ക്രിസ്തുമസ്സ് റീത്തും മെഴുകുതിരികളും

ആഗമനകാലം തുടങ്ങിയപ്പോള്‍ പള്ളിയില്‍ റീത്തും അതില്‍ വെച്ചിരിക്കുന്ന അഞ്ചു മെഴുകു തിരികളും നിങ്ങള്‍ കണ്ടു കാണും. പലരും ചോദിച്ചു, എന്താണതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന്.

ആഗമനം എന്നര്‍ത്ഥമുള്ള അഡ്വന്റസ് എന്ന ലത്തീന്‍ വാക്കില്‍ നിന്നുമാണ് അഡ്വന്റ് എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. ക്രിസ്തുമസ്സിന് മുന്നോടിയായുള്ള ഇരുപത്തിയഞ്ചു ദിവസത്തെ തയ്യാറെടുപ്പ് പാശ്ചാത്യ സഭയില്‍ (റോമന്‍ കത്തോലിക്കാ) പതിവായിരുന്നു. പൗരസ്ത്യ സഭയില്‍ അത് ഇരുപത്തിയഞ്ചു ദിവസത്തെ നോമ്പു ദിനങ്ങളായി കണക്കാക്കുന്നു. മഹത്തായ ദിനത്തിനു വേണ്ടി പ്രാര്‍ത്ഥനയും ഉപവാസവും പ്രായശ്ചിത്തങ്ങളും ഈ ദിനങ്ങളില്‍ വിശ്വാസികള്‍ എടുത്തിരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഓര്‍മ്മയാണ് ഈ ദിവസങ്ങളില്‍. ജനനത്തിരുന്നാളിന്റെ മാത്രം ഓര്‍മ്മയായിട്ടല്ല സഭ ഇത് ആചരിക്കുന്നത്. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായുള്ള കാത്തിരിപ്പും ഇതില്‍ ഓര്‍മ്മിക്കപ്പെടുന്നു.

1-ാമത്തെ മെഴുകുതിരി (പര്‍പ്പിള്‍)

പ്രത്യാശയുടെ തിരി - പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ (റോമ 15:14) വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തില്‍ നമുക്ക് പ്രത്യാശയര്‍പ്പിക്കാം. ഈ തിരി തെളിക്കുമ്പോള്‍ പൂര്‍വ്വ പിതാക്കന്മാരുടേയും അബ്രാഹാത്തിന്റെയും പഴയ നിയമത്തില്‍ പറഞ്ഞിട്ടുള്ള ക്രിസ്തുവിന്റെ മുന്‍തലമുറകളുടെയും ഓര്‍മ്മയാചരിക്കുന്നു.

2-ാമത്തെ മെഴുകുതിരി (പര്‍പ്പിള്‍)

സമാധാനത്തിന്റെ തിരി - സമാധാനത്തിന്റെ രാജാവായ യേശുക്രിസ്തുവിന്റെ ആഗമനത്തെ ഇതു സൂചിപ്പിക്കുന്നു. പ്രവാചകരിലൂടെ അരുളിചെയ്ത സമാധാന രാജാവിനെ ഈ തിരി ഓര്‍മ്മിപ്പിക്കുന്നു.

3-ാമത്തെ മെഴുകുതിരി (റോസ്)

സന്തോഷത്തിന്റെ തിരി - ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു (ലൂക്ക 2:10). സ്‌നാപക യോഹന്നാന്റെ ഓര്‍മ്മയാണ് ഇതിലൂടെ ആചരിക്കുന്നത്. ഇതാ ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞ് മറ്റുള്ളവരെ ക്രിസ്തിവിലേക്ക് നയിച്ചത് സ്‌നാപക യോഹന്നാനാണ്.

4-ാമത്തെ മെഴുകുതിരി (പര്‍പ്പിള്‍)

സ്‌നേഹത്തിന്റെ തിരി - ദൈവം തന്റെ ഏകജാതനെ നമുക്കു നല്‍കാന്‍ തക്കവിധം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹ. 3:16). പരിശുദ്ധ കന്യകാ മറിയത്തിന്റെ ഓര്‍മ്മ ഇതിലൂടെ ആചരിക്കുന്നു.

5-ാമത്തെ മെഴുകുതിരി (വെള്ള)

ക്രിസ്തുവിന്റെ തിരി - നമ്മുടെ പാപങ്ങള്‍ പോക്കുവാനായി അയയ്ക്കപ്പെട്ട കറയില്ലാത്ത ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിനെ ഈ തിരി പ്രതിനിധാനം ചെയ്യുന്നു. അവിടുത്തെ ജനനം നമുക്കു വേണ്ടി മരിക്കുവാനായിരുന്നു, ആ മരണം നമ്മെ രക്ഷയിലൂടെ ജനിപ്പിക്കാനും വേണ്ടിയായിരുന്നു.

290 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137100