ഇതാ ഞാന്‍... എന്നെ അയച്ചാലും...

ആഗ്രഹിച്ചു നേടിയ ജോലിയുമായി ആണ് വിനു ഗള്‍ഫില്‍ എത്തിയത്. സാമ്പത്തികമായി വലിയ പ്രതിസന്ധിയില്‍ പെട്ട കുടുംബത്തില്‍ നിന്നായതിനാല്‍ ഒത്തിരി ഉത്തരവാദിത്വങ്ങള്‍ അവന് നിറവേറ്റാന്‍ ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹവും വീടുപണിയും എല്ലാം സ്വപ്നം കണ്ടാണ് അവന്‍ ജോലിക്കായി എത്തിയത്. എത്രയും പെട്ടെന്ന് ഉത്തരവാദിത്വം തീര്‍ത്ത് സ്വസ്ഥമാകണം... അത് മാത്രമായിരുന്നു അവന്റെ ഉള്ളുമുഴുവന്‍... പള്ളിയില്‍ പോകാനോ, പ്രാര്‍ത്ഥിക്കാനോ ഒന്നും ശ്രമിക്കാതെ അവന്‍ ജോലിയില്‍ മാത്രം മുഴുകി. എന്നാല്‍ എത്ര ജോലി ചെയ്തിട്ടും എന്തൊക്കെയോ അതൃപ്തി അവനെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍ തന്നെക്കാള്‍ അധികം ബാധ്യതകളുമായി മുറിയില്‍ കൂടെ താമസിക്കുന്ന സുനിലിന്റെ മുഖത്തെ നിറഞ്ഞ ചിരിയുടെയും സന്തോഷത്തിന്റെയും കാരണം തിരക്കിയ അവന് ലഭിച്ചത് വലിയൊരു ബോധ്യമായിരുന്നു. തന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സാന്ത്വനമാകുവാന്‍, സഹായമേകുവാന്‍ ശ്രമിക്കുന്ന അദ്ധേഹം അനുഭവിക്കുന്ന ആത്മീയ സന്തോഷം തനിക്കും അനുഭവിക്കണം എന്ന ആഗ്രഹം ഉള്ളില്‍ നിറഞ്ഞപ്പോള്‍ വിനുവിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. 

പ്രിയരെ, മുകളില്‍  കണ്ടതുപോലെ പല വിനുമാരും നമുക്കിടയില്‍ ഉണ്ട്. ബാധ്യതകളുടെ ഭാണ്ഡവുമായി കടന്നുവന്നിട്ടും അതിനിടയില്‍ എപ്പോഴോ ദൈവസ്‌നേഹത്തിന്റെ മാധുര്യം നുകര്‍ന്നവരല്ലേ നാമെല്ലാം. എന്നാല്‍ നമുക്ക് ലഭിച്ച ആ ദൈവാനുഭവം മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ എപ്പോഴെങ്കിലും നാം ശ്രമിച്ചിട്ടുണ്ടോ? കിട്ടിയ അനുഗ്രഹങ്ങളെ സ്വന്തമാക്കി വച്ചുകൊണ്ട് എല്ലാ ബാധ്യതയും തീര്‍ത്തു കഴിഞ്ഞ ശേഷം ദൈവശുശ്രൂഷക്കായി ഇറങ്ങാം എന്നാണ് നമ്മില്‍ പലരും ചിന്തിക്കുന്നത്, അല്ലെ...? നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും. (മത്താ.6:33) എന്ന തിരുവചനത്തില്‍ ഉറച്ചു വിശ്വസിച്ചു കൊണ്ട് മിഷനു വേണ്ടി ഇറങ്ങാന്‍ ധൈര്യം കാണിച്ച അനേകര്‍ നമുക്കിടയില്‍ ഉണ്ട്. നമുക്ക് നല്‍കപ്പെട്ട ഈ ജീവിതത്തിന്റെ നല്ല സമയത്തിന്റെ ഒരു പങ്ക് ഇപ്പോള്‍ തന്നെ തമ്പുരാനു വേണ്ടി നമുക്ക് മാറ്റി വയ്ക്കാം. തനിക്കായി അനേകരെ നേടുവാനായി നമ്മുടെ ഹൃദയ വാതിലില്‍ അവന്‍ മുട്ടുമ്പോള്‍ ഏശയ്യാ പ്രവാചകനെ പോലെ നമുക്കും ഉത്തരം നല്‍കാം... കര്‍ത്താവേ, ഇതാ ഞാന്‍, എന്നെ അയച്ചാലും...

സ്‌നേഹപൂര്‍വ്വം, 

റിജോ മണിമല

എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137838