മാലാഖമാര്‍

മാലാഖമാരെക്കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും കൗതുകമായിരിക്കും. കാരണം മാലാഖമാര്‍ എന്ന വര്‍ഗ്ഗം ഉണ്ടോ എന്നു പോലും സംശയം തോന്നുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നിരുന്നാലും വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ നമുക്ക് മാലാഖമാരെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ ശ്രമിക്കാം. ദൈവത്തിന്റെ ദൂതന്മാരായും സ്വര്‍ഗ്ഗീയ സൈന്യത്തിലെ അംഗങ്ങളായും വര്‍ത്തിക്കുന്ന ഇവരെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഭാഗങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

അബ്രഹാമിന്റെ കാലം

അബ്രഹാമിന്റെ ഗൃഹത്തില്‍ നിന്നും ഓടിപ്പോയ അടിമയായ ഹാഗറിന് ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടാണ് അവളെ യജമാനന്റെ അടുക്കലേക്ക് തിരിച്ചയയ്ക്കുന്നത്. പിന്നീട് ഹാഗറിനെ വേറൊരു ദേശത്തേക്ക് അബ്രഹാം പറഞ്ഞുവിട്ടതിനു ശേഷവും അവള്‍ക്ക് ദൈവദൂതന്‍ പ്രത്യക്ഷപ്പെടുകയും കഠിനമായ വെയിലില്‍ പൊരിഞ്ഞ അവര്‍ക്ക് ദാഹജലം ലഭ്യമാക്കുന്നതായും നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നു. അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്തിനെ, സോദോം നഗരത്തില്‍ വെച്ച് രണ്ടു ദൈവദൂതന്മാര്‍ സന്ദര്‍ശിക്കുകയും ലോത്തിനെയും കുടുംബത്തെയും സോദോം-ഗൊമേറ നഗരങ്ങളെ നശിപ്പിക്കുന്നതിനു മുമ്പായി കൈപിടിച്ച് ദൂരെ കൊണ്ടു പോയി വിടുകയും ചെയ്യുന്നു. തന്റെ മകനെ ദൈവത്തിന് ബലിയര്‍പ്പിക്കണമെന്ന് ദൈവത്തിന്റെ ആജ്ഞയനുസരിച്ച് ബലിയര്‍പ്പിക്കുവാന്‍ തയ്യാറായപ്പോള്‍ ദൈവത്തിന്റെ ദൂതനാണ്, ഇസഹാക്കിനെ വധിക്കുന്നതില്‍ നിന്നും അബ്രഹാമിനെ തടയുന്നത്.

യാക്കോബിന്റെ കാലം

ഹാരാനിലേക്കു പുറപ്പെട്ട യാക്കോബ് സ്വപ്നത്തില്‍ ഒരു ദര്‍ശനം കാണുന്നു, ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി - അതിന്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാര്‍ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു (ഉത്പത്തി 28:10-22). ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തിലൂടെ യാക്കോബിന് ഉപദേശം നല്‍കുന്നതായും നാം 31-ാം അദ്ധ്യായത്തില്‍ വായിക്കുന്നു. മാത്രമല്ല, മഹനായിം എന്ന സ്ഥലത്തു വെച്ച് ദൈവത്തിന്റെ സൈന്യത്തെ തന്നെ യാക്കോബ് കണ്ടു മുട്ടുന്നുണ്ട്.

മോശയുടെ കാലം

ഹോറെബില്‍ വെച്ച് ദൈവത്തിന്റെ ദൂതന്‍ കത്തുന്ന മുള്‍പ്പടര്‍പ്പിനുള്ളില്‍ മോശയ്ക്ക് പ്രത്യക്ഷപ്പെടുന്നു. (പുറപ്പാട് 3:2). ദൈവത്തിന്റെ കല്പന പാലിച്ച് ഈജിപ്തില്‍ നിന്നും കാനാന്‍ ദേശത്തേക്കുള്ളയാത്രയില്‍ ദൈവദൂതന്‍ അവരുടെ മുമ്പില്‍ വഴികാണിച്ചു കൊണ്ടിരുന്നു. ഈജിപ്തുകാര്‍ പിന്തുടര്‍ന്നപ്പോള്‍ ദൈവദൂതന്‍ അവരുടെ പിന്നിലേക്കു മാറി അവര്‍ക്കിടയില്‍ നിലകൊണ്ടു. മാത്രമല്ല ദൈവത്തിന്റെ ദൂതന്‍ മുമ്പേ പോയി മറ്റു ജനവിഭാഗങ്ങള്‍ക്കിടയിലൂടെ ഇസ്രായേല്‍ ജനത്തെ നയിക്കുമെന്ന് ദൈവം മോശയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

