കല്ലുകള്‍ ഓശാന വിളിക്കുമ്പോള്‍

കൊച്ചുമോന് 'ദുബായിലേക്കുള്ള വിസ' വന്നു. വീട്ടുകാരും നാട്ടുകാരും വളരെ സന്തോഷത്തോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. കാരണം വീട്ടുകാരെ സംബന്ധിച്ചിടത്തോളം ആ ജോലി അവര്‍ക്ക് അത്രയ്ക്ക് വിലപ്പെട്ടതായിരുന്നു. ഈ ഒരു നിയോഗത്തിനു വേണ്ടി കൊച്ചു മോന്റെ പിതാവ് ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി ഉള്ള തന്റെ മദ്യപാനശീലം ഉപേക്ഷിച്ച് എന്നും സന്ധ്യയ്ക്ക് കൃത്യസമയത്ത് കുടുംബാംഗങ്ങളോട് ചേര്‍ന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അമ്മ മറിയക്കുട്ടി ആകട്ടെ ഞായറാഴ്ച്ചകളില്‍ മാത്രം പങ്കെടുത്തിരുന്ന ദിവ്യബലി എല്ലാ ദിവസവും തന്റെ ദിനചര്യയുടെ ഭാഗമാക്കി. അതുപോലെ വൈകീട്ടത്തെ തന്റെ കണ്ണുനീര്‍ സീരിയലുകള്‍ അവസാനിപ്പിച്ച് ആ സമയത്ത് തന്റെ പ്രത്യേക നിയോഗപ്രാര്‍ത്ഥനകളും വിശുദ്ധ ഗ്രന്ഥ പാരായണവും കൊണ്ട് ആ ഭവനത്തെ അലങ്കരിച്ചിരുന്നു.

നാട്ടുകാരെ സംബന്ധിച്ചിടത്തോളം കൊച്ചുമോന്‍ അവര്‍ക്കെല്ലാം പ്രിയപ്പെട്ടവന്‍ ആയി രുന്നു. ഇടവക ദേവാലയത്തിലെ ദിവ്യബലിയില്‍ എല്ലാ ഞായറാഴ്ച്ചകളിലും വളരെ ഭക്തിപൂര്‍വ്വം പങ്കെടുത്തിരുന്നു. അതുപോലെ പള്ളിയിലെ യുവജന സംഘടനയിലും മറ്റെല്ലാ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വളരെ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്ന ഒരു യുവപ്രേഷിതനായിരുന്നു നാട്ടുകാരെ സംബന്ധിച്ചിടത്തോളം കൊച്ചുമോന്‍. ദുബായിലേക്ക് ജോലിക്ക് അപേക്ഷിച്ചതുമുതല്‍ തന്റെ ദിവ്യബലികളുടെ എണ്ണം കൂട്ടുകയും അങ്ങനെ കൂദാശകളിലൂടെ ലഭിക്കുന്ന ആ സ്‌നേഹവും, ശക്തിയും കൊച്ചുമോന്‍ മറ്റുള്ളവര്‍ക്ക് താനറിയാതെ തന്നെ പരിശുദ്ധാത്മാവിലൂടെ പകര്‍ന്ന് കൊടുത്തിരുന്നു. ഇതെല്ലാം കണ്ട് കൊച്ചുമോനുവേണ്ടി സ്വര്‍ഗ്ഗത്തിലുള്ള കാര്യാലയം വളരെയധികം സന്തോഷിച്ചു. കൊച്ചുമോനെ വച്ച് സ്വര്‍ഗ്ഗം ദുബായില്‍ ചെയ്യുന്ന അടുത്ത പ്രോജക്റ്റ് ആയ 'യുവാക്കള്‍ ഈശോയിലേയ്ക്ക്' എന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ അവര്‍ ആരംഭിച്ചു.

അങ്ങിനെ കൊച്ചുമോന്‍ ദുബായില്‍ എത്തി

ദുബായ് നഗരം: കൊച്ചുമോന്‍ ഇന്ന് വളരെ തിരക്കുള്ള ഒരു മനുഷ്യനാണ്. നല്ല ഒരു കമ്പനിയില്‍ നല്ല ഒരു ജോലി. സ്വന്തമായി വാഹനമുണ്ട്. മിക്ക വെള്ളിയാഴ്ച്ചകളിലും തിരക്കാണ്. പുതിയതായി കിട്ടിയ സുഹൃത്തുക്കളുടെ പാര്‍ട്ടികള്‍, മാളുകളിലൂടെ മണിക്കൂറുകള്‍ നീണ്ട ഷോപ്പിംഗ്. അങ്ങനെ പോകുന്നു കൊച്ചുമോന്റെ വെള്ളിയാഴ്ച്ചകള്‍. ശനിയാഴ്ച്ച ഇതിന്റെ യൊക്കെ ക്ഷീണം തീര്‍ക്കാനുള്ള വിശ്രമവും. ഇതിന്റെയൊക്കെ ഇടയില്‍ സമയം കിട്ടിയാല്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവ്യബലികളില്‍ പങ്കെടുത്താലായി. വിശുദ്ധ കുര്‍ബാനയുടെ സമാപന ആശീര്‍വാദം കഴിഞ്ഞാല്‍ ഉടന്‍ തിരിച്ച് വാഹനത്തിലേക്ക് ഓടുന്ന കൊച്ചുമോന് പ്രാര്‍ത്ഥനാ ഗ്രൂപ്പുകളെക്കുറിച്ചോ, യുവജനസംഘടനകളെക്കുറിച്ചോ ഒന്ന് നോക്കുവാന്‍ പോലും സമയമില്ല. കൊച്ചുമോന്റെ വീട്ടിലും അന്തരീക്ഷമാകെ മാറി. എല്ലാവര്‍ക്കും സന്തോഷം. പിതാവ് ജോര്‍ജ്ജുകുട്ടി വല്ലപ്പോഴും കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു. ഉപേക്ഷിച്ച മദ്യപാനം പതിയെ പതിയെ തുടങ്ങി. അമ്മ മറിയക്കുട്ടി സീരിയലുകള്‍ കൂടാതെ പകലന്തിയോളം ദുബായില്‍ നിന്ന് വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്നു.

