നിനക്കു ഞാനില്ലേ...

ലക്ഷത്തില്‍ മൂന്നുപേര്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ് മേരി. വിശുദ്ധ ബൈബിളിലെ ജോസഫിനേപ്പോലെ നീതിമാനായ ജിവിതപങ്കാളിയാണ് മേരിയുടെ താങ്ങും തണലും. കാല്‍ നൂറ്റാണ്ടായി രാപകലില്ലാതെ കൂട്ടും കരുതലുമായി ജോസഫ് മേരിക്കരികിലുണ്ട്.  കാഴ്ചശക്തിയും കേള്‍വിശക്തിയും ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരുന്ന മേരിക്ക് നാട്ടുവിശേഷം പറഞ്ഞുകൊടുക്കുന്നതിനായി ജോസഫ് എഴുതി തീര്‍ത്തത് 42 നോട്ടുബുക്കുകള്‍. കാഴ്ചശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ട ദിവസം മുതല്‍ മേരിയുടെ കൈവിരലുകള്‍ പിടിച്ച് ബെഡ്ഷീറ്റില്‍ എഴുതിച്ച് ജോസഫ് ഭാര്യയോട് സംസാരിക്കുന്നു. ഇല്ലായ്മകളെക്കുറിച്ച് ജോസഫ് ചിന്തിക്കുന്നതേയില്ല. ഈ മനുഷ്യന് ഓരോ ദിവസവും പ്രത്യാശയുടേതു മാത്രമാണ്.

കഴിഞ്ഞ ഞായറാഴ്ചയിലെ ദിനപ്പത്രത്തില്‍ കോഴിക്കോട് കൂരച്ചുണ്ട് സ്വദേശികളായ ജോസഫിന്റെയും മേരിയുടെയും ജീവിതത്തെക്കുറിച്ച് വന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണിത്. ഈ ലേഖനം വായിച്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചികിത്സാ ചിലവുകള്‍ സഭ ഏറ്റെടുക്കുകയും ചെയ്തു. ജീവിതത്തില്‍ ഒട്ടേറെ സഹനങ്ങള്‍ ഉണ്ടായിട്ടും ഈശോയെ മുന്‍നിര്‍ത്തി എല്ലാറ്റിനേയും സന്തോഷത്തോടെ നേരിട്ട ഈ ജോസഫ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യനാനെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

കഷ്ടപ്പാടുകളും സഹനങ്ങളും നമ്മുടെ ജീവിതത്തില്‍ സാധാരണമാണ്. സഹനങ്ങളെ നാം നേരിടുന്ന വഴികളാണ് നമ്മെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കേണ്ടത്. ജോസഫ് ചേട്ടന്റെയും മേരി ചേച്ചിയുടെയും ജീവിതം ഇവിടെ നാം മാതൃകയാക്കണം. തന്റെ ഭാര്യ തളര്‍ന്നു കിടന്ന ഇരുപത്തഞ്ചു വര്‍ഷങ്ങളിലും അദ്ദേഹം അവരെ പരിചരിക്കാതിരുന്നില്ല, ഒരിക്കല്‍ പോലും ഉപേക്ഷിക്കണമെന്ന് ചിന്തിച്ചതുമില്ല.  സഹനങ്ങളെല്ലാം അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുത്തു. ആരോടും ഒരു പരിഭവവും കാണിച്ചില്ല. എല്ലാം തന്റെ ഈശോയ്ക്ക് സമര്‍പ്പിച്ചു. ആയതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആലഞ്ചേരി പിതാവിലൂടെ കര്‍ത്താവ് ഇടപെട്ടു.

പ്രിയപ്പെട്ടവരെ, നമുക്കും നമ്മുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകളെ, വേദനകളെ, ആവശ്യങ്ങളെ എല്ലാം നമ്മുടെ നാഥന്റെ മുന്‍പില്‍ സമര്‍പ്പിക്കാം. ഈ ലോകത്തിന്റെ ഉടയവന്‍ നമ്മുടെ വേദനകളിലേയ്ക്ക് കടന്നുവരും... തീര്‍ച്ച. അതിനായി കാരുണ്യവാനായ അവിടുത്തെ മുന്‍പില്‍ ഒരു മനസ്സോടെ നമുക്കണയാം.       ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

 

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍   (എഡിറ്റര്‍)

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 86383