വഴിയും സത്യവും ജീവനുമായവനേ...

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ സമയം കളയുന്നതിനിടയില്‍ ഒരു കൊച്ചു വീഡിയോ കണ്ണിലുടക്കി. വേറൊന്നുമല്ല, 5 മിനിറ്റ് താഴെയുള്ള ഒരു ഷോര്‍ട്ട് ഫിലിം. 3 പേര്‍ മാത്രം അഭിനയം കാഴ്ച വച്ച ആ ഫിലിം, എന്തൊക്കെയോ നന്മകള്‍ പങ്കുവയ്ക്കുന്നതായി തോന്നി. കഥ ഇങ്ങനെ. വീട്ടിലെ 10വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഇളയമകന് പറ്റിയ കയ്യബദ്ധം മൂലം അമ്മ പൊന്നുപോലെ നോക്കുന്ന കോഴിക്കുഞ്ഞില്‍ ഒരെണ്ണത്തിന്റെ ജീവന്‍ നഷ്ടപ്പെടുന്നു. അമ്മ പള്ളിയില്‍ പോയ സമയത്തു നടന്ന സംഭവം മൂത്തമകള്‍ കാണാനിടയായി. അമ്മയെ അറിയിക്കുമെന്ന് പറഞ്ഞ മൂത്ത മകള്‍ ഭയപ്പെടുത്തി, പല കാര്യങ്ങളും അവനെക്കൊണ്ട് സാധിച്ചെടുക്കുന്നു.  എന്നാല്‍ അവസാനം അവന് കുറ്റബോധം സഹിക്കാതെ വന്നപ്പോള്‍, അവന്‍ അമ്മയോട് സത്യം തുറന്നു പറഞ്ഞു. സത്യം തുറന്നു പറഞ്ഞ മകനെ ചേര്‍ത്തുനിര്‍ത്തി. നിങ്ങളേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് പറഞ്ഞ അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ആ കുഞ്ഞുമുഖം സന്തോഷത്താല്‍ വിടര്‍ന്നു.

പ്രിയപ്പെട്ടവരേ,

ലോകത്തിലെ ഏറ്റവും വലിയൊരു സത്യത്തിന്റെ ആഘോഷത്തിലൂടെ കടന്നു പോവുകയാണ് ഈ നാളുകളില്‍ നാം. എത്രെയൊക്കെ ക്രൂശിക്കാന്‍ ഏല്‍പ്പിച്ചുകൊടുത്തിട്ടും, മൂന്നാം നാള്‍ ഉയിര്‍ത്തുവന്ന ക്രിസ്തുവെന്ന വലിയസത്യം. ക്രൂശിതന്റെ വഴിയിലൂടെ നോമ്പുദിനങ്ങള്‍ പിന്നിട്ട് അവന്റെ ഉത്ഥാനത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോകുന്ന ഈ നാളുകള്‍ക്കപ്പുറവും നമ്മുടെയൊക്കെ ജീവിതങ്ങളിലൂടെ വഴിയും സത്യവും ജീവനുമായി കടന്നു വന്നവന്റെ സന്ദേശം മറ്റുള്ളവരില്‍ പ്രകാശം പടര്‍ത്തണം. അതിനായി നോമ്പിന്റെ പുണ്യവുമായി പരിശുദ്ധാത്മാവിന്റെ ദാനവരങ്ങളാല്‍ പൂരിതരായി, സത്യത്തിന്റെ പൂര്‍ണ്ണതയില്‍ നമ്മെ എത്തിക്കുന്ന തിരുവചനത്തില്‍ നമുക്ക് ആഴപ്പെടാം. മാംസമായി അവതരിച്ച വചനം നമ്മുടെയുള്ളിലും രൂപം പ്രാപിക്കാനുള്ള കൃപയ്ക്കായി ഈ ദിനങ്ങളില്‍ നമുക്ക് ആഴമായി പ്രാര്‍ത്ഥിക്കാം. ജീവിതത്തിലെ സന്തോഷത്തിലും. സന്താപത്തിലും ക്രൂശിതനെ മുറുകെപ്പിടിക്കുവാന്‍ നമുക്ക് കഴിയട്ടെ.

 

പ്രാര്‍ത്ഥനകളോടെ,

റിജോ മണിമല

എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476