നീ എവിടെയാണ് (ജോസഫ് പി. എന്‍)

ഇന്ന് എന്നോടും നിങ്ങളോടും ദൈവമായ കര്‍ത്താവ് ചോദിക്കുന്ന ഒരു ചോദ്യമാണ് നീ എവിടെയാണ്? എന്നുള്ളത.് പറുദീസയില്‍ ആക്കിയ മനുഷ്യനെ കാണുവാനും സംസാരിക്കുവാനും സന്തോഷിക്കാനും കടന്നുവരുന്ന കര്‍ത്താവ് മനുഷ്യനെ കാണാത്തതിനാല്‍ ചോദിക്കുന്ന ചോദ്യമാണ് ഇത്.ആദം എന്ന വാക്കിനര്‍ത്ഥം മനുഷ്യന്‍ എന്നാണ്. അതിനാല്‍ ആദം മനുഷ്യകുലത്തിന്റെ പ്രതീകമാണ്.

നീ എവിെടയാണ്? എന്ന ചോദ്യം തന്റെ തന്നെ അവസ്ഥയെ കുറിച്ചു ബോധവാനാകാന്‍ മനുഷ്യനെ സഹായിക്കുന്നു. ആത്മശോധനയ്ക്കുള്ള ആഹ്വാനമാണിത്, മറിച്ച് കുറ്റാരോപണമോ, ശാസനയോ അല്ല. പിതൃസഹജമായ വാത്സല്യമാണ് ഈ ചോദ്യത്തില്‍ ധ്വനിക്കുന്നത്. പാപം ചെയ്ത തുമൂലം മനുഷ്യന്‍ ദൈവസന്നിധിയില്‍ നിന്നും അവന്റെ പറുദീസയില്‍നിന്നും അകന്നു. ഇപ്പോള്‍ നമ്മള്‍ എവിടെയാണ്? പറുദീസ അനുഭവത്തിലാണോ, അതോ കര്‍തൃസന്നിധിയില്‍ നിന്ന് ഓടി അകന്നിട്ടുണ്ടോ?

അഭിഷേകം നഷ്ടപ്പെടുത്തി ജഢത്തിന്റെ സുഖമോഹങ്ങളില്‍ കഴിയുന്ന മക്കള്‍ എവിടെയാണ് ജീവിക്കുന്നത്. മദ്യപാനം, മയക്കുമരുന്ന്, മോഷണം, വെറുപ്പ്, വിദ്വേഷം, കുററംപറച്ചിലുകള്‍ തുടങ്ങി ദൈവത്തിനു നിഷിദ്ധമായ പ്രവര്‍ത്തിക്കുന്നവരോട് ദൈവത്തിന്റെ ആത്മാവു മുഖേന അവിടുന്നു പറയുന്നു, നീ എവിടെയായാലും ഏതവസ്ഥയിലായാലും തിരിച്ചുവരിക, എന്റെ സന്നിധിയിലേക്ക്. സ്വഭവനത്തില്‍ നിന്ന് പിതാവിന്റെ സ്‌നേഹത്തില്‍ നിന്ന് ദൂരദേശത്തേയ്ക്ക് ധൂര്‍ത്ത ടിക്കാന്‍ പോയ മകനേയും കാത്തിരിക്കുന്ന സ്‌നേഹനിധിയായ പിതാവിനെ (വി.ലൂക്കാ 15:11-24) വരെയുള്ള വാക്യങ്ങളില്‍ കാണാം. ലോക സുഖമോഹങ്ങളില്‍ മുഴുകി ജഢത്തിന്റ വാസനകള്‍ക്ക് വിട്ടുകൊടുത്ത് ജീവിച്ച ആ മകന്‍ അനുതപിച്ച് പിതാവിന്റെ സ്‌നേഹത്തിലേക്കും സന്തോഷത്തിലേക്കും തിരിച്ചുവരുന്നത് എത്ര മനോഹരമായാണ് യേശു നമ്മോടു വിവരിക്കുന്നത്.

ക്ഷണികമായ ഈ ജീവിതത്തില്‍ പ്രിയപ്പെട്ടവരെ, നമുക്ക് തിരിച്ചു വരാന്‍ സമയമായി. അത് നാളെയെന്നോ മറ്റൊരു ദിവസമെന്നോ മാറ്റി വെക്കാനുള്ളതല്ല. അത് ഇന്നുതന്നെയാണ് അല്ല, അത് ഇപ്പോള്‍ തന്നെയാണ്. കാല്‍വരിയിലെ കുരിശുമരണ സമയത്ത് വലതുവശത്തെ കുറ്റവാളി അവന്റെ ജീവിതത്തെ പൂര്‍ണമായി യേശുവില്‍ സമര്‍പ്പിച്ച് കര്‍ത്താവിലേയ്ക്ക് തിരിഞ്ഞപ്പോള്‍ ആ നിമിഷം തന്നെ കര്‍ത്താവ് അവന് പറുദീസയില്‍ യേശുവിനോടു കൂടെയായിരിക്കാന്‍ അവസരം നല്കുന്നത് ലൂക്കാ.23:42-43 വാക്യങ്ങളില്‍ കാണുന്നു.

പ്രിയപ്പെട്ടവരെ തിന്മയെ വെറുത്തു നന്മയെ മുറുകെപ്പിടിച്ചുകൊണ്ട് നമുക്ക് ദൈവമായ കര്‍ത്താവിന്റെ സന്നിധിയിലായിരിക്കാം അവിടുന്ന് ‘നീ എവിടെയാണ്’’ (ഉത്പത്തി 3:10) എന്നു ചോദിക്കുമ്പോള്‍ പൂര്‍ണമായ അനുതാപത്തോടെ നമുക്ക് ഏറ്റുപറയാം, ‘പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും, നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ഇനി യോഗ്യനല്ല. (വി.ലൂക്കാ 15:21) അങ്ങനെ നഷ്ടപ്പെട്ടു പോയ പറുദീസ അനുഭവം നമുക്ക് വീണ്ടെടുക്കാം, അതോടൊപ്പം എന്നും ദൈവസന്നിധിയിലായിരിക്കാം. ആമേന്‍.

226 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 102952