ഉണ്ണി സ്വര്‍ഗ്ഗത്തിലേക്ക് പോയീട്ടാ.....

ഏറ്റവും അധികം മനസ്സിനെ വേദനിപ്പിക്കുകയും എന്നാല്‍ ആ വേദനകളില്‍ നിന്ന്  വലിയൊരു ദൈവശാസ്ത്രം പഠിക്കുകയും ചെയ്ത ദിവസങ്ങളാണ് കടന്നുപോയത്. സ്വര്‍ഗ്ഗത്തിന്റെ പ്രത്യേക പദ്ധതികളുമായി അല്‍പദിവസത്തേയ്ക്ക് ഭൂമിയിലേക്ക് വന്ന്, എന്നാല്‍ ഒരു മുഴുവന്‍ ജീവിതത്തിനുവേണ്ടുന്ന ആത്മീയപാഠം നമ്മളെ പഠിപ്പിച്ചിട്ടു പോയ ഒരു കുഞ്ഞു മാലാഖ റാഫായേല്‍. ദുബായ് ജീസസ്‌യൂത്ത് ഇത്രയധികം മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തിയ വേറൊരു നിയോഗം ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കെല്ലാം മറ്റൊരു അര്‍ത്ഥതലം നല്‍കികൊണ്ട് ഒത്തിരിയേറെപേരെ പ്രാര്‍ത്ഥനയുടേയും കൂട്ടായ്മയുടേയും ഒറ്റചരടില്‍ കോര്‍ത്തിണക്കി, ആ പ്രാര്‍ത്ഥനാ ചരടിനെ ആശുപത്രികളില്‍ പ്രാര്‍ത്ഥിക്കാന്‍ പോലും ആളു കളില്ലാതെ കരയുന്ന ഒട്ടേറെ കുഞ്ഞുങ്ങളുമായി കൂട്ടിയിണക്കിയ കുഞ്ഞു മാലാഖ തന്റെ ദൗത്യം പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തിലേക്ക് ചിറകടിച്ചുയര്‍ന്നു.

നമ്മുടെ എല്ലാ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കും ശക്തിയുണ്ട്, സംശയമില്ല. എങ്കിലും മനുഷ്യന്‍ വിഭാവനം ചെയ്യുന്ന പദ്ധതികളിലും വലുതാണ് ദൈവത്തിന്റെ പദ്ധതി. പലപ്പോഴും ദൈവത്തിനു നമ്മോടുള്ള അതിയായ സ്‌നേഹംകൊണ്ട് ഈ പദ്ധതികള്‍ നീക്കിവയ്ക്കപ്പെടുന്നു. അല്ലെങ്കില്‍ മറ്റൊരു രീതിയിലേക്ക് ഈ പദ്ധതികളെ മാറ്റേണ്ടിവരുന്നു. താണ് ശ്രേഷ്ഠം, എല്ലാമറിയുന്ന അവന്റെ പദ്ധതികളോട് ചേര്‍ന്ന് ശാശ്വതമായ നന്മയിലേക്ക് പോകുന്നതോ അതോ ഒന്നുമറിയത്തില്ലാത്ത നമ്മുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുന്നതോ ? ഇനിയുള്ള നമ്മുടെ ഓരോ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും അവന്റെ നിയോഗങ്ങളോട് ആമേന്‍ പറയുന്നത് കൂടി ആകട്ടെ. 

 കുഞ്ഞ് മരിച്ചപ്പോള്‍ 'ഉണ്ണി സ്വര്‍ഗ്ഗത്തിലേക്ക് പോയീട്ടാ' എന്ന സന്ദേശം അയച്ച ആ പിതാവിന്റെ ആത്മീയ ബോധ്യങ്ങളെ വന്ദിക്കുന്നു. 2സാമുവേല്‍ പന്ത്രണ്ടാം അദ്ധ്യയത്തിലെ ദാവീദ് രാജാവിനെയാണ് ഓര്‍മ്മ വരുന്നത്. സ്വന്തം കുഞ്ഞ് മരിച്ചപ്പോഴും ആത്മീയ ധീരത കാണിച്ച ആ അഭിഷക്തന്‍. കൃപയുടെ അഭിഷേകം ഇനിയും ധാരാളമായി ആ മാതാപിതാക്കളിലേക്ക് ചൊരിയപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കാം. ഒപ്പം നന്ദിയോടെ ഓര്‍ക്കാം  സ്‌നേഹവും കരുതലും പ്രാര്‍ത്ഥനയും ആവശ്യമുള്ള ധാരാളം കുഞ്ഞുങ്ങളെ ഈ പ്രാര്‍ത്ഥനാ ചരടില്‍ കോര്‍ത്തിണക്കി തന്നിട്ട് സ്വര്‍ഗ്ഗത്തിലേക്ക് ചിറകടിച്ചുയര്‍ന്ന റാഫേല്‍ എന്ന കുഞ്ഞു മാലാഖയേയും.

 

സ്‌നേഹപൂര്‍വ്വം,

മാത്യു ഈപ്പന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70576