കേരളത്തിലെ അകത്തോലിക്കാ സഭകള്‍

(വായനക്കാരുടെ ആവശ്വപ്രകാരം, കേരളത്തിലെ ക്രൈസ്തവ സഭകളെക്കുറിച്ചുള്ള ലേഖന പരമ്പരയുടെ ആദ്യ ഭാഗമാണിത്.)

പതിനേഴാം നൂറ്റാണ്ടു വരെ കേരളത്തില്‍ ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 1653 ലെ കൂനന്‍ കുരിശു സത്യത്തിനുശേഷം കേരള സഭ വിഭജിക്കപ്പെട്ടു. ഇന്നു കേരളത്തില്‍ കത്തോലിക്കാ സഭയ്ക്കു പുറമേ പ്രധാനമായി യാക്കോബായ സഭ, ഓര്‍ത്തഡോക്‌സ് സഭ, മാര്‍തോമാ സഭ, തെന്നിന്ത്യന്‍ സഭ, ഇവാഞ്ചെലിക്കല്‍ സഭ, നെസ്‌തോറിയന്‍ സഭ, തൊഴിയൂര്‍ സഭ, പെന്തക്കുസ്താ സഭാ വിഭാഗങ്ങള്‍, സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്, യഹോവാ സാക്ഷികള്‍, ബ്രദറണ്‍ മുതലായ അകത്തോലിക്കാ സഭകള്‍ കൂടിയുണ്ട്.

യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍

Image 1653 ലെ കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് ഭിന്നിച്ചു നിന്നവരാണ് പിന്നീട് യാക്കോബായക്കാരെന്ന് അറിയപ്പെട്ടത്. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ട മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ 1665 ല്‍ കേരളത്തില്‍ വരികയും യാക്കോബായ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങിനെ ഒന്നാം മാര്‍തോമായുടെ അനുയായികള്‍ യാക്കോബായക്കാര്‍ എന്നു വിളിക്കപ്പെട്ടു. അഞ്ചാം മാര്‍തോമായുടെ കാലം വരെ യാക്കോബായ സഭ ഐക്യത്തില്‍ നിന്നു. ആറാം മാര്‍തോമാ, ദിവാന്നാസിയോസ് എന്ന പേരു സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് ഒരു വിഭാഗവും 4-ാം ദിവാന്നാസിയോസിന്റെ കാലത്ത് മറ്റൊരു വിഭാഗവും മാതൃസഭയില്‍ നിന്നും വേര്‍പെട്ടു. 1876ല്‍ മുളന്തുരിത്തിയില്‍ വെച്ച് അന്ത്യോക്യായിലെ പത്രോസ് മൂന്നാമന്‍ പാത്രിയാര്‍ക്കീസിന്റെ അദ്ധ്യക്ഷതയില്‍ സൂനഹദോസു കൂടി ഏഴു ഭദ്രാസനങ്ങള്‍ സ്ഥാപിച്ചു. കൂടാതെ മലങ്കര അസോസിയേഷനും സ്ഥാപിക്കുകയുണ്ടായി.

ആറാം ദിവാന്നാസിയോസിന്റെ കാലത്ത് 1910 ല്‍ അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസായിരുന്ന ഇഗ്നേഷ്യസ് അബ്ദുള്ള കേരളത്തില്‍ വന്നു. ദിവാന്നാസിയോസും പാത്രിയാര്‍ക്കീസും തമ്മില്‍ അധികാരാവകാശങ്ങള്‍ സംബന്ധിച്ചു തര്‍ക്കമുണ്ടായി. പ്രശ്‌നപരിഹാരത്തിന് കോട്ടയത്തു വെച്ച് സൂനഹദോസ് കൂടിയെങ്കിലും അനുരഞ്ജനത്തിനുള്ള സാദ്ധ്യതകള്‍ കാണായ്കയാല്‍ പാത്രിയാര്‍ക്കീസ്, ദിവാന്നാസിയോസിന് മുടക്കു കല്പന നല്‍കി. അങ്ങിനെ സഭ രണ്ടായി പിളര്‍ന്നു. പാത്രിയാര്‍ക്കീസിനെ അനുകൂലിച്ചവര്‍ ബാവാ കക്ഷിയെന്നും മാര്‍ ദിവാന്നാസിയോസിനെ അനുകൂലിച്ചവര്‍ മെത്രാന്‍ കക്ഷിയെന്നും വിളിക്കപ്പെട്ടു. 1962 ല്‍ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് യാക്കൂബ് മൂന്നാമന്‍ കേരളത്തില്‍ വന്നു നടത്തിയ അനുരഞ്ജനഫലമായി ഇരുവിഭാഗവും തമ്മില്‍ യോജിച്ചു. എന്നാല്‍ 1975 ല്‍ വീണ്ടും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. മെത്രാന്‍ കക്ഷിക്കാര്‍ (കാതോലിക്കാ കക്ഷി) ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് എന്നും ബാവാ കക്ഷിക്കാര്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (യാക്കോബായ സഭ) എന്നും ഔദ്യോഗികമായി അറിയപ്പെടുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കേന്ദ്രം കോട്ടയത്തും പാത്രീയാര്‍ക്കീസ് വിഭാഗത്തിന്റെ കേന്ദ്രം മൂവാറ്റുപുഴയിലുമാണ്. വിശ്വാസവിഷയത്തില്‍ കത്തോലിക്കാ സഭയുമായി വളരെ അടുത്തു നില്‍ക്കുന്ന സഭയാണ് പാത്രിയാര്‍ക്കീസ് വിഭാഗത്തിന്റേത്.