പക്ഷെ ഒരിടത്ത് മാത്രം സന്തോഷമില്ല. അത് കൊച്ചുമോന്റെ സ്വര്‍ഗ്ഗത്തിലെ കാര്യാലയത്തിലാണ്. 'യുവാക്കള്‍ ഈശോയിലേയ്ക്ക്' എന്ന പ്രോജക്ട് വഴിയില്‍ മുടങ്ങിക്കിടക്കുന്നു.

ജറെമിയ 29:11-ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട് നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണ്. അത് നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'

പ്രിയപ്പെട്ടവരെ ഈയൊരു വചനം പ്രവാസികളായ നമ്മള്‍ പലപ്പോഴും പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ആശ്വസിക്കുകയും ചെയ്യുന്ന വചനമാണ്. പക്ഷെ പലപ്പോഴും ദൈവത്തിന്റെ ഈ പദ്ധതി എന്ന വാക്ക് നമ്മുടെ സാമ്പത്തിക സുരക്ഷ അല്ലെങ്കില്‍ ജോലി സുരക്ഷ എന്നിവയിലേയ്ക്ക് മാത്രമായി നമ്മള്‍ ചുരുക്കുന്നു. ശുഭമായ ഭാവി, ക്ഷേമം എന്ന വാക്കുകള്‍ക്ക് നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങി ഒരു നല്ല വീടും വെച്ച് സുരക്ഷിതമാകുക എന്ന അര്‍ത്ഥം മാത്രമാണെങ്കില്‍ ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടമായാല്‍ എന്ത് പ്രയോജനം (മത്തായി 16:26) എന്ന തിരുവചനത്തിന് അര്‍ത്ഥമില്ലാതാകും.

ഇപ്പോള്‍ നമുക്ക് ഒരു പക്ഷെ തോന്നാം, ഏയ് ഞാന്‍ ദുബായിലെത്തിയ കൊച്ചുമോന്‍ എന്ന കഥാപാത്രത്തെ പോലെയല്ല. എല്ലാ വെള്ളിയാഴ്ച്ചകളിലും ദിവ്യബലിയില്‍ പങ്കെടുക്കുന്നുണ്ട്, എല്ലാ ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അങ്ങനെ എന്റെ ആത്മാവിന്റെ സുരക്ഷ ഞാന്‍ ഉറപ്പാക്കിയിട്ടുണ്ട്. നമുക്കൊന്ന് ചിന്തിക്കാം, അതുകൊണ്ട് മാത്രം നാം സുരക്ഷിതമാണോ? അങ്ങനെയെങ്കില്‍ ക്രിസ്തു ഈ ഭൂമിയില്‍ നടത്തിയ അവസാനത്തെ വാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാകും ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍ (മത്തായി 28:20)

ഞാന്‍ പഠിച്ചത് മറ്റുള്ളവരെയും പഠിപ്പിക്കുവാന്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഏറ്റവും വലിയ പദ്ധതി എന്റെ ആത്മാവിന്റെ രക്ഷയും ഞാന്‍ വഴി മറ്റുള്ള ആത്മാക്കളുടെ രക്ഷയുമാണ്.

അതിനാല്‍ സ്വന്തം നിയോഗം എന്തെന്ന് തിരിച്ചറിഞ്ഞ് ദൈവത്തിന്റെ യഥാര്‍ത്ഥ പദ്ധതികള്‍ക്കായി നമ്മള്‍ക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം. ഒരു തിരിച്ചുവരവിനു മനസ്സുള്ളവരെ കാത്തുനില്‍ക്കുന്ന ഒരു പിതാവുണ്ട് എന്ന തിരിച്ചറിവ് നമ്മെ ബലപ്പെടുത്തണം. ആ ബലത്തില്‍ നാം മുന്നേ റണം. ഭൂതകാലമില്ലാത്ത ഒരു വിശുദ്ധനും സഭയിലുണ്ടായിട്ടില്ല. ഭാവിയില്ലാത്ത ഒരു പാപിയും ചരിത്രത്തിലുമില്ല. ദൈവം ആഗ്രഹിക്കുന്ന സമയത്ത് അവനുവേണ്ടി ഓശാന വിളിക്കാതെ നാം നിശബ്ദരായാല്‍, പകരം ഓശാന വിളിക്കാന്‍ ചില കല്ലുകളെ അവന്‍ തയ്യാറാക്കും. അപ്പോള്‍ സത്യസഭയിലെ മക്കള്‍ എന്ന് അഭിമാനിക്കുന്ന നാം തല താഴ്‌ത്തേണ്ടി വരുമോ?... ഈ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ഹൃദയത്തില്‍ നിന്നും നാം ഓരോരുത്തരും കണ്ടെത്തേണ്ടിയിരിക്കുന്നു

ഫല നിര്‍ണ്ണയത്തിനായി അവസാന വിധി ദിവസം വരെ കാത്തിരിക്കാം

മാത്യു ഈപ്പന്‍

325 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896