യൗവനം വേഗം തീരും
ഡെയ്‌സമ്മ രാജീവ്‌‍

യൗവനം മോഹനം സുന്ദരം മാധുര്യം

യുവതീ യുവാക്കളേ, യൗവനം വേഗം തീരും ആരോഗ്യം കുറഞ്ഞീടും

യൗവനത്തില്‍ നിന്‍ സൃഷ്ടി കര്‍ത്താവിന്‍

പാദം ചേര്‍ന്നീടുക...

എന്റെ യൗവനകാലത്ത് കേള്‍ക്കുകയും പാടുകയും എന്നെ സ്വാധീനിക്കുകയും ചെയ്ത ഒരു പാട്ടിന്റെ ആദ്യ വരികളാണിവ. ഇപ്പോള്‍ ഞാന്‍ മധ്യവയസ്‌കയായിക്കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 31-ന്റെ സായാഹ്നത്തില്‍ (അന്നാണെന്റെ ജന്മദിനവും) ഞാനോര്‍ത്തു; ഈ ഭൂമിയില്‍ നല്ല ഫലം പുറപ്പെടുവിക്കുവാനായി ദൈവം എനിക്കു തന്ന ആയുസ്സിന്റെ ഒരു വര്‍ഷം കൂടി കടന്ന് പോയിരിക്കുന്നു ! മനുഷ്യന്റെ ആയുസ്സ് ശരാശരി 70 ആണ്; ഏറിയാല്‍ 80. എന്റെ ആയുസ്സിന്റെ ദിനങ്ങള്‍ 17155-ഓളം കടന്ന് പോയി. ഇനി 80 വയസ്സ്‌വരെ ജീവിച്ചിരുന്നാലും 12045 ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കുന്നു. അതില്‍ ഏറെക്കാലവും മറ്റുള്ളവരെ ആശ്രയിച്ചും, രോഗാവസ്ഥയിലുമൊക്കെയായി കഴിഞ്ഞു പോകാനും ഇടയുണ്ട്.

മനുഷ്യന്റെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് അവന്റെ യൗവനം. ആരോഗ്യവും, ഉത്സാഹവും, ധൈര്യവും, സൗന്ദര്യവുമൊക്കെ അതിന്റെ ഉച്ചസ്ഥായിലായിരിക്കുന്ന സമയം. അതിനാല്‍ ഏറ്റവും നല്ല ഫലം ധാരാളം പുറപ്പെടുവിക്കുവാന്‍ സാധിക്കുന്ന സമയവും യൗവനം തന്നെ. സാധാരണയായി മനുഷ്യന്‍ ഈ കാലയളവില്‍ ധനസമ്പാദനത്തിനും, കുടുംബകാര്യങ്ങളിലുമൊക്കെയായി വളരെ തിരക്കിലായിരിക്കും. അതിനിടയില്‍ ദൈവം നമ്മില്‍ നിന്നാഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കാന്‍ നാം മറന്ന് പോകുന്നു, അല്ലെങ്കില്‍ പിന്നത്തേയ്ക്ക് നീട്ടി വയ്ക്കുന്നു. ഇനി എന്നാണ് നല്ല ഫലം പുറപ്പെടുവിക്കുവാനാകുക?

'ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദ്ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുമ്പ് യൗവന കാലത്ത് സൃഷ്ടാവിനെ സ്മരിക്കുക' (സഭാപ്രസംഗകന്‍ 12:01)

പരിശ്രമങ്ങള്‍ പരാജയപ്പെടുന്നുണ്ടോ?

നല്ല ഫലം പുറപ്പെടുവിക്കുവാനായി ഒന്നാമതായി വേണ്ട കാര്യം ശാഖകളായ നാം യേശുവായ തായ്തണ്ടിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ (യോഹ 15:3-6)

രണ്ടാമതായി ദൈവത്തിന് നമ്മെക്കുറിച്ചുള്ള സ്വപ്നം എന്തെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇതു സാധ്യമാക്കാനായി, യേശുവിന്റെ വക്ഷസില്‍ ചാരിക്കിടന്നു കൊണ്ട് അവനുമായി സംഭാഷണങ്ങള്‍ നടത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്ന യേശുവിന്റെ പ്രിയശിഷ്യനായ യോഹന്നാന് യേശുവിനോടുള്ള തുറവിയും, സ്‌നേഹ ബന്ധവും നമുക്കുമുണ്ടാകണം.

