലരെങ്കിലും സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റി വെയ്ക്കപ്പെടുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു. പല രീതിയി ലുള്ള ചെയ്യാന്‍ പാടില്ലാത്ത മേഖലകളിലേക്ക് അവര്‍ കടക്കുന്നു. അതിനാല്‍ പിന്നീട് സമൂഹത്തില്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരുടെ സംഖ്യ വര്‍ദ്ധിച്ചു വരുന്നു. മാത്രമല്ല പുരാതന കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവനെ തടയുവാനുളള മാര്‍ഗ്ഗങ്ങള്‍ അനവധിയാണ്. അതിലൊന്ന് പ്രസവം നിറുത്തുന്ന രീതിയാണ്. ഇത് സഭ അനുവദിക്കാത്ത ഒന്നാണെന്ന് നമ്മുടെ വിശ്വാസികളില്‍ പലര്‍ക്കും ഇന്നും അറിവില്ല. ഇത് മാരകപാപങ്ങളില്‍പ്പെടുന്ന ഒന്നാണ്. അതിനാല്‍ ദൈവത്തിന് ഇഷ്ടമുള്ള സമയത്ത് കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ മനുഷ്യന്‍ വിമുഖനാകുമ്പോള്‍, ദൈവം അവനില്‍ നിന്ന് മുഖം തിരിക്കുന്നു. ചില ദമ്പതിമാര്‍ക്ക് സമയത്തിന്റെ പൂര്‍ത്തിയില്‍ അബ്രഹാമിന്റെയും സാറായുടേയും പോലെ കുഞ്ഞുങ്ങളെ നല്‍കുന്നതായും കാണാം. ജീവനെ വരവേല്‍ക്കുവാന്‍ ഭാര്യ എപ്പോഴും തുറവി ഉള്ളവളായിരിക്കണം.

'നാം ഒന്ന് നമുക്ക് ഒന്ന് 'എന്ന് ചിന്ത ഉള്ളവര്‍, ആദിമ കാലഘട്ടത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്. നമ്മുടെ പൂര്‍വ്വീകരില്‍ പലരും 10ഉം, 12ഉം മക്കളുള്ള കുടുംബത്തില്‍പ്പെട്ടവരാണ്. മുതിര്‍ന്നവരാണ് താഴെയുള്ള കുഞ്ഞുങ്ങളെ നോക്കുന്നത് പോലും. മുതിര്‍ന്നവരെ കണ്ടാണ് കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. കുഞ്ഞുങ്ങളുടെ എണ്ണം അനുസരിച്ചായിരുന്നു അന്ന് പേരും പെരുമയും അളന്നിരുന്നത്. ഒത്തിരി കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ദൈവം ഒത്തിരി സമ്പത്തും അവര്‍ക്ക് നല്‍കിയിരുന്നു. ഒരു ധ്യാനഗുരു പറഞ്ഞത് ഓര്‍ക്കുന്നു. അച്ചന്റെ അടുക്കല്‍ ഒരു ക്രിസ്ത്യാനി പരാതിയുമായി വന്നു. അയാളുടെ വീട്ടില്‍ ഫലങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ല. ഉണ്ടാകുന്നത് നന്നേ കുറവ്, തൊട്ടടുത്ത വീട്ടിലെ ചേട്ടന്റെ പറമ്പില്‍ ഒത്തിരിയേറെ ഫലങ്ങള്‍ വിളയുന്നു. അതെന്താണെന്നറിയണം അയാള്‍ക്ക്. അച്ചനവരുടെ വീട്ടിലെ അംഗങ്ങളുടെ കണക്കെടുത്തു. ഈ മനുഷ്യനും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് പരാതിക്കാരന്റെ കുടുംബം. എന്നാല്‍ അടുത്ത വീട്ടിലെ വ്യക്തി 9 പേരടങ്ങുന്ന കുടുംബത്തിന്റെ നാഥനും. അപ്പോള്‍ മനസ്സിലാക്കാമല്ലോ അയാളെ ദൈവം അനുഗ്രഹിച്ചതിന്റെ കാരണം. ഇങ്ങനെ അനുഗ്രഹിക്കപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വൈദീകരും സന്യസ്തരും എല്ലാം ജനിക്കുന്നു. പല വിശുദ്ധരും ഇത്തരം കുടുംബങ്ങളില്‍ ജനിച്ചവരാണെന്ന് ചരിത്രം പഠിപ്പിക്കുന്നു.

