കേരളത്തിലെ അകത്തോലിക്കാ സഭകള്‍

Continue from 407

കഴിഞ്ഞ ലേഖനത്തില്‍ നാം കേരളത്തിലെ പ്രമുഖ അകത്തോലിക്കാ സഭകളായ യാക്കോബായ ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ, സി.എസ്.ഐ., ഇവാന്‍ജെലിക്കല്‍ എന്നീ സഭകളെക്കുറിച്ചാ ണറിഞ്ഞത്. ഈ ലേഖനത്തില്‍ മറ്റു ചില അകത്തോലിക്കാ സഭകളെക്കൂടി പരിചയപ്പെടാം.

നെസ്‌തോറിയന്‍ സഭ

മേലൂസ് ശീശ്മയെ തുടര്‍ന്നുണ്ടായ ഒരു സഭാ സമൂഹമാണിത്. മേലൂസിനെ തുടര്‍ന്നു വന്ന അഗസ്റ്റിന്‍ മെത്രാപ്പോലീത്തായ്ക്ക് കാനോനിക പട്ടം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു. അവര്‍ 1908 ല്‍ അബിമെലേക്ക് എന്ന ഒരു നെസ്‌തോറിയന്‍ മെത്രാനെ വരുത്തി. ഒരു വിഭാഗം അഗസ്റ്റിനെയും മറു വിഭാഗം അബിമെലേക്കിനെയും പിന്താങ്ങി. അബിമെലേക്കിനെ അനുസരിച്ചവര്‍ സ്വതന്ത്രര്‍ എന്നറിയപ്പെട്ടു. ഇന്നും ഇവര്‍ രണ്ടു മെത്രാന്മാരുടെ കീഴില്‍ രണ്ടു കക്ഷികളായി നില്‍ക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമവും നെസ്‌തോറിയന്‍ വിശ്വാസവുമാണ് ഈ സഭയുടേത്.

തൊഴിയൂര്‍ അഥവാ സ്വതന്ത്ര സുറിയാനി സഭ

1772 ല്‍ യാക്കോബായ മെത്രാപ്പോലീത്തയായ മാര്‍ ദിവാന്നിയോസ് ഒന്നാമന്റെ കാലത്ത് മാര്‍ കൂറില്ലോസ് മലബാറിലേക്ക് പുറന്തള്ളപ്പെട്ടപ്പോള്‍ തൊഴിയൂര്‍ സഭ ആരംഭിച്ചു. ഇതിന് അഞ്ഞൂര്‍ സഭയെന്നും പേരുണ്ട്. ഇവരുടെ വിശ്വാസം യാക്കോബായ സഭയുടേതും ഭരണക്രമം ഏറെക്കുറെ മാര്‍ത്തോമാ സഭയുടേതുമാണ്.

പെന്തക്കോസ്തു സഭാ വിഭാഗങ്ങള്‍

1887 ല്‍ അമേരിക്കയില്‍ ടെന്നസ്സി എന്ന സ്ഥലത്ത് റിച്ചാര്‍ സ്‌പെര്‍ലിന്‍ എന്ന മിഷണറിയാല്‍ സ്ഥാപി തമായ ഒരു സ്വതന്ത്രസഭാ വിഭാഗമാണിത്. യേശുക്രിസ്തു ദൈവമാണെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും നാവുകൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുമെന്നതാണ് ഇവരുടെ അടിസ്ഥാന വിശ്വാസം. ഇവര്‍ കൂദാശകള്‍ അംഗീകരിക്കുന്നില്ല. വി. ഗ്രന്ഥം മാത്രമാണ് ഇവരെ സംബന്ധിച്ചിടത്തോളം വെളിപാടിന്റെ ഏക ഉറവിടം. പാരമ്പര്യത്തെ ഇവര്‍ അംഗീകരിക്കുന്നില്ല. മറുഭാഷാവരത്തോടെയുള്ള പ്രാര്‍ത്ഥന ഈ വിഭാഗങ്ങളുടെ പ്രത്യേകതയാണ്. 1928ലാണ് പെന്തക്കോസ്തുക്കാരുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചത്. ഇന്ന് അവര്‍ പല സമൂഹങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

സെവന്‍ത് ഡേ അഡ്‌വെന്റിസ്റ്റുകള്‍

1844 ല്‍ എലന്‍ ഹെര്‍മന്‍ എന്ന പ്രൊട്ടസ്റ്റന്റ് അമേരിക്കന്‍ വനിത സ്ഥാപിച്ചതാണീ സമൂഹം. ക്രിസ്തുവിന്റെ പുനരാഗമനം ഏറ്റവും അടുത്തിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതുകൊണ്ടും ആഴ്ചയിലെ ഏഴാം ദിവസമായ ശനിയാഴ്ച ദൈവസ്തുതിക്കും വിശ്രമത്തിനുമായി ഉപയോഗിക്കുന്നതു കൊണ്ടുമാണ് ഈ പേരുണ്ടായത്. വിദ്യാഭ്യാസം, ചികിത്സ, ബൈബിള്‍ പ്രഭാഷണം എന്നിവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ബ്രദറന്‍ സമൂഹം

