വ്യക്തിപരമായ പ്രാര്‍ത്ഥന

പ്രാര്‍ത്ഥനകള്‍ പൊതുവെ രണ്ടു തരത്തിലുണ്ട്‌ - വ്യക്തിപരമായ പ്രാര്‍ത്ഥനകളും മദ്ധ്യസ്ഥ

പ്രാര്‍ത്ഥനകളും. ദൈവഹിതം മനസ്സിലാക്കി അതനുസരിച്ച്‌ ജീവിക്കാനുള്ള ദൈവകൃപ സ്വീകരിക്കലാണ്‌ വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ ലക്ഷ്യം. അനുദിന ജീവിതത്തില്‍ ദൈവഹിതം നാം നിറവേറ്റുമ്പോള്‍ ആ ദിവസത്തെ ഓരോ പ്രവൃത്തിയും നമ്മെ വിശുദ്ധിയിലും പുണ്യത്തിലും നടത്തുന്നു. ദൈവ സ്‌നേഹാനുഭവത്തില്‍ വളരാനും നിലനില്‍ക്കാനും ഏറ്റവും ആവശ്യമായ ഒരു ഘടകമാണ്‌ വ്യക്തിപരമായ പ്രാര്‍ത്ഥന.

വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ പ്രാധാന്യങ്ങള്‍

നമ്മുടെ അനുദിന വിശുദ്ധിയിലുള്ള വളര്‍ച്ചയ്‌ക്ക്‌ വ്യക്തിപരമായ പ്രാര്‍ത്ഥന വളരെ ആവശ്യമാണ്‌. നമ്മെക്കുറിച്ചുള്ള ദൈവീക പദ്ധതി മനസ്സിലാക്കാനും അതു നിറവേറ്റാനുമുള്ള കൃപ നേടാനും വ്യക്തിപരമായ പ്രാര്‍ത്ഥന കൂടാതെ കഴിയുകയില്ലായെന്ന്‌ വി. അംബ്രോസ്‌ പറയുന്നു. ഏതു സമയത്താണോ, എത്ര സമയമാണോ നാം പ്രാര്‍ത്ഥിക്കുക എന്നതിലല്ല കാര്യം, പ്രാര്‍ത്ഥനയ്‌ക്ക്‌ നാം എത്ര പ്രാധാന്യം കൊടുക്കുന്നു എന്നതിനാണ്‌. വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെ മാത്രമേ നമുക്കു ദൈവവുമായിട്ട്‌ ഒരു ബന്ധം സ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂ. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതു പോലെ, ക്രിസ്‌തുവില്‍ വസിക്കുന്നില്ലെങ്കില്‍ നമുക്കും ഫലം പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. തിരക്കു പിടിച്ച നമ്മുടെ ഈ ജീവിതത്തില്‍, നമ്മുടെ രക്ഷകനും നാഥനുമായ കര്‍ത്താവുമൊത്ത്‌ അല്‌പസമയം ചെലവഴിക്കുക എന്നതാണ്‌ വ്യക്തിപരമായ പ്രാര്‍ത്ഥന കൊണ്ടുദ്ദേശിക്കുന്നത്‌.

മദ്ധ്യസ്ഥ പ്രാര്‍ത്ഥന

പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ നമ്മെ വിസ്‌മരിച്ചു കൊണ്ട്‌ നാം മറ്റുള്ളവര്‍ക്കു വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയാണ്‌ മദ്ധ്യസ്ഥ പ്രാര്‍ത്ഥന. മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം വേദനകളായി കാണുവാനുള്ള മനസ്സ്‌ നമുക്കാദ്യം ഉണ്ടാകണം. എന്നാല്‍ മാത്രമേ, മറ്റുള്ളവര്‍ക്കായി നമ്മുടെ ഉള്ളില്‍ നിന്നും പ്രാര്‍ത്ഥനകള്‍ ഉയരൂ. വിശുദ്ധമായ ഒരു ജീവിതത്തില്‍ നിന്നു മാത്രമേ നമുക്ക്‌ മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാനാകൂ. അതിനാല്‍ നാം വിശുദ്ധമായ ഒരു ജീവിതത്തിന്‌ ഉടമക ളാകണം. എന്നാല്‍ മാത്രമേ, മറ്റുള്ളവരെക്കൂടി വിശുദ്ധീകരിക്കുവാന്‍ നമുക്കു സാധിക്കൂ. പുറപ്പാടിന്റെ പുസ്‌തകത്തില്‍ ഇസ്രായേല്‍ ജനവും അമലേക്യരുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്‍ ജനം തോല്‍ക്കുന്ന അവസരം വന്നു. ആ സമയം മോശ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. അപ്പോഴെല്ലാം ഇസ്രായേല്‍ ജനം യുദ്ധത്തില്‍ വിജയിച്ചു കൊണ്ടിരുന്നു. എന്നാല്‍ മോശയുടെ കൈകള്‍ താഴ്‌ന്നപ്പോഴെല്ലാം അമലേക്യര്‍ വിജയിച്ചു. (പുറപ്പാട്‌ 17:11).

