നിത്യജീവനും മരിച്ചവരും

നിത്യജീവന്‍ ലഭിക്കുന്ന വഴികളെക്കുറിച്ചും ക്രിസ്തീയ മരണത്തെക്കുറിച്ചും മരിച്ചവരുടെ പുനരു ത്ഥാനത്തെക്കുറിച്ചും ദൈവത്തിന്റെ ശക്തിയെക്കുറിച്ചുമുള്ള വചനാധിഷ്ഠിതമായ അറിവ് നമ്മെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും.

പരസ്പര ബന്ധിതങ്ങളായ വിവിധ വഴികളിലൂടെ എല്ലാവര്‍ക്കും നിത്യജിവന്‍ പ്രാപിക്കാം. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും (മാര്‍ക്കോസ് 16:16). ഈയൊരു വചനം കൊണ്ടാണ് ചില ക്രൈസ്തവര്‍ പ്രായപൂര്‍ത്തിയായ ശേഷം മാത്രമേ സ്‌നാനം സ്വീകരിക്കാവൂ എന്നു ശഠിക്കുന്നത്. സ്‌നാനത്തിലൂടെ രക്ഷിക്കപ്പെടുന്നവര്‍ നിത്യജീവന് അവകാശികളാണ്. എന്നാല്‍ ശിക്ഷാവിധിയില്‍ നിന്നും രക്ഷയുടെ അനുഭവത്തിലേക്ക് വന്ന എല്ലാവരും തന്നെ ദൈവവചനം പാലിക്കേണ്ടവരാണ്. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല (യോഹ. 8:51). യേശുവിന്റെ വചനം പാലിക്കുന്നവന്‍ ദൈവസന്നിധിയില്‍ മരണമില്ലാത്തവനാണ്. അതിനാല്‍ യേശുവിന്റെ വചനം പാലിക്കുന്നവര്‍ ശരീരപ്രകാരം മരിക്കുമ്പോഴും, ദൈവവചനം പാലിച്ചതിനാല്‍ ദൈവതിരുമുമ്പില്‍ ജീവിക്കുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്ന അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത അവന്‍ മരണത്തില്‍ നിന്നും ജീവനിലേക്ക് കടന്നിരിക്കുന്നു (യോഹ. 5:24). സത്യേകദൈവത്തില്‍ വിശ്വസിക്കുന്നവര്‍, മരണത്തില്‍ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നവര്‍ ദൈവത്തില്‍ നിന്ന് നിത്യജീവന്‍ ദാനമായി പ്രാപിച്ചിരിക്കുന്നതിനാല്‍ ദൈവത്തിന്റെ തിരുമുമ്പില്‍ എപ്പോഴും ജീവനുള്ളവരാണ്. എന്തെന്നാല്‍ നിത്യജീവന്‍ എന്നത് എന്നും എപ്പോഴും നിത്യമായി ജീവിക്കുന്ന അവസ്ഥയാണ്. ശാരീരികമായി ജീവിക്കുമ്പോഴും മരിക്കുമ്പോഴും അവന്‍ നിത്യജീവന്റെ അവകാശിയാണ്.

യേശു അവളോടു പറഞ്ഞു, ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും (യോഹ. 11:25). യേശുവില്‍ വിശ്വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കുമെന്ന് മരിച്ചുപോയ ലാസറിനെ ഉയിര്‍പ്പിച്ചു കൊണ്ട് യേശു തെളിയിച്ചു (യോഹ. 11: 43-44). യേശുവിന്റെ ജീവനുള്ള ശബ്ദം കേട്ട് മരിച്ചുപോയ ലാസര്‍ പുറത്തു വന്നെങ്കില്‍ യേശുവില്‍ നിദ്ര പ്രാപിച്ചിരിക്കുന്ന എല്ലാ വിശ്വാസികളും അവിടുത്തെ ശബ്ദം കേട്ട് പുറത്തു വരും. യേശുവിന്റെ ശബ്ദം ജീവിച്ചിരിക്കുന്നവര്‍ കേള്‍ക്കുന്നതുപോലെ തന്നെ ശാരീരികമായി മരിച്ചവരും കേള്‍ക്കും. കാരണം ദൈവത്തിന്റെ ശബ്ദം സര്‍വ്വശക്തമാണ്. മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വാദിക്കുമ്പോള്‍, മരിച്ചവരുടെ മേല്‍ യേശുവിന് ഒരധികാരവും ശക്തിയും ഇല്ലെന്നല്ലേ പറയുന്നത്.

ഏകദൈവമായ അവിടുത്തേയും അവിടുന്ന് അയച്ച യേശുക്രിസ്തുവിനെ അറിയുകയും ചെയ്യുക എന്നതാണ് നിത്യജീവന്‍ (യോഹ. 17:3). ഏകസത്യ ദൈവത്തേയും യേശുവിനെയും അറിഞ്ഞു, അതിനനുസരിച്ച് ജീവിച്ച് നിത്യജീവന്‍ നേടിയ ഓരോ വ്യക്തിയും യേശുവില്‍ നിദ്രപ്രാപിച്ചാലും നിത്യജീവനില്‍ തുടരുകയാണെന്നാണര്‍ത്ഥം. അങ്ങിനെയെങ്കില്‍ ഒരാള്‍ ശാരീരികമായി മരിച്ചാലും അയാള്‍ നിത്യജീവനില്‍ തുടരുക തന്നെയാണ് ചെയ്യുക.

യേശു പറഞ്ഞു, സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായി രിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും (യോഹ. 6. 53-54). കര്‍ത്താവിന്റെ ശരീരരക്തങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു നിത്യജീവന്‍ പ്രാപിച്ചവര്‍ മരിച്ചാലും അവസാന ദിവസത്തെ ഉയിര്‍പ്പിനായി കാത്തിരിക്കുന്നവരാണ്. ഭൗതീകശരീരം വെടിഞ്ഞ് കര്‍ത്താവിന്റെ വരവിനായി കാത്തു കിടക്കുന്നവരെ കൂടി ഓര്‍ത്തു നാം പ്രാര്‍ത്ഥിക്കണം.

339 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896