ആത്മാവിനാല്‍ നിറയാം...

മറ്റൊരു പെന്തക്കുസ്താ കൂടി നമ്മെ കടന്നുപോയിരിക്കുന്നു. മാമ്മോദീസായിലൂടെ നാം സ്വീകരിച്ച്, സ്ഥൈര്യലേപനത്തിലൂടെ സ്ഥിരീകരിച്ച, നമ്മുടെ ഉള്ളില്‍ വസിക്കുന്ന സഹായകനുമായുള്ള ഉടമ്പടി നവീകരണത്തിനുള്ള സമയം സമാഗതമായിരിക്കുന്നു, 'നിങ്ങള്‍ ലോകം എങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക' എന്ന ക്രിസ്തു കല്‍പ്പന ശിരസ്സാ വഹിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇറങ്ങിത്തിരിച്ച ക്രിസ്തു ശിഷ്യര്‍ക്ക് ശക്തിയും ധൈര്യവും നല്‍കി ഓരോ നിമിഷവും അവരെ മുന്നോട്ടു നയിച്ചത് ക്രിസ്തു വാഗ്ദാനം ചെയ്ത സഹായകനായ പരിശുദ്ധാത്മാവായിരുന്നു.

ക്രിസ്തുവാകുന്ന മൂലക്കല്ലില്‍ പണിതുയര്‍ത്തിയിരിക്കുന്ന തിരുസഭയുടെ ഊടും പാവും ശിഷ്യന്മാരും അവരുടെ പിന്‍ഗാമികളും നെയ്‌തെടുത്തിരിക്കുന്നത് പരിശുദ്ധാത്മാവിന്റെ സഹായത്തോടെയാണ്. കാറും കോളും നിറഞ്ഞ ജീവിത സമുദ്രത്തില്‍ നാം ആടിയുലഞ്ഞപ്പോള്‍ പ്രതീക്ഷയുടെ പായ് വഞ്ചി അയച്ച് ദൈവം നമ്മെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നാം ആയിരിക്കുന്ന ഇടങ്ങളില്‍ അവിടുത്തെ പ്രഘോഷിക്കുവാന്‍ വേണ്ടിയാണത്. അതിനുള്ള ധൈര്യത്തിനും ശക്തിക്കും വേണ്ടി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

 

ദൈവത്തിന്റെ ആത്മാവേ വരിക നീ എന്നുള്ളില്‍

നിറയ്ക്കുക നിന്നുടെ ശക്തിയെന്നുള്ളില്‍

മരുഭൂമിയില്‍ മരുപ്പച്ചതേടി ഞാന്‍ അലഞ്ഞിടുമ്പോള്‍

കുളിര്‍മഴയായ് പെയ്യുക എന്‍ജീവിതത്തില്‍

നിറയ്ക്കുക നിന്‍ അഗ്നിയെ എന്‍ സിരകളില്‍ 

അഗ്നിയാം നിന്‍ സുവിശേഷം സോദരര്‍ക്കേകിടാന്‍

ശക്തിയാം ആത്മാവേ വരിക നീ എന്നില്‍

സര്‍വ്വ ശക്തിയോടെ ദൈവത്തെ ആരാധിക്കാന്‍...

 

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70572