ഉണരട്ടെ ഉള്ളിലെ കുഞ്ഞുമിഷണറി...

ഞായറാഴ്ച കുര്‍ബാനയ്ക്ക് ഇടയ്ക്കുള്ള അറിയിപ്പിന്റെ സമയം. വികാരിയച്ചന്‍ വിളിച്ചുപറയുന്നു അടുത്ത ഞായറാഴ്ച മിഷന്‍ ഞായറാഴ്ച്ച ആണ്, ഈ വര്‍ഷത്തെ മിഷന്‍ സംഭാവനകള്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുവാനാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അതില്‍ പങ്കെടുക്കുവാനായി കുട്ടികള്‍ എല്ലാവരും ശനിയാഴ്ച്ച രാവിലെ 8:30നു തന്നെ പള്ളിയില്‍ എത്തിച്ചേരണം. തോമസുകുട്ടിയും ടോണിയും ആന്‍മരിയയുമെല്ലാം പരസ്പരം നോക്കി. അവരുടെ കണ്ണുകള്‍ സന്തോഷംകൊണ്ടു തിളങ്ങി. കുര്‍ബാന കഴിഞ്ഞു ഇറങ്ങിയപ്പോള്‍തന്നെ അവര്‍ വട്ടംകൂടി ചര്‍ച്ച ചെയ്യുവാന്‍ തുടങ്ങി. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഇത്തവണയും എല്ലാവര്‍ക്കും ഒരുമിച്ചു കൂട്ടായ്മകളിലെ പരമാവധി വീടുകളില്‍ കയറിയിറങ്ങണം. അവര്‍ തരുന്ന കൊച്ചുകൊച്ചു സാധനങ്ങള്‍ ശേഖരിച്ച് പള്ളിയില്‍ എത്തിക്കണം. അതൊക്കെയോര്‍ത്തപ്പോള്‍ എത്രയും വേഗം ശനിയാഴ്ച ആയാല്‍ മതിയെന്ന ചിന്തയിലായി കുട്ടികള്‍ ഓരോരുത്തരും...

പ്രിയപ്പെട്ടവരേ, നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഇന്നും ആ കുഞ്ഞു മിഷണറി ഒളിഞ്ഞുകിടപ്പില്ലേ. അന്നത്തെ ആ സന്തോഷം ഒന്നുകൂടി അനുഭവിക്കുവാന്‍ നമുക്ക് ആഗ്രഹമില്ലേ. കുട്ടിക്കാലത്തു നമ്മുടെയൊക്കെ ഉള്ളില്‍ രൂപാന്തരപ്പെട്ട ആ മിഷന്‍ ചൈതന്യം പകര്‍ന്നുനല്കിക്കൊണ്ട് അനേകര്‍ക്കുമുന്നില്‍ സാക്ഷികളാകേണ്ടവരാണ് നാമെല്ലാവരും. ജീസസ് യൂത്ത് മുന്നേറ്റത്തോട് ചേര്‍ന്നുനില്‍ക്കുന്ന നാമോരോരുത്തരും വിളിക്കപ്പെട്ടവരാണ്. ഇന്നിന്റെ മിഷണറിയാവാന്‍... അവന്റെ വയലിലെ നല്ല വേലക്കാരാകുവാന്‍..

'നിങ്ങള്‍ ലോകമെങ്ങും പോയി സകലസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന ഗുരുവചനം നെഞ്ചോടുചേര്‍ത്തുകൊണ്ട് പാവപ്പെട്ടവരിലും വേദനിക്കുന്നവരിലും എല്ലാം എന്റെ ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കുവാന്‍ എനിക്കും കഴിയണം. അതിനായി ഞാനും ഇറങ്ങിത്തിരിക്കണം, അവരുടെയിടയിലേക്ക്. അതിനായി നമ്മുടെയൊക്കെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആ കുഞ്ഞുമിഷണറി ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ...നമുക്കും കടന്നുചെല്ലാം..ലോകത്തിന്റെ അതിര്‍ത്തികളോളം..സ്‌നേഹത്തിന്റെ സുവിശേഷവുമായി...അതിനായി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..

 

സ്‌നേഹപൂര്‍വ്വം,

റിജോ മണിമല

എഡിറ്റര്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137836