കുറച്ചു നാളുകള്‍ക്ക് മുമ്പ് പത്രത്തില്‍ വന്ന ഒരു വാര്‍ത്ത നമ്മില്‍ കുറേയാളുകളെങ്കിലും കണ്ടിരിക്കാം. ഒരു പ്രമുഖ താരത്തിന്റെ പുതിയ സിനിമ ഇറങ്ങിയ ദിവസം താരാരാധനയുടെ ആവേശത്തില്‍ ഒത്തുകൂടിയ ആളുകള്‍. ആവേശം കൂടിയപ്പോള്‍ അത് ഒരു അപകടത്തിന് വഴിവെക്കുന്നു. അതില്‍ ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. എന്നാല്‍, പരിക്കേറ്റ ആളെ ശുശ്രൂഷിക്കുവാനോ ഒന്ന് തിരിഞ്ഞുനോക്കുവാനോ ശ്രമിക്കാതെ ബാക്കിയുള്ളവര്‍ ആവേശത്തില്‍ മുങ്ങിപ്പോയിരുന്നു.
ഇങ്ങനെ, ഓരോ സിനിമകള്‍ ഇറങ്ങുമ്പോഴും എത്ര ആവേശത്തോടെയാണ് ആളുകള്‍ അതിനെ വരവേല്‍ക്കുന്നത്. ഓരോ സിനിമയിലെയും താരങ്ങളുടെ വസ്ത്രങ്ങളും വേഷപകര്ച്ചകളുമെല്ലാം അതേപടി പകര്‍ത്തിക്കൊണ്ടു അവരെ അനുകരിക്കുവാന്‍ അവരുടെ ആരാധകര്‍ മത്സരിക്കുന്ന കാഴ്ച്ചകള്‍ നാം ദിനംപ്രതി കാണുന്നുണ്ട്. സിനിമയെയും താരാരാധനയെയും അടച്ചാക്ഷേപിക്കുവാനൊന്നുമല്ല ഇത്രയും പറഞ്ഞത്. ചില കാര്യങ്ങള്‍ കുറിച്ചുവെയ്ക്കുന്നു, അത്രമാത്രം.
എന്റെ പ്രിയപ്പെട്ടവരെ, താരങ്ങളെ അനുകരിക്കുവാന്‍ നാം എന്തിനും തയ്യാറാകുന്നു. എന്നാല്‍, തമ്പുരാനെ അനുകരിക്കുവാന്‍ നാം എന്തു ചെയ്യുന്നുണ്ട്? എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ? കാലിത്തൊഴുത്തു മുതല്‍ കാല്‍വരിയുടെ വിരിമാറുവരെ ജീവിതം നമുക്കായി വീതിച്ചു തന്നുകൊണ്ടാണ് അവന് നമുക്കു മാതൃക കാണിച്ചുതന്നത്. ഒപ്പമായിരിക്കുവാന്‍ അപ്പത്തോളം ചെറുതായവന്റെ ജീവിതത്തെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്തുവാന്‍ നമുക്കും കഴിയണം. ജീസസ് യൂത്ത് മുന്നേറ്റത്തിലെ സ്ഥായി ഭാവങ്ങളായ 6 പില്ലേഴ്സ് നമ്മെ അതിലേക്ക് നയിക്കാനുതകുന്നവയാണ്. രാത്രിയുടെ ഏകാന്ത യാമങ്ങളില്‍ പിതാവുമൊത്തു പ്രാര്‍ത്ഥനയില്‍ ചിലവഴിച്ച ക്രിസ്തുവിനെപ്പോലെ നമുക്കും നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ ദൈവസാമിപ്യം അനുഭവിക്കുവാന്‍ കഴിയണം. ഗലീലിത്തീരങ്ങളില്‍ സ്നേഹത്തിന്റെ സുവിശേഷവുമായി കടന്നുചെന്ന്, ആലംബഹീനര്‍ക്ക് അത്താണിയായിത്തീര്‍ന്ന ക്രിസ്തുവിനെപ്പോലെ, നമ്മുടെയുള്ളിലും അപരനോടുള്ള സ്നേഹം ജ്വലിക്കട്ടെ. തിരുവചനത്തില്‍ ആഴപ്പെട്ട്, കൂദാശകളാല്‍ പോഷിപ്പിക്കപ്പെട്ട്, സ്നേഹത്തിന്റെ സുവിശേഷവുമായി നമുക്ക് വേദനിക്കുന്നവരിലേക്ക് കടന്നുചെല്ലാം. ഈ ആറ് സ്തൂപങ്ങളില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നമ്മുടെ ജീവിതശൈലിയെ രൂപപ്പെടുത്താം. അങ്ങനെ ലോകത്തില്‍ പടര്‍ന്നുപിടിക്കട്ടെ, ക്രിസ്തുവിന്റെ ഫാന്‍സ് അസോസ്സിയേഷനുകള്‍. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...