ജീവനെ തടയുവാന്‍ മനുഷ്യാ നീ ആരാണ് ?. ഇന്ന് ഉള്ളതും നാളെ തീയില്‍ എരിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ഇത്ര മനോഹരമായി ദൈവം അലങ്കരിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ എത്ര മനോഹരമായാണ് ദൈവം മനുഷ്യ ജീവനെ അലങ്കരിക്കുന്നത്. ആ ബോധ്യത്തിലേക്ക് നാം എത്തിച്ചേരണം. നിന്റെ അമ്മ നിന്നെ വേണ്ട എന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ നീ ഇന്ന് ഈ മനോഹരഭൂമി കാണുമായിരുന്നില്ല. ജീവനും മരണവും നിന്റെ കൈകളിലാണ് വച്ചിരിക്കുന്നത് ഏത് വേണമെന്ന് നീയാണ് തീരുമാനിക്കേണ്ടത്.

ഈ അടുത്ത നാളില്‍ നടന്ന ഒരു സംഭവം ഞാനിവിടെ വിവരിക്കട്ടെ. ഒരു സ്ത്രീയുടെ 9 മാസമായപ്പോള്‍ ഒരു കുഞ്ഞും, 7-ാംമാസത്തില്‍ അടുത്ത കുഞ്ഞും ഉദരത്തില്‍ വച്ചു തന്നെ മരണമടയുന്നു. ജനിക്കും മുമ്പേ മരണപ്പെടുമ്പോള്‍ ആ അമ്മയ്ക്കുണ്ടാകുന്ന വേദന ഒന്ന് ഓര്‍ത്തു നോക്കൂ. പല വിധ ചികിത്സകള്‍ക്കുശേഷം വീണ്ടും അടുത്ത കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നു. 7-ാം മാസമായപ്പോള്‍ ഉദരത്തില്‍വച്ച് തന്നെ കുഞ്ഞ് നീലനിറമായിക്കൊണ്ടിരിക്കുന്നതായി മനസ്സിലായി. ശ്വാസോച്ഛാസം കുറഞ്ഞുവരുന്നു. ഡോക്ടര്‍മാരും ബന്ധുക്കളും കുഞ്ഞിനെ കളയുവാന്‍ നിര്‍ബന്ധിക്കുന്നു. ശ്വാസോച്ഛാസം ഉള്ള ഒരു കുഞ്ഞിനെ നശിപ്പിക്കുവാന്‍ ഒരിക്കലും ആ അമ്മ സമ്മതിക്കാതിരുന്നതിന്റെ പേരില്‍ ആ കുഞ്ഞ് ഭൂമിയില്‍ പിറക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്ന് പറഞ്ഞ കുഞ്ഞ് 3 മാസമായി ജീവിക്കുന്നു. ദൈവം തന്ന ജീവനെ ദൈവം തിരികെ എടുക്കുന്ന സമയം വരെ കാവലാളായി നില്‍ക്കുവാന്‍ ആ അമ്മയെപ്പോലെ നമുക്ക് എത്രപേര്‍ക്ക് കഴിയും?. സാഹചര്യത്തെ പഴിപറഞ്ഞിട്ട് കാര്യമില്ല. ജീവന്‍ ദൈവത്തിന്റെ ദാനമാണ്. നമ്മളും നമുക്കുണ്ടാകുന്ന മക്കളും ജീവന്റെ കാവലാളാകട്ടെ എന്ന് ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം.

പ്രീതിചേച്ചി

436 Viewers

good

anto | January 28, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899