മറക്കാം ഇന്നലെകളെ...

ജീവിക്കാം ഇന്നില്‍... ക്രിസ്തുവിനൊപ്പം...

'വിരിയുവാന്‍ വെമ്പുന്ന മുട്ടയുടെ ഉള്ളില്‍ പിറക്കുവാന്‍ കൊതിക്കുന്ന ഒരു ജീവന്‍ ഒളിഞ്ഞു കിടപ്പുണ്ട്', 'അഴിയുവാന്‍ തുടങ്ങുന്ന ധാന്യത്തിന്റെ ഉള്ളില്‍ അനേകര്‍ക്ക് തണല്‍ ആകേണ്ട ഒരു മരത്തിന്റെ ആഗ്രഹം മറഞ്ഞു കിടപ്പുണ്ട്'. പണ്ടെങ്ങോ കേട്ടുമറന്ന മനോഹരമായ രണ്ടു വാചകങ്ങള്‍. മാറ്റം അത് ഓരോ ജീവിതത്തിലും സംഭവിക്കേണ്ട, അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് ഉള്ള പ്രയാണത്തിലാണ് ഓരോ ജീവിതവും. ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഏല്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, അനിവാര്യമായ മാറ്റത്തിന്റെ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ ആ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളു.

പ്രിയപ്പെട്ടവരെ, 2 കൊറിന്തോസ് 5-ാം അദ്ധ്യായം 17-ാം തിരുവചനം ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. 'പഴയത് കടന്നുപോയി, ഇതാ പുതിയത് വന്നു കഴിഞ്ഞു'. ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ ക്രിസ്തുവിന്റെ കൂടെ ആയിരിക്കുന്ന നമ്മില്‍ ഓരോരുത്തരിലും ഈ കടന്നുപോകല്‍ സംഭവിച്ചുകഴിഞ്ഞതാണ്. കേട്ടറിഞ്ഞ ക്രിസ്തുവിനെ തൊട്ടറിഞ്ഞ അനുഭവങ്ങളുടെ സാക്ഷ്യം നമുക്കോരോരുത്തര്‍ക്കും പങ്കുവയ്ക്കുവാന്‍ ഉണ്ടാകും. കടന്നുപോയി എന്നുപറയുമ്പോള്‍ തന്നെ, വീണ്ടും തിരികെപോകാന്‍ കഴിയില്ല എന്ന് നമുക്കു മനസിലാവും. അതുകൊണ്ടുതന്നെ, നമ്മുടെ പഴയകാല ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് കടന്നുവന്നിരിക്കുന്ന നമ്മില്‍ ഓരോരുത്തരിലും ക്രിസ്തുവിലുള്ള പുതിയ ജീവിതത്തിന്റെ സന്തോഷം എന്നും നിലനിര്‍ത്തുവാന്‍ നമുക്കുകഴിയണം. തന്നെ മൂടിയിരുന്ന മുട്ടത്തോടിനുള്ളിലേക്ക് കോഴിക്കുഞ്ഞിന് വീണ്ടും പ്രവേശിക്കുവാന്‍ കഴിയാത്തതുപോലെ, തന്നെ പൊതിഞ്ഞിരുന്ന ധാന്യമണിയുടെ ഉള്ളില്‍ വീണ്ടും കയറിപ്പറ്റുവാന്‍ വന്‍മരത്തിനു സാധിക്കാത്തതുപോലെ, നമ്മുടെ ആ പഴയ ജീവിതസാഹചര്യങ്ങളിലേക്ക് ഒരിക്കലും തിരികെ പോകുവാന്‍ സാധ്യമല്ല എന്ന യാഥാര്‍ഥ്യത്തെ കെടാതെ ഉള്ളില്‍ സൂക്ഷിക്കുവാന്‍ എന്നും നമുക്കു കഴിയണം. ലോകത്തിന്റെ ചിന്തകള്‍ മാടിവിളിക്കുമ്പോള്‍ അവയോടൊക്കെ 'എനിക്കൊരു ക്രിസ്തു ഉണ്ട്' എന്ന് ഉറക്കെവിളിച്ചുപറയുവാനുള്ള ആത്മധൈര്യം നമ്മുടെയൊക്കെ ഉള്ളില്‍ നിറഞ്ഞുകവിയട്ടെ. ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ചുകൊണ്ട്, അവിടുത്തെ ജീവനുള്ള തിരുവചനത്തില്‍ നിന്നും ശക്തി സംഭരിച്ചുകൊണ്ട് അനേകര്‍ക്ക് താങ്ങാകുവാന്‍, ക്രിസ്തുവിലേക്കുള്ള വഴിവിളക്കാകുവാന്‍ വിളിക്കപ്പെട്ട നമുക്കോരോരുത്തര്‍ക്കും അതിനു സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കാം, പ്രാര്‍ഥിക്കാം...

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

 

സ്‌നേഹപൂര്‍വ്വം,

റിജോ മണിമല

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591