മൂന്നാമതായി ദൈവ കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക. ദൈവഹിതം നമ്മില്‍ നിറവേറാന്‍ അവന്റെ കൃപ കൂടിയേ തീരൂ.

ഇങ്ങനെ ക്രിസ്തുവിനോട് ചേര്‍ന്ന് നിന്നുകൊണ്ട് നമ്മെക്കുറിച്ച് ദൈവത്തിനുള്ള സ്വപ്നം തിരിച്ചറിഞ്ഞ് ദൈവഹിതപ്രകാരം പ്രവര്‍ത്തിക്കുവാനായുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കണ്ടെത്താനാകും. ഇങ്ങനെയുള്ള വ്യക്തികള്‍ സാവധാനം സമൂഹത്തിന്റെ ഉചഅ ആയി രൂപാന്തരപ്പെടുന്നു.

DNA

D – Divine Truth വചനമാകുന്ന സത്യത്തോട് സ്‌നേഹവും അടുപ്പവും, ആത്മാര്‍ത്ഥതയും ഉള്ളവരാകുന്നു

N – Nurturing Relationship മറ്റുള്ളവരുമായുള്ള സ്‌നേഹബന്ധവും ഐക്യവും വളര്‍ത്തുന്നു

A – Apostolic Mission അന്ധകാരമുള്ളിടത്ത് പ്രകാശമായി ലോകമെങ്ങും സുവിശേഷം എത്തിക്കുവാന്‍ സാധിക്കുന്നു.

യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ യുവാക്കളാണ് ഉത്തമം

വഴി തെറ്റിപ്പോകുവാന്‍ സാധ്യതകള്‍ കുറവായിരുന്ന കാലത്തായിരുന്നു ഞങ്ങളുടെ യൗവനം. ഇന്ന് സ്ഥിതി അതല്ല. ന്യൂ ജനറേഷന്റെ കുശാഗ്ര ബുദ്ധിയോ, സാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യമോ, ഭാഷകളിലുള്ള സാമര്‍ത്ഥ്യമോ ഇല്ലാത്ത 'പഴഞ്ചന്‍ തലമുറ'യുടെ ഉപദേശങ്ങളോ, അനുഭവസാക്ഷ്യങ്ങളോ ഇന്നത്തെ യുവാക്കള്‍ നിരസിച്ചേക്കാം. എന്നാല്‍ സ്വന്തം കൂട്ടത്തില്‍ നിന്നൊരാള്‍ സംസാരിച്ചാല്‍ / പ്രവര്‍ത്തിച്ചാല്‍ വന്‍ സ്വീകരണം ലഭിക്കാറുമുണ്ട്. ഇവിടെയാണ് ഒരു DNA യുടെ പ്രവര്‍ത്തന സാധ്യത.

പ്രേഷിത സഭയുടെ മക്കളായ നാമോരോരുത്തരും പ്രേഷിതരാണ്; അയയ്ക്കപ്പെട്ടവരാണ്; നല്ല ഇടയന്മാരാകേണ്ടവരാണ്. കള്ള ഇടയന്മാരും, കവര്‍ച്ചക്കാരും ധാരാളമുള്ള ഈ സമൂഹത്തില്‍ നല്ലയിടയന് പ്രതിസന്ധികള്‍ ധാരാളമുണ്ടാകും. എങ്കിലും ഭയപ്പെടേണ്ടതില്ല; കാരണം, ദൈവം നമ്മെ നമ്മുടെ ശത്രുക്കളേക്കാള്‍ ശക്തരാക്കും. ദാവീദ് തന്റെ കൗമാര പ്രായത്തിലാണ് ശക്തനും ഭീമാകാരനുമായ ഗോലിയാത്തിനെ വീഴ്ത്തിയത്.

