പ്രതിബന്ധങ്ങള്‍ ഇല്ലാതാകുമോ (ജോസഫ്. പി. എന്‍)

നാല് വര്‍ഷം മുമ്പ് ജൂലൈ മാസം, സൂര്യന്‍ അതിന്റെ എല്ലാവിധ ശക്തിയോടും കൂടെ ജ്വലിച്ചു നില്ക്കുന്ന നട്ടുച്ച സമയം. ബസ് സ്റ്റോപ്പില്‍ നിന്ന് ഒരുപാടു ദൂരെയുള്ള പള്ളിയിലേയ്ക്കു പോകാന്‍ പലരേയും സഹായത്തിന് വിളിച്ചു. സഹായിക്കാമെന്നു പറഞ്ഞവര്‍ വന്നില്ല. ഒരാളെയും കിട്ടിയില്ല. വെറുപ്പും ദേഷ്യവും, സങ്കടവും കൂടി വന്ന് മനസ്സ് വലിയ ഭാരത്താല്‍ നിറഞ്ഞു.തുഴഞ്ഞു തുഴഞ്ഞു കരയ്ക്കടിയാത്ത തോണിപോലെ നടുകടലില്‍ ഒറ്റപ്പെട്ട അവസ്ഥ. കണ്ണുകള്‍ നിറ ഞ്ഞൊഴുകികൊണ്ടിരുന്നു. അമ്മയുടെ മടിത്തട്ടിലെന്നപോലെ ദൈവാലയത്തിലേക്ക് ഓടിക്കയറി. വൈദീകന്റെ മുമ്പില്‍ പൊട്ടിക്കരഞ്ഞു. മനസ്സില്‍ കനത്ത ഭാരവുമായി ഒരു മകന്‍ വരുമെന്ന് പരിശുദ്ധാത്മാവ് നിറഞ്ഞ വൈദീകന് അറിയാമായിരുന്നു. യോഹന്നാന്‍ 1.48 ല്‍ യേശു നാഥാനി യേലിനോടു പറഞ്ഞു ‘പീലിപ്പോസ് നിന്നെ വിളിക്കുന്നതിന് മുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു’. എന്നെ കാണുന്ന ദൈവത്തിന്റെ സന്നിധിയിലാണെന്ന് ബോധ്യമായി. വൈദീകന്‍ തലയില്‍ കൈവെച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ എല്ലാ ഭാരങ്ങളും വേദനകളും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ യോഗ്യതയാല്‍ നീങ്ങിപോയി. ദൈവാലയത്തില്‍ നിന്നും തിരിച്ചുപോന്നത് ഒരു പുതിയ ശക്തിയാല്‍ നിറഞ്ഞുകൊണ്ടായിരുന്നു.

ഒരു ക്രിസ്ത്യാനി ഒരു ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഇല്ലാതെ ജീവിക്കേണ്ടവനല്ല. അവന്റെ ആത്മീയജീവിതത്തില്‍ പ്രതികൂലങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ട നമ്മള്‍ കൂടുതല്‍ അഭിഷേകം പ്രാപിക്കാന്‍ ദൈവമായ കര്‍ത്താവ് ഒരു പ്രതികൂലത്തെ അനുവദിക്കും. പ്രാര്‍ത്ഥനയില്‍ സുഖമായി മുന്നേറാം എന്നു കരുതുമ്പോഴാകും ഏതെങ്കിലും പ്രതിബന്ധത്തില്‍ തട്ടി നാം വീണുപോകുന്നത്. കാലാകാലങ്ങളില്‍ ഈ പ്രതികൂലം പല രൂപത്തിലും ഭാവത്തിലും നമ്മോടൊപ്പം ഉണ്ടാകും. രോഗങ്ങളാകാം സാമ്പത്തിക ഞെരുക്കങ്ങളാകാം വ്യക്തി കളാകാം അതുമല്ലെങ്കില്‍ നമുക്കു ചുറ്റുമുള്ള വിശ്വാസരാഹിത്യം, ജഢികാസക്തി, ലൈംഗീകതയുടെ അതിപ്രസരം, മതപീഢനം, ലഹരി മരുന്നുകളുടെ ഉപയോഗം. ഏതുമാകാം. ഇവയെല്ലാം മനുഷ്യനെ തോല്പ്പിക്കാന്‍ അവനോടൊപ്പമുണ്ട്. എന്നാല്‍, ഈ പ്രതികൂലങ്ങളില്‍ തട്ടിവീഴേണ്ടവനല്ല ഒരു ദൈവപൈതല്‍.

