ക്രിസ്തു നമ്മെ കടന്നുപോകാന്‍ ഇടയാക്കരുത്

മറിയത്തിനു ദൈവദൂതന്‍ നല്കിയ ദിവ്യസന്ദേശത്തെക്കുറിച്ച് അല്ലെങ്കില്‍ മംഗലവാര്‍ത്തയെക്കുറിച്ച് നമുക്ക് ധ്യാനിക്കാം. ലോക രക്ഷകനായ ക്രിസ്തുവിന്റെ അമ്മയാകും താന്‍ എന്ന സദ്‌വാര്‍ത്ത 'ദൈവിക പ്രഭാവം' എന്നര്‍ത്ഥം വരുന്ന ഗബ്രിയേല്‍ ദൂതന്‍ മറിയത്തെ അറിയിക്കുന്നതാണ് ഈ അനുസ്മരണത്തിന്റെ പൊരുള്‍. 'നീ ഗര്‍ഭം ധരിച്ച് പുത്രനെ പ്രസവിക്കും. അവന് യേശുവെന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും, അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും' (ലൂക്ക 1: 31:32) ഇതാണ് മറിയം സ്വീകരിച്ച മംഗലവാര്‍ത്ത. ദൈവഹിതത്തിന് സമ്മതം മൂളിയ സസ്രത്തിലെ കന്യകയുടെ വ്യക്തിത്വത്തിലേയ്ക്കു നമുക്കൊന്ന് എത്തിനോക്കാം. ക്രിസ്തുവിന്റെ ജനനത്തിന് അല്ലെങ്കില്‍ ആസന്നമാകുന്ന ക്രിസ്തുമസ്സിന് ഒരുങ്ങുവാന്‍ നമ്മെ സഹായിക്കുന്ന രണ്ടു കാര്യങ്ങളാണ് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

മറിയത്തിന്റെ വിശ്വാസം ആദ്യമായി മറിയത്തിന്റെ ആഴമായ വിശ്വാസമാണ് മംഗലവാര്‍ത്തയില്‍ ശ്രദ്ധേയമാകുന്നത്. മനസ്സാ വാചാ കര്‍മ്മണാ ദൈവഹിതത്തോട് സമ്പൂര്‍ണ്ണയമായും സഹകരിച്ച മറിയത്തിന്റെ മനോഹരവും നിര്‍മ്മലവുമായ വ്യക്തിത്വം അനുകരണീയമാണ്. 'ഇതാ, കര്‍ത്താണവിന്റെ ദാസി അങ്ങേ ഹിതം പോലെ എന്നില്‍ എല്ലാം നിറവേറട്ടെ,'എന്ന് ദൈവദൂതനോട് പ്രത്യുത്തരിച്ചു കൊണ്ടാണ് തന്റെ വിശ്വാസം മറിയം വെളിപ്പെടുത്തുന്നത്. താന്‍ നല്കുന്ന സമ്മതത്തിലൂടെ, പിന്നെ ഏതു വഴിയെയാണ് സഞ്ചരിക്കേണ്ടതെന്നോ, അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വരും വരായ്കകളോ, വേദനകളോ അവള്‍ കണക്കാക്കാതെ, ദൈവഹിതത്തിന് സമ്മതം മൂളുന്നു. ദൈവത്തിന് തന്നെത്തന്നെ പൂണ്ണമായും സമര്‍പ്പിക്കുന്നു. സമ്പൂര്‍ണ്ണമായ സ്‌നേഹ സമര്‍പ്പണമാണ് മറിയത്തിന്റേത്. ഇതാണ് നമുക്ക് മാതൃകയാക്കാവുന്ന വിശ്വാസം.

ദൈവകരം കാണുവാനുള്ള കഴിവ്. രണ്ടാമതായി, കാലത്തികവിലും ചരിത്രത്തിലും ദൈവകരം കാണുവാനുള്ള മറിയത്തിന്റെ കഴിവാണ് നാം മനസ്സിലാക്കേണ്ടത്. പൗലോസ് അപ്പസ്‌തോലന്‍ വിവരിക്കുന്നതു പോലെ, 'യുഗങ്ങളുടെ നീണ്ട നിശ്ശബ്ദതയില്‍ ഒളിഞ്ഞിരിക്കുന്ന ദൈവികരഹസ്യവും പദ്ധതിയും മേരിയുടെ വിനീതവും ധീരവുമായ സമ്മതത്തിലാണ് ലോകത്ത് സാദ്ധ്യമായത്' (റോമാ 16, 25). മനുഷ്യാവതാരം അങ്ങനെയാണ് ലോകത്ത് യാഥാര്‍ത്ഥ്യമാകുന്നത്. ദൈവം നമ്മിലേയ്ക്കു കടന്നുവരുന്ന അനുയോജ്യമായ സമയത്ത് എങ്ങനെ ഉദാരമായും ഉചിതമായും അവിടുത്തോട് പ്രത്യുത്തരിക്കണം, പ്രതികരിക്കാമെന്ന് മേരി മനസ്സിലാക്കിത്തരുന്നു. അതുപോലെ.... ക്രിസ്തു നമ്മിലേയ്ക്ക് വരുന്നു!