മാര്‍ത്തോമാ സഭ

Image യാക്കോബായ സഭയില്‍ നിന്നും 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉദ്ഭവിച്ച ഒരു സഭയാണിത്. യാക്കോബായ സഭയില്‍ സി. എം. എസ്. മിഷണറിമാര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ഇതു രൂപം കൊണ്ടത്. നവീകരണ കക്ഷിയെന്നും നവീകൃത യാക്കോബായക്കാരെന്നും ഇവര്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നു. പില്ക്കാലത്ത് നവീകരണകക്ഷി മാര്‍ത്തോമാ സഭയെന്ന് അറിയപ്പെടാന്‍ തുടങ്ങി. പ്രൊട്ടസ്റ്റന്റ് വിശ്വാസാചാരങ്ങളുള്ള പൗരസ്ത്യ സഭാ വിഭാഗമാണ് മാര്‍ത്തോമാ സഭ. ഈ സഭയുടെ തലവനായ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തായുടെ ആസ്ഥാനം തിരുവല്ലായാണ്.

സി. എസ്. ഐ. അഥവാ തെന്നിന്ത്യന്‍ സഭ

Image സഭകളുടെ ഐക്യത്തിനുള്ള പരിശ്രമ ഫലമായി തെക്കേ ഇന്ത്യയിലെ പല സഭകളും യോജിക്കുകയുണ്ടായി. ഇപ്രകാരം പ്രസ്ബിറ്റേറിയന്‍, മെത്തഡിസ്റ്റ്, ആംഗ്ലിക്കന്‍ എന്നീ സഭകള്‍ യോജിച്ച് 1947 ല്‍ രൂപം കൊണ്ടതാണ് സി. എസ്. ഐ. സഭ. കേരളത്തില്‍ ഈ സഭയ്ക്ക് ദക്ഷിണ ഭദ്രാസനം, മധ്യഭദ്രാസനം, ഉത്തര ഭദ്രാസനം എന്നീ മൂന്നു ഭദ്രാസനങ്ങളുണ്ട്. പ്രൊട്ടസ്റ്റന്റ് - ആംഗ്ലിക്കന്‍ വിശ്വാസവും ആരാധനാക്രമവുമാണ് ഈ സഭ സ്വീകരിച്ചിട്ടുള്ളത്.

ഇവാന്‍ജെലിക്കല്‍ സഭ

Image മാര്‍ത്തോമാ സഭയില്‍ ഉണ്ടായ ഒരു അഭിപ്രായ ഭിന്നതയുടെ ഫലമായി പ്രസ്തുത സഭയില്‍ നിന്നു പിരിഞ്ഞു പോയതാണ് ഈ സഭ. മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയായിരുന്ന യൂഹനോന്‍ മാര്‍ത്തോമ 1952 ല്‍ മൂന്നു പുതിയ മെത്രാപ്പോലീത്താമാരെ വാഴിച്ചതില്‍ ഒരു വിഭാഗം അതൃപ്തരായി. ഇവര്‍ ചില നവീകരണാശയങ്ങളുടെ വക്താക്കളുമായിരുന്നു. ഇവരുടെ പുതിയ ആശയങ്ങള്‍ സഭയില്‍ സ്വീകരിക്കപ്പെടായ്കയാല്‍, ഇവര്‍ സഭയില്‍ നിന്നും വേര്‍പിരിയുവാന്‍ തീരുമാനിച്ചു. അങ്ങിനെ 1961 ജൂണ്‍ 26 ന് ആരംഭിച്ച സഭയാണ് മാര്‍ത്തോമാ ഇവാന്‍ജെലിക്കല്‍ സഭ.

824 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899