1708 ല്‍ ജര്‍മ്മനിയിലെ ഷ്വാര്‍സ്വാഹ് എന്ന സ്ഥലത്ത് ആരംഭിച്ച സമൂഹമാണിത്. ക്രിസ്തുവിന്റെ സഭയില്‍ വിവിധ അധികാരങ്ങളില്ല. എല്ലാവരും സമന്മാരാണ് എന്നതാണ് ഈ സഭയുടെ അടിസ്ഥാന പ്രമാണം. യുദ്ധത്തില്‍ പങ്കെടുക്കുക, ആണയിടുക, രഹസ്യ സമൂഹങ്ങള്‍ സ്ഥാപിക്കുക മുതലായവ ഇവര്‍ക്ക് നിഷിദ്ധമാണ്. 1895 ലാണ് കേരളത്തില്‍ ഈ സഭ പ്രവര്‍ത്തനമാരംഭിച്ചത്. പില്‍ക്കാലത്ത് ബ്രദറന്‍ സഭയില്‍ നിന്നും വേര്‍പെട്ട് വിമോചിത സഭ, സിറിയന്‍ ബ്രദറന്‍ എന്നീ വിഭാഗങ്ങള്‍ കൂടി യുണ്ടായി.

യഹോവാ സാക്ഷികള്‍

ചാള്‍സ് റസ്സല്‍ എന്ന ഒരു പ്രൊട്ടസ്റ്റന്റു പാസ്റ്റര്‍ അമേരിക്കയില്‍ സ്ഥാപിച്ചതാണീ സഭ. ഏശയ്യായുടെ പുസ്തകം 43-ാം അദ്ധ്യായം 12-ാം വാക്യവും അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 1-ാം അദ്ധ്യായം 8-ാം വാക്യവും അടിസ്ഥാനമാക്കി സാക്ഷാല്‍ ദൈവം യഹോവയും ദൈവത്തിന്റെ അനുയായികള്‍ യഹോവാ സാക്ഷികളുമെന്നാണ് ഇവരുടെ വിശ്വാസം. പ്രായപൂര്‍ത്തിയായ ശേഷമേ മാമ്മോദീസാ സ്വീകരിക്കാവൂ എന്നതാണ് മറ്റൊരു വിശ്വാസം. കേരളത്തില്‍ 1925 ല്‍ റസ്സല്‍ മിഷണറിമാര്‍ പ്രവര്‍ത്തനമാരംഭിച്ചു. വീടുകള്‍ തോറും സന്ദര്‍ശിച്ച് ഉപദേശം നല്‍കുന്നത് ഇവരുടെ ഒരു പ്രത്യേകതയാണ്.

ഉപസംഹാരം

മുകളില്‍ പറഞ്ഞിരിക്കുന്നവ കൂടാതെ നിരവധി സഭകള്‍ ഓരോ ദിവസവും ഉദയം ചെയ്യുന്നുണ്ട്. ഇതിലൂടെ ക്രിസ്തു സ്ഥാപിച്ച ഏക സഭ ഭിന്നിച്ചു പല വിഭാഗങ്ങളായി കഴിയുന്നുവെന്ന് നാം മനസ്സിലാക്കുന്നു. പാരമ്പര്യങ്ങളോടും അധികാരങ്ങളോടുമുള്ള എതിര്‍പ്പും വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിലുള്ള വ്യത്യാസങ്ങളുമാണ് ഭിന്നതയ്ക്ക് കാരണം. കത്തോലിക്കാ സഭയില്‍ നിന്നും വേര്‍പെട്ടു നില്‍ക്കുന്ന സഹോദരങ്ങളോടു സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവമാണ് കത്തോലിക്കരായ നാം കാണിക്കേണ്ടത്. സഭകളുടെ ഐക്യത്തിനായി നാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥി ക്കുകയും ശ്രമിക്കുകയും വേണം. ഒരു തൊഴുത്തും ഒരു ഇടയനും എന്ന ലക്ഷ്യത്തിലെത്തുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. അകത്തോലിക്കാ സഭകള്‍ക്ക് കത്തോലിക്കാ സഭയില്‍ നിന്നുമുള്ള വ്യത്യാസത്തെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. ഐക്യത്തിന്റെ പേരില്‍ സഭയുടെ വിശ്വാസ സത്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുവാന്‍ നാം ഒരുമ്പെടരുത്. ശിഷ്യന്മാരുടെ ഐക്യം തീക്ഷ്ണമായി ആഗ്രഹിച്ച യേശുവിനോട് സഭകളുടെ ഐക്യത്തിനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുകയെന്നത് നമ്മുടെ ചുമതലയാണ്.

654 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896