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ചരിത്രത്തില്‍ ബത്‌ലഹേമില്‍ നടന്ന സംഭവമാണ് വീണ്ടും ക്രിസ്തുമസ്സില്‍ ആരാധനക്രമത്തിലൂടെ നാം അയവിറക്കുന്നത്, ആവര്‍ത്തിച്ച് അനുഷ്ഠിക്കുന്നത്. നസ്രത്തിലെ കന്യകയുടെ ഉദരത്തില്‍ ഉരുവായ ദൈവവചനം, ഇതാ, വീണ്ടും ക്രിസ്തുമസ്സില്‍ നമ്മിലേയ്ക്കു വരുന്നു, നമ്മുടെ ഹൃദയകവാടങ്ങളില്‍ ക്രിസ്തു വീണ്ടും മുട്ടുന്നു. ദൈവിക സ്‌നേഹത്തോടും കാരുണ്യത്തോടും വ്യക്തി ഗതമായും ആത്മാര്‍ത്ഥമായും പ്രതികരിച്ച മറിയത്തെപ്പോലെ പ്രത്യുത്തരിക്കുകയാണ് െ്രെകസ്തവരായ നമ്മുടെ വെല്ലുവിളിയും, ഈ ക്രിസ്തുമസ്സില്‍ നാം ചെയ്യേണ്ടതും. ക്രിസ്തു നമ്മുടെ ജീവിതത്തിലേ യ്ക്കു പലവട്ടം കടന്നുവരുന്നുണ്ട്. അവിടുന്ന് ദൂതന്മാരെ അയയ്ക്കുന്നുണ്ട്. മറിയത്തിന്റേതുപോലുള്ള സമ്മതം പ്രതീക്ഷിച്ചുകൊണ്ട് നമ്മുടെ ഹൃദയകവാടങ്ങളില്‍ ദൈവം വന്നു മുട്ടുന്നുണ്ട്. എന്നാല്‍ നാം അതൊന്നും അറിയുന്നില്ല. നമ്മുടേതായ ജോലികളിലും ജീവിത ബദ്ധപ്പാടുകളിലും മുഴുകിപ്പോവുകയാണ് നാം. ക്രിസ്തുമസ്സ് ഒരുക്കങ്ങളുടെ ബാഹ്യമായ തിക്കിലും തിരക്കിലുമാണ് ഇപ്പോള്‍ നാം ജീവിക്കുന്നത്. ഏതോ വിശുദ്ധന്‍ പറഞ്ഞിട്ടുള്ളതുപോലെ, 'എന്റെ ഭീതി, ദൈവമായ കര്‍ത്താവ് എന്നെ കടന്നു പോകും,' എന്നാണ്. അദ്ദേഹത്തിന്റെ ഭീതിക്കു കാരണമെന്താണ്?

അശ്രദ്ധമായ എന്റെ ജീവിതത്തില്‍, ഞാന്‍ അറിയാതെ ദൈവം കടന്നു പോകുമോ, എന്നാണ്. നന്മ ചെയ്യുവാനുള്ള തൃഷ്ണ, തീവ്രമായ ആഗ്രഹം നമ്മുടെ ഹൃദയാന്തരാളത്തിലുണ്ട്... എന്നിട്ടും ഞാന്‍ അതു ചെയ്തല്ലോ, ഇതു ചെയ്തല്ലോ.....വീണുപോയല്ലോ!! എന്നുള്ള ചിന്തകള്‍ എന്റെ മനസ്സിലേയ്ക്ക് കടന്നുവരുന്നു. അങ്ങനെ ദൈവം എന്റെ അടുത്തുവരുമ്പോള്‍, നന്മചെയ്യുവാനും...എന്റെ സഹോദര ങ്ങളുടെ അടുത്തായിരിക്കുവാനും, അങ്ങനെ ദൈവത്തോടുതന്നെ ചേര്‍ന്നിരിക്കുവാനുമുള്ള അഗ്രഹം ഉണരുന്നുണ്ട്. ഉണ്ടെങ്കില്‍ അത് അവഗണിക്കരുത്. പാപസങ്കീര്‍ത്തനം നടത്തി, കുമ്പസാരിച്ച്, മനഃശുദ്ധി വരുത്തി നമ്മിലേയ്ക്കു കടന്നുവരുന്ന ദൈവത്തെയും, അങ്ങനെ നമ്മുടെ സഹോദരങ്ങളെയും ഈ ക്രിസ്തുമസ്സില്‍ സ്വീകരിക്കാം.

