കലപ്പയില്‍ കൈ വയ്ക്കുന്നവരും അത് കത്തിക്കുന്നവരും

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ക്കു ശേഷമുള്ള കാലഘട്ടം കേരള സഭയെ സംബന്ധിച്ചിടത്തോളം ഒരു നവോത്ഥാന കാലഘട്ടം ആയിരുന്നു. കരിസ്മാറ്റിക് നവീകരണം സഭയില്‍ ഉയര്‍ത്തിയ വിപ്ലവമാറ്റങ്ങളുടെ അലയൊലികള്‍ ഒട്ടുമിക്ക ഭവനങ്ങളിലും ഉണ്ടായി. ജീസസ്സ് യൂത്ത് എന്ന വലിയൊരു യുവജന മുന്നേറ്റം തന്നെ പിറവിയെടുത്തു. അല്‍മായരില്‍ നിന്നും ഒട്ടേറെപ്പേര്‍ ആത്മീയ നേതൃത്വങ്ങളിലേയ്ക്ക് കടന്നു വന്നു. അവരുടെയെല്ലാം മുഖങ്ങളും പേരുകളും ആത്മീയ മാസികകള്‍ വഴിയും വലിയ കണ്‍വെന്‍ഷനുകളിലെ പ്രസംഗങ്ങള്‍ വഴിയും ഒക്കെ എല്ലാവര്‍ക്കും നല്ല പരിചിതമായി. വര്‍ഷങ്ങള്‍ കടന്നുപോയി. ഒന്നു തിരിഞ്ഞു നോക്കാം... അന്ന് നേതൃത്വത്തില്‍ ഉണ്ടായിരുന്ന ചില മുഖങ്ങളെയൊക്കെ ഇന്ന് തിരഞ്ഞാല്‍ നാം എത്തിപ്പെടുക ചില സഭാവിരുദ്ധ കൂട്ടായ്മകളിലും അല്ലെങ്കില്‍ പഴയതിലും മോശമായ ജീവിത രീതികളിലും ഒക്കെ ആയിരിക്കും. 

പ്രിയപ്പെട്ടവരേ, ഒരുവന്‍ ക്രിസ്തുവിലേയ്ക്ക് തന്റെ ജീവിതം സമര്‍പ്പിച്ചാല്‍ പിന്നെ കാത്തുസൂക്ഷിക്കേണ്ട ചില നിലപാടുകള്‍ ഉണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ആ നിലപാടുകളില്‍ വെള്ളം ചേര്‍ക്കുമ്പോഴാണ് മൂല്യശോഷണം സംഭവിക്കുന്നത്. പലപ്പോഴും ക്രിസ്തുവിന്റെ ശിഷ്യത്വം എന്നത് ലോക മോഹങ്ങള്‍ക്ക് എതിരെയുള്ള ഒരു നിയന്ത്രിത ജീവിതം ആയിരിക്കും. പല ശിഷ്യപ്രമുഖരും വീണുപോയിരിക്കുന്നത് ഈയൊരു മേഖലയില്‍ ആണ്. തല ചായ്ക്കാന്‍ ഇടമില്ലാതെ നടന്ന ആ ഗുരുവിനെ എത്രപേര്‍ അനുകരിക്കാന്‍ ശ്രമിക്കുന്നു?

സ്വന്തം മാതാപിതാക്കളെ പോലും ധിക്കരിക്കാന്‍ ഒരൊറ്റ സാഹചര്യത്തില്‍ മാത്രം ക്രിസ്തു നമ്മെ അനുവദിക്കുന്നു. അത് ദൈവരാജ്യ വേലയ്ക്കായുള്ള അവന്റെ വിളിയിലാണ്. ഓര്‍ക്കുക, എത്രയോ മഹത്തരമായ വിളിയാണ് ദൈവരാജ്യ പ്രഘോഷണമെന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നു, മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും സുവിശേഷ പ്രഘോഷണത്തിനായ് വിളിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നാം പാലിക്കേണ്ട ചില മുന്‍ഗണനാ ക്രമങ്ങളുണ്ട്. അതില്‍ ഒരുപക്ഷേ നമ്മുടെ ഭവനവും ഭൗതിക സാഹചര്യങ്ങളും എല്ലാം പിന്നിലായേക്കാം. ഒന്നോര്‍ക്കുക, ഇങ്ങനെ ചെയ്യുമ്പോള്‍ ജീവന്റെ പുസ്തകത്തില്‍ നമ്മുടെ പേര് എഴുതി ചേര്‍ക്കപ്പെടുകയാണ്. കലപ്പയില്‍ കൈ വെച്ചിട്ട് തിരിഞ്ഞു നോക്കുന്നവനും, സ്വന്തം കലപ്പ കത്തിച്ച് നാട്ടുകാര്‍ക്ക് വിരുന്ന് നല്‍കി ദൈവവേലയ്ക്കായി ഇറങ്ങിയ ഏലീഷായും ചിന്താവിഷയമാകുന്നത് ഈ സാഹചര്യത്തിലാണ്. പ്രാര്‍ത്ഥിക്കാം... പത്തരമാറ്റ് ശിഷ്യത്വത്തിനായ്...

 

സ്‌നേഹപൂര്‍വ്വം,

മാത്യു ഈപ്പന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70582