ഇസ്രായേല്‍ ചരിത്രത്തില്‍

ഇസ്രായേലിനെതിരെ പ്രവചിക്കാന്‍ പുറപ്പെട്ട ബാലാമിനെ കാത്ത് ദൈവത്തിന്റെ ദൂതന്‍ ഊരിപ്പിടിച്ച് വാളുമായി നിലകൊണ്ടിരുന്നു (സംഖ്യ 22:23). കര്‍ത്താവിന്റെ ദൂതനെ കണ്ട് കഴുത പേടിച്ചു മാറുകയും അവസാനം ബാലാം ദെവദൂതനെ മുഖാമുഖം ദര്‍ശിക്കുകയും ചെയ്യുന്നു. ബോക്കിം നഗരത്തില്‍ വെച്ച് ദൈവത്തിന്റെ ദൂതന്‍ ഇസ്രായേല്‍ ജനത്തോട് നേരിട്ട് സംസാരിക്കുന്നു (ന്യായ. 2:1-5). ഗിദെയോനെ ദൈവത്തിന്റെ ദൂതനാണ് ശക്തിപ്പെടുത്തി മിദിയാന്‍കാര്‍ക്കെതിരെ ഇസ്രായേലിന്റെ സംരക്ഷകനാക്കി തീര്‍ക്കുന്നത്. (ന്യായാ. 6:11). ഫിലിസ്ത്യരുടെ കരങ്ങളില്‍ ആയിരുന്ന ഇസ്രായേലിലെ മനോബ എന്നൊരാളുടെ ഭാര്യക്ക് ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടാണ് വന്ധ്യയായിരുന്ന അവള്‍ക്കൊരു കുഞ്ഞുണ്ടാകുന്നത്. ഇസ്രായേല്‍ ജനത്തിന്റെ ന്യായം പാലിച്ച, ശത്രുകരങ്ങളില്‍ നിന്നും രക്ഷിച്ചു നിര്‍ത്തിയ ശക്തനായ ആ കുഞ്ഞായിരുന്നു സാംസണ്‍ ( ന്യായാ. 13). മരുഭൂമിയിലൂടെ നടന്നു തളര്‍ന്ന ഏലിയാ പ്രവാചകന്‍ മരിക്കാനായി ആഗ്രഹിച്ച് ഒരു മുള്‍ച്ചെടിയുടെ തണലില്‍ കിടന്നുറങ്ങിയപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ അപ്പവും വെള്ളവുമായി അദ്ദേഹത്തിന് കാവല്‍ നിന്നു. (1 രാജാ. 19). ദാവീദ് ജനസംഖ്യയെടുത്തപ്പോള്‍ ദൈവം ജനത്തെ സംഹരിക്കാന്‍ സംഹാരദൂതനെ അയയ്ക്കുന്നതായി നാം ദിനവൃത്താന്തത്തില്‍ വായിക്കുന്നു. ദാവീദു നോക്കിയപ്പോള്‍ ജെറുസലേമിനെ സംഹരിക്കാനായി വാളുമുയര്‍ത്തിപ്പിടിച്ചു, ആകാശത്തിനും ഭൂമിക്കും മധ്യേ നില്‍ക്കുന്ന ദൈവദൂതനെ കണ്ടു (1 ദിന. 21:15). തോബിയാസിന്റെ സഹയാത്രികനായി പോകുന്ന വ്യക്തി ദൈവദൂതനായ റാഫേല്‍ ആയിരുന്നു. കര്‍ത്താവിന്റെ ദൂതനാണ് അസ്സീറിയാക്കാരുടെ പാളയത്തില്‍ കടന്ന് ഒരു ലക്ഷത്തി എണ്‍പത്തി അയ്യായിരം പേരെ വധിച്ചത് (ഏശയ്യ 37:36). ദാനിയേലിന്റെ ദര്‍ശനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ദൂതന്‍ ഇറങ്ങി വരുന്നതായി കാണുന്നുണ്ട് (ദാനി. 4:13). മാത്രമല്ല, സിംഹക്കൂട്ടില്‍ കിടന്നിരുന്ന ദാനിയലനരുകിലേക്ക് ഹബക്കൂക്കിനെ മുടിയില്‍ പിടിച്ച് തൂക്കിയെടുത്തു കൊണ്ടുപോയി ഭക്ഷണം നല്‍കാന്‍ സഹായിച്ചത് ദൈവദൂതനായിരുന്നു. (ദാനി. 14:33-39). സഖറിയാ പ്രവാചകന്റെ ഗ്രന്ഥത്തിലെ എല്ലാ അദ്ധ്യായങ്ങളിലും തന്നെ നാം ദൈവദൂതനെ ദര്‍ശിക്കുന്നുണ്ട് (സഖറിയാ 1,3,4,5).

410 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899