മകളേ...മാപ്പുതരൂ...

മലയാളസിനിമയുടെ നിത്യഹരിതവസന്തമായിരുന്ന ശ്രീ. ഐ.വി. ശശിയുടെ മരണാനന്തര ചടങ്ങുകള്‍ ലൈവായി കാണുന്നതിനിടക്കല്ലായോ, മനസ്സിനെ നടുക്കിയ ഒരു വാര്‍ത്ത ടി.വിയില്‍ സ്‌ക്രോളു ചെയ്തു പോകുന്നതു കണ്ടേ...ഇക്കഴിഞ്ഞ 7-ാം തിയതി അമേരിക്കയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ, ഷെറിന്‍ എന്ന പിഞ്ചോമലിന്റെ കൊലപാതകക്കുറ്റത്തിന് മലയാളിയായ വളര്‍ത്തച്ചനെ അറസ്റ്റ് ചെയ്‌തെന്ന്!!! പണ്ട് അമ്മച്ചി ചന്തേന്ന് വരുമ്പോള്‍ മീനിന്റെ മണമടിച്ച് പിന്നാലെ കൂടുന്ന പൂച്ചക്കുട്ടിയെ വീട്ടില്‍ ഇണക്കി വളര്‍ത്തുന്നതും, പിന്നീട് അത് വീടു മുഴുവന്‍ അപ്പിയിട്ട് നാറ്റിക്കുമ്പോള്‍ അമ്മച്ചിതന്നെ അതിനെ ആറ്റിന്റെ അക്കരെ കൊണ്ടുപോയി കളയുന്നതുംമറ്റും ഞാന്‍ കണ്ടിട്ടുണ്ട് കേട്ടോ...ഇതിപ്പൊ അങ്ങനെയാണോ? ഒന്നുമല്ലേലും സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന മാലാഖപോലത്തെ ഒരു സുന്ദരിവാവയല്ലായിരുന്നോടാവ്വേ...എന്നാ പറയാനാന്നേ, കുഞ്ഞുനാളുമുതല്‍ ഉപേക്ഷിക്കപ്പെടലും അവഗണിക്കപ്പെടലും ആ കുഞ്ഞിന്റെ കൂടപ്പിറപ്പായിരുന്നത്രേ...ആദ്യമുപേക്ഷിക്കപ്പെട്ടത് പത്തുമാസം ചുമന്ന് പ്രസവിച്ച പെറ്റമ്മയാല്‍, ഒടുവിലിതാ ബീഹാറിലെ നളന്ദ ആശ്രമത്തില്‍നിന്നും അമേരിക്കയുടെ വശ്യതയിലേയ്ക്ക് അവളെ കൂടെക്കൂട്ടിയ അവളുടെ വളര്‍ത്തപ്പനാലും...അങ്ങേര് ശരിക്കും വീട്ടില്‍ വളര്‍ത്തിയതു മനുഷ്യക്കുട്ടിയെത്തന്നെയല്ലായിരുന്നുവോ? പാലുകുടിക്കാത്തതിനവന്‍ പാതിരായ്ക്ക് കുട്ടിയെ വെളിയില്‍ ഇറക്കിവിട്ടെന്നുപോലും! പൊന്നു മകളേ...മാപ്പുതരൂ...ഈ ലോകം നിന്നെ വെറുത്തെന്നു നിനക്കു തോന്നിയേക്കാം...എന്നാല്‍ മകളേ, പെറ്റമ്മ മറന്നാലും മറക്കാത്ത (ഏശയ്യ: 49:15) നിന്റെ പൊന്നുതമ്പുരാന്‍ നിന്നെ അവിടുത്തെ മാറോടു ചേര്‍ത്തോളും...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109831