യൗസേപ്പ് പിതാക്കന്മാര്‍ അന്യം നിന്നു പോകാതിരിക്കട്ടെ...

പുരുഷമേധാവിത്വ ചിന്താഗതി കുറച്ചു കൂടുതല്‍ ആയതുകൊണ്ടാവാം യൗസേപ്പിതാവിനോട് കുറച്ച് സ്‌നേഹം കൂടുതല്‍ ഉണ്ടായിരുന്നു. തിരുക്കുടുംബത്തിലെ അധികമാരും അറിയാതെ പോയ ഒരു കഥാപാത്രം എന്നൊക്കെയുള്ള ബാലിശമായ ചിന്താഗതികളായിരുന്നു ആദ്യമൊക്കെ. വിശുദ്ധ ഗ്രന്ഥത്തില്‍ അധികം പരാമര്‍ശിക്കപ്പെടാതെ ആ വിശുദ്ധന്‍ ഉണ്ട്. പക്ഷേ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങള്‍ ധാരാളം മതി വിശുദ്ധ ജോസഫ് എന്ന യുവാവിന്റെ, ഭര്‍ത്താവിന്റെ, ഗൃഹനാഥന്റെ മൂല്യങ്ങള്‍ തിരിച്ചറിയുവാനും  ജീവിതത്തില്‍ പകര്‍ത്തുവാനും.

വിവാഹത്തിനു തൊട്ടുമുണ്ടാകുന്ന പ്രതിസന്ധികള്‍. ഏതൊരു യുവാവും തളര്‍ന്നു പോകുന്ന സാഹചര്യം. പക്‌ഷേ സ്വര്‍ഗത്തില്‍ നിന്ന് വരുന്ന സ്വപ്ന സന്ദേശങ്ങളോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചപ്പോള്‍ ആ പ്രതിസന്ധികളെല്ലാം എങ്ങോ മറയുന്നു. പ്രാര്‍ത്ഥനയില്‍ അനുദിനം വളര്‍ന്നു വരുന്ന ഓരോ ജീസസ് യൂത്തിനും ചിന്തിക്കാം, സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുമോ അതോ നിരാശനായി ലോകത്തിന്റെ സമാധാനം തേടിപ്പോകുമോ? അതുപോലെ ഈശോയുടെ ജനന സമയത്തുണ്ടാകുന്ന സംഭവങ്ങള്‍. ഏതൊരു ഭര്‍ത്താവും തളര്‍ന്നു പോകാവുന്ന അനുഭവങ്ങള്‍. പേററുനോവനുഭവിക്കുന്ന ഭാര്യയുമായി ഒരിഞ്ചു സ്ഥലം തേടി നടക്കുന്ന ജോസഫ് എന്ന ഭര്‍ത്താവ്, അവിടെയൊന്നും ആ മനുഷ്യന്‍ കോപിഷ്ഠനായെന്നോ നിലവിട്ടു പെരുമാറിയെന്നോ വിശുദ്ധ ്രഗന്ഥത്തില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. സമൂഹത്തിന്റെ കുററപ്പെടുത്തലുകള്‍ ധാരാളമായി അദ്ദേഹം കേട്ടിട്ടുണ്ടാകും. പക്ഷേ, ലഭിച്ച സൗകര്യങ്ങളെ അംഗീ കരിച്ചപ്പോള്‍ ആ പ്രസവമുറി ലോകം സ്മരിക്കുന്ന ഒന്നായി മാറി. ഓര്‍ക്കാം, ഭാര്യയുടെ പ്രസവ സമയത്ത് സാഹചര്യങ്ങള്‍ കുറച്ചെങ്കിലും എതിരായാല്‍ സകലതും മറന്ന് രൗദ്രഭാവം കെട്ടിയാടുന്ന പുരുഷ കേസരികളെ.

അതുപോലെ തന്നെയാണ് ഈജിപ്തിലേയ്ക്ക് പാലായനം ചെയ്യാന്‍ പറയുമ്പോള്‍ ദൈവത്തോട് ഒരു പരാതിയും പറയാതെ മാതാവിനൊപ്പം കൈകുഞ്ഞിനേയും നെഞ്ചോടു ചേര്‍ത്തു പിടിച്ച് കടന്നുപോകുന്ന ആ ഗ്രഹനാഥന്റെ ചിത്രം നമ്മുടെ മനസ്സില്‍ തറയ്ക്കുന്നത്. അവസാനമായി ഈശോയുടെ ബാല്യം മുഴുവന്‍ വിശുദ്ധ ലൂക്കാ സുവിശേഷകന്‍ ഒരൊറ്റ വാക്യത്തില്‍ കോറിയിടുന്നു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടേയും പ്രീതിയിലും വളര്‍ന്നുവന്നു. 

പ്രിയപ്പെട്ടവരേ, ദൈവത്തിന്റെയും അതേസമയം തന്നെ മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ന്നു വരിക അത്ര എളുപ്പമല്ല. അതിന് ഒരു നല്ല കുടുംബാന്തരീക്ഷം ഉണ്ടായിരിക്കണം. ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന അനേകം ക്രിസ്തുമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനായി അവരെ രൂപപ്പെടുത്താന്‍ ധാരാളം യൗസേപ്പിതാക്കന്മാരും...

 

സ്‌നേഹപൂര്‍വ്വം,

മാത്യു ഈപ്പന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70593