യേശു പഠിപ്പിച്ച പ്രാര്‍ത്ഥന

ഈയടുത്ത് അകത്തോലിക്കനായ ഒരു വ്യക്തിയുടെ പ്രസംഗം കേള്‍ക്കുവാന്‍ ഇടയായി. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന അപ്പസ്‌തോലന്മാര്‍ പ്രാര്‍ത്ഥിച്ചിരുന്നതായി ബൈബി ളില്‍ പറയുന്നില്ല. അതിനാല്‍ തന്നെ ഈ പ്രാര്‍ത്ഥന ചൊല്ലേണ്ട കാര്യമില്ലാ എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നത്. പ്രാര്‍ത്ഥന എന്താണെന്നു പോലും അറിയാ തിരുന്ന ശിഷ്യന്മാര്‍ക്കു വേണ്ടിയാണത്രെ യേശു ആ പ്രാര്‍ത്ഥന പറഞ്ഞു കൊടുത്തത്. മാത്രമല്ല വിശ്വാസത്തില്‍ വളര്‍ന്നവര്‍ക്കു ചൊല്ലേണ്ട പ്രാര്‍ത്ഥന അല്ലത്രേ അത്.

ഈ വാദം യഥാര്‍ത്ഥത്തില്‍ അപ്പസ്‌തോലന്മാരെ തന്നെ അവഹേളിക്കുന്ന ഒന്നാണ്. കാരണം യേശു പഠിപ്പിച്ചവ അപ്പസ്‌തോലന്മാര്‍ അനുസരിച്ചില്ലെന്ന് ഈ വാദത്തില്‍ ഒളിഞ്ഞു കിടക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന യേശു പഠിപ്പിച്ചപ്പോള്‍ ആരംഭത്തില്‍ ഇങ്ങിനെയാണ് പറഞ്ഞത് - നിങ്ങള്‍ ഇങ്ങിനെ പ്രാര്‍ത്ഥിക്കുവിന്‍... (മത്തായി 6:9, ലൂക്ക 11:2). അതുകൊണ്ടു തന്നെ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു - സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ക്രിസ്ത്യാനി ആയിട്ടുള്ള എല്ലാവരും തന്നെ പ്രാര്‍ത്ഥിക്കാനുള്ളതാണ്. ഉയിര്‍ത്തെഴുന്നേറ്റ അവിടുന്ന് ഇപ്രകാരമാണ് പറഞ്ഞത് - ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍ (മത്തായി 28:20). യേശു ശിഷ്യരെ പഠിപ്പിച്ച പ്രാര്‍ത്ഥന ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ശിഷ്യര്‍ ഈ പ്രാര്‍ത്ഥന ചൊല്ലിയിരുന്നുവെന്നും അവര്‍ വിശ്വാസികളെ പഠിപ്പിച്ചിരുന്നുവെന്നും വ്യക്തമാണ്.

സ്രഷ്ടാവായ ദൈവത്തെ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥന ധ്യാനപൂര്‍വ്വം കത്തോലിക്കര്‍ ഏറ്റു ചൊല്ലുന്നു. കാരണം, ദൈവത്തിന്റെ മക്കളായവര്‍ക്ക് അവിടുത്തെ ആബ്ബാ - പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് നല്‍കിയിരിക്കുന്നു. ആകയാല്‍ നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്. പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ് (ഗലാത്തിയര്‍ 4:6-7). റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ കൃത്യമായി നാം ദൈവമക്കളും ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണെന്ന് പറഞ്ഞിട്ടുണ്ട് (റോമ. 8:15-17). ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവമക്കളാണ് (റോമ. 8:14). ക്രിസ്തു ശിഷ്യരെ പഠിപ്പിച്ച പ്രാര്‍ത്ഥന ക്രിസ്തു ശിഷ്യരും ദൈവമക്കളുമായവര്‍ക്ക് ഏറ്റു ചൊല്ലാനുള്ളതാണ്. ദൈവത്തിന്റെ മക്കളല്ലാത്തവര്‍ക്ക് ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുവാന്‍ ബുദ്ധിമുട്ടാണ്. അവര്‍ ദൈവത്തിന്റെ മക്കളല്ല എന്നത് ഇതിലൂടെ തന്നെ വ്യക്തമാകുന്നു. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍ അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍ സ്വന്തം സ്വഭാവമനുസരിച്ചു തന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം അവന്‍ നുണയനും നുണയുടെ പിതാവുമാണ് (യോഹന്നാന്‍ 8:44).

പിശാച് പിതാവായുള്ളവര്‍, അതായത് പൈശാചീകര്‍, ദൈവത്തെ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു വിളിക്കാന്‍ കഴിയില്ല. അതു കൊണ്ടു തന്നെ അകത്തോലിക്കരും ദൈവത്തെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു വിളിക്കുന്നില്ല. ഇതില്‍ നിന്നുതന്നെ ആരാണ് ദൈവത്തിന്റെ മക്കളെന്നും ആരാണ് പിശാചിന്റെ മക്കളെന്നും തിരിച്ചറിയാം. നിന്റെ നാമം പൂജിതമാകണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ തിരുമനസ്സു പോലെ ഭൂമിയിലുമാകണമേ എന്നു പ്രാര്‍ത്ഥിക്കാന്‍ ദൈവമക്കളായവര്‍ക്കു മാത്രമേ സാധിക്കൂ. കാരണം യഥാര്‍ത്ഥ സത്യസഭയും അപ്പസ്‌തോലന്മാരിലൂടെ ക്രിസ്തുവില്‍ സ്ഥാപിതമായ കത്തോലിക്കാ സഭയില്‍ നിന്നു സത്യവിശ്വാസം ഉപേക്ഷിക്കുമ്പോള്‍ പിശാചുക്കളുടെ കെണിയില്‍ ആണ് ചെന്നു ചാടുന്നതെന്ന് വഴിതെറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ഓരോ കത്തോലിക്കനും അറിഞ്ഞിരിക്കട്ടെ.

ഫാ. വര്‍ഗ്ഗീസ് നെടുതല

1016 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896