തെളിയിക്കാം... കാരുണ്യത്തിന്റെ തിരിനാളം...

ചെറുപ്പകാലത്ത് വേദപഠനക്ലാസ്സില്‍ നിന്നാണ് ആദ്യമായി വിശുദ്ധരെ കുറിച്ച് കേട്ടുതുടങ്ങിയത്. വശുദ്ധ ഫ്രാന്‍സിസ് അസ്സീസിയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുമെല്ലാം അന്നുമുതലേ ഹൃദയത്തില്‍ ഇടം നേടിയ വിശുദ്ധ വ്യക്തിത്വങ്ങളാണ്. ദൂരെയേതോ നാട്ടില്‍ ജനിച്ച്, സ്വന്തം ജീവിതം അപരന് പകുത്തു നല്‍കികൊണ്ട് വിശുദ്ധിയുടെ പടികള്‍ ചവിട്ടിക്കയറിയ ആ പുണ്യാത്മാക്കള്‍ ആ കാലംതൊട്ടേ മനസ്സില്‍ എവിടെയോ ദൈവസ്‌നേഹത്തിന്റെ തിരിവെട്ടം തെളിച്ചിരുന്നു. 

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു 2018ന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ വിശുദ്ധര്‍ എന്നത് നമ്മില്‍ നിന്നും അകലെ നില്‍ക്കുന്ന വ്യക്തിത്വങ്ങള്‍ അല്ലായെന്ന് തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ നൂറ്റാണ്ടില്‍ നമ്മുടെ മാതൃരാജ്യത്തില്‍ ജീവിച്ചുകൊണ്ട് ദൈവസന്നിധിയിലേയ്ക്ക് കടന്നുപോയ നമ്മുടെയൊക്കെ പ്രിയപ്പെട്ട കല്‍ക്കട്ടായിലെ വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ അല്‍ഫോന്‍സാമ്മയും എവുപ്രാസ്യാമ്മയും ചാവറയച്ചനുമൊക്കെ നമുക്കു മുമ്പില്‍ തെളിയിച്ചു തരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. വിശുദ്ധിയിലേയ്ക്കുള്ള വിളി നമ്മില്‍ നിന്നും ഒട്ടും അകലെയല്ല എന്ന സത്യം... അവര്‍ ഓരോരുത്തരും തങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചുകൊണ്ട് ലോകത്തിന്റെ മോഹങ്ങള്‍ക്ക് അനുരൂപരാകാതെ ദൈവത്തിന്റെ സ്‌നേഹത്താല്‍ നിറഞ്ഞുകൊണ്ട് അനേകര്‍ക്ക് മാര്‍ഗ്ഗദീപം തെളിയിച്ചു. അവര്‍ ആരും തന്നെ വിശുദ്ധര്‍ എന്ന് വിളിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ജീവിച്ചവര്‍ ആകില്ല. എന്നാല്‍ 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത് '(മത്തായി 25:40) എന്ന തിരുവചനം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് മറ്റുള്ളവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുക മാത്രമാണ് അവര്‍ ചെയ്തത്.

പ്രിയ സഹോദരങ്ങളെ, നമുക്കും നമ്മുടെയിടല്‍ വേദനിക്കുന്നവര്‍ക്കിടയിലേയ്ക്ക് ഇറങ്ങിചെല്ലാം...ജ്വലിക്കുന്ന ആത്മാവും ദൈവസ്‌നേഹം തുടിക്കുന്ന ഹൃദയവുമായി അപരന്റെ കണ്ണീരൊപ്പാന്‍, അവന്റ നെഞ്ചകത്തിന്റെ നൊമ്പരം ഹൃദയത്തിലേറ്റു വാങ്ങാന്‍ നമുക്കും മറ്റൊരു ക്രിസ്തുവായി മാറാം.. വിശുദ്ധിയുടെ പടവുകള്‍ നമ്മില്‍ നിന്നും ഒട്ടും അകലെയല്ല എന്ന ബോധ്യം എന്നും നമുക്ക് മുറുകെപ്പിടിക്കാം. വിശുദ്ധരാകാന്‍ വിളിക്കപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് ദൈവാനുഗ്രഹങ്ങള്‍ നേര്‍ന്നുകൊണ്ട്...

 

സ്‌നേഹപൂര്‍വ്വം

റിജോ മണിമല

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88957