മാനുഷ്യരെല്ലാരുമൊന്നുപോലെ....

സമീപ കാലത്തൊന്നും കേരളം ഇത്ര വലിയ പ്രളയത്തെ അഭിമുഖീകരിച്ചിട്ടില്ല. അത്രയ്ക്കും ഭീകരമായിരുന്നു നാം നേരിട്ട ദുരന്തം. ഒരിക്കലും എനിക്കൊന്നും ഒന്നും സംഭവിക്കില്ല എന്ന നമ്മുടെ ഓരോരുത്തരുടേയും ഉറച്ച വിശ്വാസത്തിന്മേല്‍ ജലപ്രളയം ആര്‍ത്തിരമ്പി. ഒരു ജന്മം കൊണ്ട് സമ്പാദിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു, പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി, ഒട്ടേറെപ്പേരുടെ ജീവന്‍ നമുക്ക് നഷ്ടമായി. മലയാളികളായ നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രളയം ബാധിച്ചു എന്നതാണ് വസ്തുത.

ഈ പ്രളയം ലോകത്തെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഐക്യഖണ്ഡേന ലോകത്തിന്റെ നാനാഭാഗത്തുള്ള മലയാളികള്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചത് ഈ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരുടേയും അത്ഭുതത്തിന് ഇടയാക്കി. എല്ലാവരും ഒന്നിച്ച് കേരളത്തെ  വീണ്ടെടുക്കാനുള്ള ശ്രമം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ഈ കൂട്ടായ്മ ലോകത്തിനു തന്നെ മാതൃകയാണ്. ലോക രാജ്യങ്ങള്‍ക്ക് മലയാളി എത്ര പ്രിയപ്പെട്ടവനാണ് എന്ന് തെളിയിക്കുന്നതു കൂടിയായി ഈ നാളുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയും, യു.എ.ഇ ഭരണാധികാരികളും ഉള്‍പ്പെടെ എല്ലാ ലോകനേതാക്കളും നമ്മുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു.

ഈ ജലപ്രളയം നമ്മില്‍ നിന്നും പൊളിച്ചു കളഞ്ഞ ജാതിമത വര്‍ഗ്ഗവര്‍ണ്ണ വിവേചനത്തിന്റെ മതില്‍കെട്ടുകള്‍ നമുക്ക് ഇനി പണിതുയര്‍ത്താതിരിക്കാം. എല്ലാവരേയും സ്വന്തം സഹോദരനും സഹോദരിയും ആയി കണ്ട് ഇപ്പോള്‍ പ്രവര്‍ത്തിച്ച അതേ ഐക്യത്തോടെ മുന്നോട്ടു പോകുവാനുള്ള വലിയ കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. പ്രളയദുരന്തത്തില്‍ കഷ്ടപ്പെടുന്ന എല്ലാവരേയും തിരുഹൃദയ നാഥന്റെ മുന്‍പില്‍ നമുക്ക് സമര്‍പ്പിക്കാം. അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കുന്നില്ല. അതിജീവനത്തിനായി പൊരുതുന്ന നമ്മുടെ നാടിനെ അവിടുന്ന് കാത്തുകൊള്ളും. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവരിലേയ്ക്ക് നമുക്കായി സര്‍വ്വതും, സ്വജീവന്‍ തന്നെയും ത്യജിച്ചവന്റെ പ്രത്യാശ നിറയുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം...

ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

 

സ്‌നേഹപൂര്‍വ്വം 

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 77826