നിറയാം ആത്മാവാല്‍... പകരാം സ്‌നേഹസുഗന്ധം...

ഭിന്നശേഷിയുള്ള കുട്ടികളുടെ കായികമത്സരം സ്‌കൂളില്‍ അരങ്ങേറുകയാണ്. അടുത്ത ഇനമായ ഓട്ടമത്സരത്തിനായി കുട്ടികള്‍ തയ്യാറായിക്കഴിഞ്ഞു. കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനായി അവരുടെ പ്രിയപ്പെട്ട അധ്യാപിക ഫിനിഷിങ് പോയിന്റില്‍ കാത്തുനില്പുണ്ട്. മത്സരം തുടങ്ങിയപ്പോള്‍ കുരുന്നുകള്‍ തങ്ങളുടെ വിഷമതകള്‍ മറന്നുകൊണ്ട് ആവേശത്തോടെ ഓടുകയാണ്. ലക്ഷ്യത്തിലേക്കെത്താന്‍ കുറച്ചു ദൂരം മാത്രം ഉള്ളപ്പോഴാണ് പെട്ടെന്ന് കൂട്ടത്തില്‍ ആദ്യമെത്തിയവന്റെ കണ്ണുകള്‍ പുറകിലേക്ക് പാഞ്ഞത്. തന്റെ കൂടെ ഓടിയിരുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍ പാതിവഴിയില്‍ വീണുകിടക്കുന്നതു കണ്ടപ്പോള്‍ അവന്റെ കുരുന്നുഹൃദയം വിങ്ങിപ്പൊട്ടി. ഉടന്‍തന്നെ മറ്റെല്ലാം മറന്ന് അവന്‍ പുറകിലേക്ക് കുതിച്ചു. ചുറ്റും കൂടിയിരിക്കുന്ന അനേകരുടെ കണ്ണുകള്‍ നിറഞ്ഞുകവിയുന്നതിനിടയില്‍ അവനും മറ്റു കുട്ടികളും വീണുകിടക്കുന്ന തങ്ങളുടെ കൂട്ടുകാരനെയും താങ്ങിയെടുത്തുകൊണ്ട് ഫിനിഷിങ് പോയിന്റില്‍ എത്തിച്ചേര്‍ന്നു.

പ്രിയപ്പെട്ടവരേ, ഇന്ന് നാം ഉള്‍പ്പെടുന്ന സമൂഹവും ഓട്ടത്തിലാണ്... വിലപ്പെട്ട പലതും നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ കൂടെ ഓടുന്നവരെ പലപ്പോഴും ഇന്ന് ലോകം മറന്നുപോകുന്നു. സ്വന്തം നേട്ടം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന അനേകര്‍ക്കിടയില്‍ ഇന്ന് നാമൊക്കെയും ജെറുസലേമില്‍നിന്നും ജെറീക്കോയിലേക്കുള്ള ഒരു യാത്രാദൂരം പിന്നിടേണ്ടിയിരിക്കുന്നു. ആ യാത്രക്കിടയില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നമ്മുടെ കരുണയുള്ള സ്‌നേഹവും  പ്രതീക്ഷിച്ചുകഴിയുന്ന സഹോദരങ്ങളെ നമ്മുടെയിടയില്‍ കണ്ടെത്തുവാന്‍ നമുക്ക് കഴിയും. ജീവിതത്തിന്റെ വീഴ്ചകളില്‍ വീണുകിടക്കുന്ന അവന്റെ മുറിവില്‍ സ്‌നേഹത്തിന്റെ തൈലം പൂശി കരുണയുടെ കരസ്പര്‍ശവുമേകി പ്രതീക്ഷയുടെ പുലരിയിലേക്ക് നയിക്കുവാന്‍ നാമൊക്കെയും ബാധ്യസ്ഥരാണ്. നാം ആയിരിക്കുന്ന ഇടങ്ങളില്‍ ഒക്കെയും തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത നിര്‍മലസ്‌നേഹം അത് അര്‍ഹിക്കുന്നവന് പകര്‍ന്നുനല്കുവാന്‍ നമുക്കോരുത്തര്‍ക്കും പരിശ്രമിക്കാം. അങ്ങനെ നാം ലക്ഷ്യം വയ്ക്കുന്ന ആ നല്ല സമറായന്റെ ജീവിതശൈലി നമുക്കും സ്വന്തമാക്കാം. അപരന്റെ വേദനകളെ നെഞ്ചേറ്റുവാങ്ങിയ അനേകം വിശുദ്ധ ജീവിതങ്ങള്‍ നമുക്ക് മാതൃകയായി തീരട്ടെ. അളവില്ലാത്ത ക്രിസ്തുസ്‌നേഹം നമ്മില്‍ ഓരോരുത്തരില്‍നിന്നും അനുസ്യൂതം ഒഴുകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

 

സ്‌നേഹപൂര്‍വ്വം

റിജോ മണിമല

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 77827