കൂട്ടായ്മയുടെ ശക്തി

സമരിയാക്കാരി സ്ത്രീയെപ്പോലെ ഒറ്റയ്ക്കും നമുക്ക് ദൈവരാജ്യ വിസ്തൃതിക്കായി പ്രവര്‍ത്തിക്കാനാകും. എങ്കിലും കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ഫലം പുറപ്പെടുന്നു. പലരുടെ പലവിധ കഴിവുകളൊട് ചേര്‍ന്ന് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റ പ്രത്യേകത. സഭയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അവ അനുകരിക്കുവാന്‍ മറ്റ് സമുദായങ്ങളും, സംഘടനകളും മുന്നോട്ട് വരാറുണ്ട് എന്നത് ആശാവഹമായ കാര്യമാണ്. ഉദാഹരണത്തിന് വി. ചാവറയച്ചന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങള്‍ പല മതസംഘടനകളും അനുകരിക്കുന്നുണ്ട്.

ഒട്ടകപക്ഷിയെപ്പോലെയാകരുത്

ചുറ്റും നടക്കുന്നവ കാണാതിരിക്കാന്‍ മണലില്‍ തല പൂഴ്ത്തി നില്‍ക്കുന്ന ഒട്ടകപക്ഷിയെപ്പോലെയാകരുത് യുവാക്കള്‍. അവര്‍ ചുറ്റും നടക്കുന്നവ ശ്രദ്ധിക്കണം. ഗര്‍ഭചിദ്രം, ദയാവധം, സ്വവര്‍ഗ്ഗരതി, ദാരിദ്ര്യം, ബാലപീഢനം, സ്ത്രീപീഢനം, കപടരാഷ്ട്രീയം, മതപീഢനം, ഭീകര പ്രവര്‍ത്തനം, സാത്താന്‍സേവ..... തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ ഇന്ന് ലോകത്തില്‍ വ്യാപകമാകുന്നു. മ്ലേഛകരവും, ഹീനവുമായ തെറ്റുകളെ പലവിധ ന്യായവാദങ്ങള്‍ നിരത്തിക്കൊണ്ട് ശരിയായി ചിത്രീകരിച്ച് അവയെ നിയമാനുസൃതമാക്കുന്നു. ദൈവത്തിന്റെ സ്‌നേഹത്തിനും അവന് മനുഷ്യകുലത്തെക്കുറിച്ചുള്ള പദ്ധതിക്കും എതിരായി മനുഷ്യര്‍ നടത്തുന്ന കാര്യങ്ങള്‍ തിരുത്തേണ്ടത് ദൈവ മക്കളായ നാമോരോരുത്തരുടെയും കടമയാണ്.

'ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു' (യാക്കോ 4:17)

എല്ലാവര്‍ക്കും വിളി ലഭിച്ചിട്ടുണ്ട്. കഴിവും, ശക്തിയും ദൈവമാണ് തരുന്നത്. അവിശ്വാസം, ഭയം, അലസത, പിന്മാറല്‍, അവഗണിക്കല്‍.... ഇവയൊക്കെ സാത്താനില്‍ നിന്നു വരുന്നു. സഭയോട് ചേര്‍ന്നുനിന്നു കൊണ്ട് സഭാതനയന്മാരെ അനുസരിച്ചും, സ്‌നേഹിച്ചും, നല്ല ഫലം പുറപ്പെടുവിക്കുന്നവരാകുക. ദൈവകൃപയാല്‍ നിറഞ്ഞ് പ്രവര്‍ത്തിക്കുവാനുള്ള അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ....

ഡെയ്‌സമ്മ രാജീവ്‌‍

476 Viewers

Very well said Daisamma .Hope the message Reaches to our Youth.. The Sun is hottest at the Noon and youthfulness is the best time to produce good fruit for the Lord.. May the good Lord give the wisdom and discernment to choose the right path. God bless you

Rosemary George | April 17, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690