ചില ദശാംശ ചിന്തകള്‍

ദശാംശം പഴയ നിയമ ഗ്രന്ഥത്തില്‍ നിന്നേ തുടങ്ങുന്നതാണ്. ഉത്പത്തിയുടെ പുസ്തകം 14-#ാ#ം അദ്ധ്യായത്തില്‍ അബ്രാമിനെ (പിന്നീട് അബ്രാഹം എന്നായി) സാലെം രാജാവായ മെല്‍ക്കിസെദെക്ക് (അദ്ദേഹം അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതന്‍ കൂടിയായിരുന്നു) അനുഗ്രഹിച്ചതിനു ശേഷം അബ്രാം എല്ലാറ്റിന്റെയും ദശാംശം അവനു നല്‍കി എന്നു നാം വായിക്കുന്നു.

ഇസ്രായേല്‍ ജനതയുടെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ എല്ലാ വസ്തുക്കളുടെയും ദശാംശം ദൈവത്തിന് നല്‍കിയിരുന്നതായി നമുക്കറിയുവാന്‍ കഴിയും. അവര്‍ കാര്‍ഷിക വിളകളുടെയും, വൃക്ഷഫലങ്ങളുടെയും, (നെഹമിയാ 10 37, മത്തായി 23-23), സമ്പാദ്യത്തിന്റെയും ദശാംശം (ലൂക്ക 18-12 ) ദൈവാലയത്തില്‍ സമര്‍പ്പിച്ചിരുന്നു.

ദശാംശം മുഴുവന്‍ എന്റെ കലവറയിലേക്കു കൊണ്ടു വരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്ന് അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്ന് നിങ്ങള്‍ പരീക്ഷിക്കുവിന്‍ (മലാക്കി 3-10).

ആരാണ് ദശാംശം കൊണ്ടുവരേണ്ടത് - പുതിയ ഇസ്രായേല്‍ ജനമായ നാം തന്നെയാണ് ദശാംശം ദൈവത്തിന് നല്‍കേണ്ടത്. എല്ലാറ്റിന്റെയും തന്നെ ദശാംശം നാം നല്‍കണം. ദൈവാലയത്തിലേക്കും ദൈവനാമ മഹത്വത്തിനായും, ദൈവവചനത്തിന്റെ വളര്‍ച്ചക്കായും നാം നമ്മുടെ ദശാംശം നല്‍കണം. പൂര്‍വ്വപിതാവായ യാക്കോബ് ഇങ്ങിനെ പറഞ്ഞു, ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും ഈ യാത്രയില്‍ എന്നെ സംരക്ഷിക്കയും എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും എന്റെ പിതാവിന്റെ വീട്ടിലേക്ക് സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം.... അവിടുന്ന് എനിക്കു തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യും (ഉത്പത്തി 28 20-22).

ഏതെല്ലാം കാര്യങ്ങളിലാണ് ദശാംശം നല്‍കേണ്ടത് എല്ലാവരുടെയും ധാരണ, സമ്പത്തിന്റെ ദശാംശം മാത്രം ദൈവത്തിന് നല്‍കിയാല്‍ മതിയെന്നാണ്. എന്നാല്‍ നമ്മുടെ സമയം, കഴിവ്, സമ്പത്ത് ഇവ മൂന്നിന്റെയും ദശാംശം നാം ദൈവത്തിന് നല്‍കേണ്ടതുണ്ട്. ആഴ്ചയില്‍ നാല്പതു മണിക്കൂറുകള്‍ (അഞ്ചു ദിവസം എട്ടു മണിക്കൂര്‍ വീതം) നാം ജോലി ചെയ്യുന്നുണ്ടെങ്കില്‍, പിന്നെയുള്ള രണ്ടു ദിവസങ്ങളില്‍ നാലു മണിക്കൂറെങ്കിലും കര്‍ത്താവിനായി ജോലി ചെയ്യണം. ഒരാഴ്ചയില്‍ ആകെയുള്ള 168 മണിക്കൂറില്‍ 16 മണിക്കൂര്‍ 30 മിനിറ്റ് നാം കര്‍ത്താവിനായി മാറ്റി വെയ്ക്കണം. ആഴ്ചയില്‍ നാനൂറ് ദിര്‍ഹം ലഭിക്കുന്നവനാണെങ്കില്‍ അതില്‍ നാല്പതു ദിര്‍ഹം ദൈവത്തിനായി മാറ്റണം.

സമയത്തിന്റെ ഉപയോഗം എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍ കീഴിലുള്ള സമസ്ത കാര്യങ്ങള്‍ക്കും ഒരവസരമുണ്ട് (സഭാ പ്രസംഗകന്‍ 3 -1). നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിനും ദൈവത്തിന് ഓരോ പദ്ധതിയുണ്ട്. അതിനാല്‍ തന്നെ ഓരോ നിമിഷവും നാം വെറുതെ കളയരുത്. ദൈവം ഓരോ മനുഷ്യനും മരിക്കാന്‍ ഒരു സമയം (സഭാപ്രസംഗകന്‍ 3 2) അഥവാ ഒരു പരിധി നിശ്ചയിച്ചരിക്കുന്നു നമ്മുടെ അന്ത്യം എപ്പോഴാണെന്ന് നമുക്കറിയില്ലല്ലോ. മനുഷ്യന്റെ ആയുസ്സു പോലും ദൈവം വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ആയുഷ്‌ക്കാലം എഴുപതു വര്‍ഷമാണ് ഏറിയാല്‍ എണ്‍പത് (സങ്കീര്‍ത്തനം 90 10). എണ്‍പതു വയസ്സു തന്നെ പത്തുവര്‍ഷത്തെ ബോണസ്സാണ്. പിന്നീടു കിട്ടുന്നതെല്ലാം എക്‌സ്ട്രാ ബോണസ്സ് തന്നെ. ബുദ്ധിപൂര്‍വ്വം നാം നമ്മുടെ സമയം വിനിയോഗിച്ചാല്‍ എഴുപതോ എണ്‍പതോ വര്‍ഷം വളരെ സുഖമായി ജീവിക്കാം.ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കേണമെ, ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണ്ണമാകട്ടെ (സങ്കീര്‍ത്തനം 90-12). എന്നാല്‍ നമ്മുടെ സമയത്തില്‍ നിന്നും നമ്മുടെ ചിന്തകളെ അകറ്റി നിര്‍ത്തുവാന്‍ സാത്താന് പ്രത്യേക കഴിവുണ്ട്. ലോകത്തിന്റേതായ എല്ലാം നമ്മെ കീഴ്‌പ്പെടുത്തുമ്പോള്‍, നമ്മുടെ ജ്ഞാനത്തെ തിന്മ മറയ്ക്കുന്നു. പൗലോസ് ശ്ലീഹ ഇപ്രകാരം പറയുന്നു, ഇപ്പോള്‍ തിന്മയുടെ ദിനങ്ങളാണ്, അതിനാല്‍ നിങ്ങളുടെ സമയം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുവിന്‍ (എഫേസോസ് 5 16)

ജോസഫ് ജോര്‍ജ്ജ്

700 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140899