നമ്മുടെ ഓരോ ദിവസത്തെയും വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍ കുറച്ചു സമയം നമുക്ക്‌ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്‌ക്കായി മാറ്റി വെയ്‌ക്കാം. ജീവിതത്തിലെ സഹനങ്ങളും ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വ ഹിക്കപ്പെടുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളും ത്യാഗങ്ങളും ഇവയെല്ലാം മറ്റുള്ളവര്‍ക്കായി മദ്ധ്യസ്ഥം വഹിക്കുവാനായി നമുക്കുപയോഗിക്കാം. ദിവ്യബലിയില്‍ പങ്കെടുക്കുമ്പോള്‍ മറ്റുള്ളവരുടെ നിയോഗ ങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം. ജപമാലയും മറ്റു പ്രാര്‍ത്ഥനകളും നടത്തുമ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങളാകട്ടെ നമുക്കു പ്രാര്‍ത്ഥിക്കാനുള്ളത്‌. പരിശുദ്ധ കുര്‍ബ്ബാനയ്‌ക്കു മുന്നിലെ ആരാധന യിലും നമുക്കു മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.

എങ്ങിനെ നമുക്ക്‌ പ്രാര്‍ത്ഥിക്കാം

വ്യക്തിപരമായ പ്രാര്‍ത്ഥനയ്‌ക്ക്‌ അനുയേജ്യമായ സമയവും പറ്റിയ സ്ഥലവും നാം കണ്ടെത്തണം. നമ്മുടെ മനസ്സിലേക്ക്‌ ദൈവവും നാമും മാത്രമായ ഒരു സാന്നിദ്ധ്യം കൊണ്ടുവരണം. നമുക്കു ദൈവം നല്‍കിയ ഓരോ നന്മയ്‌ക്കും നന്ദിയും കൃതജ്ഞതയും നാം പ്രകാശിപ്പിക്കണം. ജീവിതത്തിലെ ഓരോ ദൈവീക ഇടപെടലിനെയും ഓര്‍ത്ത്‌ നന്ദിപറയുക. നമ്മുടെ ജീവിതത്തിലുണ്ടായ വീഴ്‌ചകളെ (തെറ്റുകളെ) ഓര്‍ത്തും നാം മൂലം മറ്റുള്ളവര്‍ക്കുണ്ടായ വേദനകളെക്കുറിച്ചോര്‍ത്തും ദൈവത്തോട്‌ മാപ്പപേക്ഷിക്കുക. നമ്മെ പൂര്‍ണ്ണമായും ദൈവത്തിന്‌ സമര്‍പ്പിക്കുക. ആന്തരീകമായ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുക. പരിശുദ്ധാത്മാവിനാലും പരിശുദ്ധാത്മാവിന്റെ വര-ദാന-ഫലങ്ങള്‍ നമ്മില്‍ നിറയപ്പെടുവാനും വേണ്ടി പ്രാര്‍ത്ഥിക്കുക. ദൈവവചനം വായിച്ചു ധ്യാനിച്ച്‌, അല്‌പസമയം ദൈവസ്വരത്തിനായി കാതോര്‍ക്കുക. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായും സഭയ്‌ക്കായും മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുക.

പതിനഞ്ചു മിനിറ്റ്‌ നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍

ആറു മിനിറ്റ്‌ - ദൈവത്തെ സ്‌തുതിക്കുക, ആരാധിക്കുക

മൂന്നു മിനിറ്റ്‌ - നമ്മുടെ തെറ്റുകള്‍ക്കും പാപങ്ങള്‍ക്കും മാപ്പപേക്ഷിക്കുക

മൂന്നു മിനിറ്റ്‌ - നമുക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കും നന്മകള്‍ക്കും ദൈവത്തിന്‌ നന്ദിയര്‍പ്പിക്കുക

മൂന്നു മിനിറ്റ്‌ - മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള മാദ്ധ്യസ്ഥവും നമ്മില്‍ ദൈവാത്മാവ്‌ നിറയപ്പെടാനും പ്രാര്‍ത്ഥിക്കുക

842 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899