ദൈവത്തിന്റെ പരിശുദ്ധാത്മാവ് വിശുദ്ധ പൗലോസിലൂടെ അരുളി ചെയ്യുന്നു, “മത്സരക്കളത്തില്‍ എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും സമ്മാനര്‍ഹരാകുന്നത് ഒരുവന്‍ മാത്രമാണെന്ന് നിങ്ങള്‍ക്കറി ഞ്ഞുകൂടെ? ആകയാല്‍ സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങള്‍ ഓടുവിന്‍”. (1 കോറി.9.24). ഒരു വിശ്വാസിയുടെ ജീവിതം ഒരു ഓട്ടമത്സരമായിട്ടു ഉപമി ച്ചിരിക്കുകയാണ് വിശുദ്ധ പൗലോസ് ശ്ലീഹ. ഒരു ക്രിസ്തുവിന്റെ അനുയായി വിശ്വാസം മുറുകെ പിടിച്ച് ഓടുമ്പോള്‍ ഒരു പ്രതികൂലം കൂടി അവ നോടൊപ്പം ഉണ്ടാകും. അപ്പോളാണല്ലോ അത് ഒരു മത്സരമാകുന്നത്. ഈ ഓട്ടമത്സരത്തില്‍ ജയി ക്കുക എന്നതാണ് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയം വരിച്ചവരാണ് വിശുദ്ധര്‍. ഓരോ വിശുദ്ധനും വിശുദ്ധയും അവര്‍ക്ക് അനുവദിച്ചിരുന്ന പ്രതികൂലങ്ങളോട് മത്സരിച്ച് വിജയം വരിച്ചവരാണ്.

നമ്മുടെ കര്‍ത്താവായ ഈശോ കളകളുടെ ഉപമയില്‍ ഗോതമ്പുചെടികളോടൊപ്പം കളകളേയും വളരാന്‍ അനുവദിക്കുന്നത് കാണാം. കൊയ്ത്തുവരെ അവ രണ്ടും വളരുന്നു. തിന്മ പ്രവര്‍ത്തിച്ചവരെയും നീതിമാന്മാരെയും വേര്‍തിരിച്ച് അവരവര്‍ക്ക് അര്‍ഹമായത് അവിടുന്ന് നല്കുന്നു. നീതിമാന്മരാകട്ടെ തങ്ങളുടെ പിതാവിന്റെ രാജ്യത്ത് സൂര്യനെപ്പോലെ പ്രശോഭിക്കുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ 13ാം അദ്ധ്യായത്തിലാണ് ഇത് നാം കാണുന്നത്. നമ്മള്‍ ആരെയെങ്കിലും മാറ്റി നിര്‍ത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ദുഷ്ടന്റെമേലും ശിഷ്ടന്റെമേലും ഒരുപോലെ മഴപെയ്യിപ്പിക്കുന്ന കര്‍ത്താവ് എല്ലാവരേയും വളരാന്‍ അനുവദിക്കുന്നു.

പ്രിയ സഹോദരരെ, നാം ഏതു പ്രതികൂലസാഹചര്യത്തിലായാലും അതിനെതിരേ വിജയം വരിക്കു വാന്‍, എല്ലാറ്റിന്റെമേലും വിജയം വരിച്ച യേശുക്രിസ്തുവിന്റെ വിശുദ്ധ കുരിശ്ശിന്റെ യോഗ്യതയാല്‍ സകലരും വിജയം വരിക്കട്ടെ “അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപോലെ പ്രശോഭിക്കും” (മത്തായി.13:43)

277 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 102953