നമ്മില്‍ ഉണരുന്ന ഈ ദൈവികസ്പന്ദനത്തെ അവഗണിക്കരുത്, നമ്മുടെ ഹൃദയകവാടത്തില്‍ മുട്ടുന്ന ക്രിസ്തു കടന്നുപോകുവാനോ, അവഗണിക്കപ്പെടുവാനോ ഇടയാക്കരുത്. ശ്രദ്ധിക്കുകയാണെങ്കില്‍, മറിയത്തോടൊപ്പം ഈ ദിവസങ്ങളില്‍ എവിടെയും കാണുന്ന, പുല്ക്കൂട്ടിലും കാണുന്ന അപൂര്‍വവും നിശ്ശബ്ദവുമായ വ്യക്തിത്വം ജോസഫിന്റേതാണ്. അവാച്യമായ സ്‌നേഹത്തോടെ ദൈവം നമ്മോടൊത്തു വസിച്ച യാഥാര്‍ത്ഥ്യത്തില്‍... ദൈവപുത്രനായ ക്രിസ്തുവിനെ ജീവിതത്തില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ നമ്മെ സഹായിക്കുന്ന രക്ഷാകര ചരിത്രത്തിലെ രണ്ടു വ്യക്തിത്വങ്ങളാണ് ജോസഫും മേരിയവും. ക്രിസ്തു നമ്മുടെ മദ്ധ്യേ അവതരിച്ചത് ലോകത്തിന് സമാധാനം നല്കുവാനാണ്. 'ഭൂമിയില്‍ ദൈവ കൃപ ലഭിച്ചവര്‍ക്ക് സമാധാനം, ' അതായത് ഭൂമിയില്‍ ദൈവസ്‌നേഹത്തില്‍ ജീവിക്കുന്നവര്‍ക്ക് സമാധാനമുണ്ടാകും... (ലൂക്കാ 2, 14), എന്നാണ് ദൈവദൂതന്‍ ആട്ടിടയന്മാരെ അറിയിച്ചത്. ക്രിസ്തുമസ്സിന്റെ സന്ദേശം സമാധാനമാണ്. ക്രിസ്തുവാണ് നമ്മുടെ സത്യവും യഥാര്‍ത്ഥവുമായ സമാധാനം.

അവിടുന്ന് നമ്മുടെ ഹൃദയകവാടത്തില്‍ മുട്ടിവിളിക്കുന്നത് നമ്മെ സമാധാനത്തില്‍ പങ്കുകാരാക്കുന്നതിനാണ്. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവിനായി തുറക്കാം! ഈ ക്രിസ്തുമസ്സ് ഉചിതമായി കൊണ്ടാടാന്‍..., െ്രെകസ്തവജീവിതത്തിന് ഇണങ്ങുന്ന വിധം ക്രിസ്തുമസ്സ് ആഘോഷിക്കുന്നതിന് മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും മാദ്ധ്യസ്ഥ്യം യാചിക്കാം. അങ്ങനെ ദൈവം നമ്മോടുകൂടെയായ ദിവ്യരക്ഷകനെ നമ്മുടെ കുടുംബങ്ങളിലും ജീവിതങ്ങളിലും വരവേല്ക്കാം! മറന്നു പോകരുത്, ഈ ക്രിസ്തുമസ്സില്‍ നമ്മിലേയ്ക്ക് വരുന്ന ക്രിസ്തു നമ്മുടെ കുടുംബങ്ങളുടെയും ഹൃദയങ്ങളുടെയും വാതില്ക്കല്‍ മുട്ടി, കടന്നുപോകാന്‍ ഇടയാകരുത്. അവിടുത്തെ സ്വീകരിക്കാം, വരവേല്ക്കാം. സന്തോഷത്തോടും സാഹോദര്യത്തോടുംകൂടെ നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവിനായി തുറന്നുകൊടുക്കാം

372 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140897