ദയനീയമായ ആ നോട്ടം

ചെറിയ പെരുന്നാളിനു മുന്‍പുള്ള നോമ്പുകാലം, ഓഫീസ് സമയം ചുരുക്കി കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍, പുറത്തു വച്ച് ഭക്ഷണം കഴിക്കാന്‍ പറ്റില്ല എന്നതൊഴിച്ചാല്‍   വളരെ സന്തോഷമുള്ള കാലം. രണ്ടുമണിക്ക് ശേഷം ഓഫീസില്‍ നിന്ന് ഇറങ്ങി റൂമിലേക്ക് കാറ് ഓടിച്ചു പോകുമ്പോള്‍ കാണുന്ന വണ്ടികള്‍ക്കെല്ലാം കൈകാണിച്ച് നില്‍ക്കുന്ന കുറേ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ സ്ഥിരം കാഴ്ചയാണ്. കത്തുന്ന ചൂടില്‍ അവരുടെ ദയനീയ മുഖങ്ങള്‍, പലപ്പോഴായി അവരുടെ മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞിട്ടുമുണ്ട്. എങ്കിലും അവരില്‍ ചിലരേയെങ്കിലും കയറ്റിക്കൊണ്ടു പോകാന്‍ ഇതുവരെ തോന്നിയിട്ടില്ല.

അന്ന് പതിവിലും നേരത്തേ ഇറങ്ങി. റൂം എത്താനായി ഏകദേശം 5 കിലോമീറ്റര്‍ ദൂരം കൂടിയേ കാണൂ.  ദൂരെനിന്ന് രണ്ടു പേര്‍ വണ്ടിക്ക് കൈ കാണിക്കുന്നുണ്ട്. റോഡിനു നടുവിലേയ്ക്ക് കയറിയാണ് അവരുടെ നില്‍പ്പ്. ഒരാളെ ചുമലില്‍ താങ്ങിയാണ് അടുത്തവന്‍ നില്‍ക്കുന്നത്. എന്തൊ പ്രശ്‌നം ഉണ്ട്. എന്തായാലും അവരെ കയറ്റാം എന്ന് മനസ്സില്‍ ഉറപ്പിച്ചു. കാറിന്റെ വേഗത കുറഞ്ഞു. ആ നേരം മനസ്സില്‍ ആയിരമായിരം ചിന്തകള്‍ മാറിമാറി വന്നു. അവരെ കയറ്റിയാലുള്ള വിയര്‍പ്പിന്റെ ഗന്ധം, അവര്‍ക്ക് വേറേ എവിടെയെങ്കിലും ആയിരിക്കും പോകേണ്ടത്ച, എന്റെ ഉച്ചയുറക്കത്തിനുള്ള സമയം നഷ്ടപ്പെടും, അങ്ങനെ പലതും. എന്റെ വാഹനത്തിന്റെ വേഗത കുറഞ്ഞതു കണ്ട് അവര്‍ പ്രതീക്ഷയോടെ നില്‍ക്കുകയാണ്. ഒരു സെക്കന്‍ഡിന്റെ പകുതിയിലൊരംശം കൊണ്ട് എന്നിലെ നന്മയെ തിന്മ കീഴടക്കി.ഞാന്‍ നിര്‍ത്താതെ വണ്ടിയോടിച്ചുപോയി. ഗ്ലാസിലൂടെ ഞാന്‍ കണ്ടു അവരുടെ ദയനീയമായ മുഖം, ദൈവത്തിന്റെ ദാനത്താല്‍ ലഭിച്ച സൗകര്യത്തില്‍ ഒരു നിമിഷം ഞാന്‍ അഹങ്കരിച്ചപ്പോള്‍ അപമാനിക്കപ്പെട്ടുപോയ എന്റെ സഹോദരന്റെ മുഖം. അന്ന് എന്റെ ഉറക്കം നഷ്ടപ്പെട്ടു. എന്റെ ദൈവമേ, എന്തുകൊണ്ടാണ് എനിക്ക് പൊരിവെയിലത്ത് നിന്നിരുന്ന ആ പാവങ്ങളെ സഹായിക്കാന്‍ കഴിയാതെ പോയത്?

പ്രിയപ്പെട്ടവരെ, ജീവിതവഴികളില്‍ ഒരിക്കലെങ്കിലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കും നമ്മില്‍ പലരും.  സഹായിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും മനസ്സില്‍ ഒരുപാട് നന്മ കാത്തുസൂക്ഷിക്കുന്നവനായിരുന്നിട്ടു പോലും അത് വേണ്ട സാഹചര്യത്തില്‍ വിനിയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ. വി.പൗലോസ് ശ്ലീഹാ പറയുന്നു, 'ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.'(റോമ 7:19) ഇത് നാമോരോരുത്തരുടെയും ജീവിതത്തലും സംഭവിക്കുന്നത് നമ്മില്‍ കുടികൊള്ളുന്ന പാപം നിമിത്തമാണ്. മാരക പാപങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുമെങ്കിലും നിസ്സാരമെന്നു കരുതുന്ന ലഘുപാപങ്ങളാല്‍ നാം നമ്മുടെ ഹൃദയങ്ങളെ മലിനമാക്കുന്നു. പാപ സാഹചര്യങ്ങളില്‍ നിന്നും അകന്ന് സഹജീവികള്‍ക്ക് നന്മചെയ്യാവുന്നവരായി. മാറാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834