ഉയരട്ടെ കരങ്ങള്‍ ഉത്ഥിതനിലേയ്ക്ക്...

വിശുദ്ധ ബൈബിളിലുടെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പലയിടങ്ങളിലും മറ്റുള്ളവര്‍ക്കുവേണ്ടി, ലാഭേച്ചയില്ലാതെ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന അനേകം അഭിഷക്തരേയും വിശുദ്ധരേയും നാം കണ്ടിട്ടുണ്ടാവാം. ജനനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച എസക്കിയേല്‍ പ്രവാചകന്‍, ഇസ്രായേലിനുവേണ്ടി പ്രാര്‍ത്ഥിച്ച മോശയും ദാവീദും മറ്റനേകം പ്രവാചകന്മാരും, സ്വന്തം ദാസന്മാര്‍ക്കായ് പ്രാര്‍ത്ഥിച്ച ജോബ്, സഭാനേതാക്കന്മാര്‍ക്കായ് നിരന്തരം പ്രാര്‍ത്ഥിക്കുന്ന വിശുദ്ധ പത്രോസും പൗലോസും മറ്റനേകം വിശുദ്ധരും... അങ്ങനെ എത്രയോ വിശുദ്ധരുടേയും രക്തസാക്ഷികളുടേയും പുണ്യപാവനമായ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സഭയിലെ മക്കളായ നമുക്കും മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ കടമയുണ്ട്. 

പ്രിയപ്പെട്ടവരെ, നമ്മുടെയെല്ലാം വാട്ട്‌സാപ്പില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി ഒരു ഗ്രൂപ്പുണ്ടാകും. നമ്മുടെ വേദനകളും ആവശ്യങ്ങളുമെല്ലാം നാം അതില്‍ ഇടാറുമുണ്ട്. അനേകര്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജപമാലകള്‍, വിശുദ്ധ കുര്‍ബാന, ഉപവാസം എന്നിങ്ങനെ നമ്മുടെ ഓരോ നിയോഗങ്ങള്‍ക്കു വേണ്ടിയും ധാരാളം പുണ്യ പൃവര്‍ത്തികള്‍ നമ്മളുമായി യാതൊരു പരിചയവുമില്ലാത്തവര്‍ പോലും നമുക്കു വേണ്ടി ചെയ്യാറുണ്ട്. പലപ്പോഴും നമ്മുടെ ജീവിതത്തിലുണ്ടായ സഹനങ്ങളുടെ കഴിഞ്ഞു പോയ നാളുകള്‍ പരിശോധിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും. ദൈവത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ട നമുക്ക് അവിടുന്ന് സകലതും നന്മയ്ക്കായി             പരിണമിപ്പിച്ചത്. ആ സമയങ്ങളിലൊക്കെ നിരാശരാകാതെ നമ്മെ പിടിച്ചു നിറുത്തിയ ഒരു ബലമുണ്ട്. അതാണ് കൈകള്‍ വിരിച്ച് നമ്മുടെ നിയോഗങ്ങളെ സ്വന്തം നിയോഗങ്ങളായി കണ്ട് ത്യാഗങ്ങളെടുത്ത് പ്രാര്‍ത്ഥിച്ച മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മ.

നമുക്കായ് ദൈവസന്നിധിയിലേയ്ക്ക് ഉയരുന്ന കരങ്ങളിലാണ് നമ്മുടെ ഊര്‍ജ്ജം നില കൊള്ളുന്നത്. നാം മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന സമയത്തിനാണ് ദൈവം നമുക്ക് വില നല്‍കുക. സ്വന്തം സഹോദരങ്ങള്‍ക്കായി നാം പ്രാര്‍ത്ഥിക്കാന്‍ ഓരോ തവണ കരങ്ങളുയര്‍ത്തുമ്പോഴും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള നമ്മുടെ ദൂരം അത്രയും ലഘൂകരിക്കപ്പെടും. തന്നെ കുരിശിലേറ്റിയ ശത്രുക്കള്‍ക്കുവേണ്ടി പോലും  പ്രാര്‍ത്ഥിച്ച ഉത്ഥിനായ യേശുവാണ് നമ്മുടെ മാതൃക. ഉയരട്ടെ നമ്മുടെ കരങ്ങള്‍ ഉത്ഥിതനിലേയ്ക്ക്. 

 

സ്‌നേഹപൂര്‍വ്വം,

മാത്യു ഈപ്പന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70567