അറിയാം.. ആത്മാവിനെ...

ആദ്യകുര്‍ബാന, സ്ഥൈര്യലേനം എന്നീ കൂദാശകള്‍ക്കുള്ള ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതി നായി പള്ളിയിലേയ്ക്ക് നടന്നുകൊണ്ടിരിക്കുകയാണ് കുട്ടികളെല്ലാവരും. വഴിയിലെ മാവില്‍ കല്ലെറിഞ്ഞും, മരത്തിനോടും മൈല്‍കുറ്റിയോടുമൊക്കെ വര്‍ത്തമാനം പറഞ്ഞാണ് അവരുടെ യാത്ര. അവര്‍ നടന്ന് ഒരു സായിപ്പിന്റെ ബംഗ്ലാവിനടുത്തെത്തി. ഒരു ജര്‍മ്മന്‍കാരന്‍ സായിപ്പ് വേനല്‍ക്കാല വസതിയായി പണികഴിപ്പിച്ച ബംഗ്ലാവ്. അതിനു ചുറ്റും പലതരത്തിലുള്ള ഫലവൃക്ഷങ്ങള്‍ നില്‍ക്കുന്നു. അതിന് നടുവിലായി വലിയൊരു റംബൂട്ടാന്‍ മരം കായ്കള്‍ ചുവന്നു തുടുത്തു നില്‍ക്കുന്നു. കുട്ടികള്‍ അതും നോക്കി നില്‍ക്കുകയാണ്. കൂട്ടത്തില്‍ ഇത്തിരി തന്റേടമുള്ള ചാര്‍ളിക്കുട്ടന്‍ മതിലുചാടി തോട്ടത്തിനകത്തു കയറി കല്ലെടുത്ത് റംബൂട്ടാന്‍ ലക്ഷ്യം വച്ച് തുരുതുരാ എറിഞ്ഞു. കൂട്ടുകാര്‍ പുറത്തുനിന്ന് അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പഴങ്ങള്‍ ധാരാളം താഴേക്ക് വീഴുന്നു. നിര്‍ഭാഗ്യവശാല്‍ അവന്‍ എറിഞ്ഞ ഒരു കല്ല് ലക്ഷ്യം തെറ്റി ബംഗ്ലാവിന്റെ ജനല്‍ചില്ല് തകര്‍ത്തു. ഇതുകണ്ട് പുറത്തേക്കിറങ്ങി വന്ന സായിപ്പിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അയാള്‍ ചാര്‍ളിയെ പിടിച്ചു നിറുത്തി ഇംഗ്ലീഷില്‍ എന്തൊക്കെയോ ചീത്ത വിളിച്ചു. അവന്‍ ഒരുവിധത്തില്‍ അയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടി. 

അന്ന് വികാരിയച്ചന്‍ പരിശുദ്ധാത്മമാവിനെ കുറിച്ചാണ് ക്ലാസ്സെടുത്തത്. പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ക്കുണ്ടായ ധൈര്യവും അവര്‍ പ്രസംഗിച്ചത് വിവധ ഭാഷക്കാര്‍ക്ക് താന്താങ്ങളുടെ ഭാഷയില്‍ മനസ്സിലായതുമൊക്കെ അച്ചന്‍ വിവരിച്ചു. ഇത് കേട്ട ചാര്‍ളിയുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു. പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞാല്‍ തന്നെ ചീത്ത വിളിച്ച സായിപ്പിന്റെ ഭാഷയില്‍ അയാളെ തിരിച്ച് ചീത്ത വിളിക്കാമല്ലോ എന്നോര്‍ത്ത് അവന്‍ സന്തോഷിച്ചു. ദിവസങ്ങള്‍ കടന്നുപോയി. ചാര്‍ളിയും കൂട്ടുകാരും കുമ്പസാരിച്ച് ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിച്ചു. ചാര്‍ളി അവന്റെ വീട്ടിലെ ആഘോഷങ്ങള്‍ക്ക് ശേഷം നേരെ പോയത് ആ ബംഗ്ലാവിലേയ്ക്കാണ്. മുറ്റത്ത് ഉലാത്തുകയായിരുന്ന സായിപ്പിന്റെ മുന്‍പില്‍ നിറകണ്ണുകളോടെ അവന്‍ മാപ്പു പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ജര്‍മ്മന്‍കാരന്‍ സായിപ്പ് നോക്കി നല്‍ക്കുന്നമ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച താന്‍  പറഞ്ഞതെല്ലാം അയാള്‍ക്ക് മനസ്സിലായിക്കാണും എന്ന സംതൃപ്തിയില്‍ കണ്ണുതുടച്ച് അവന്‍ തിരിച്ചു നടന്നു.

പ്രിയപ്പെട്ടവരെ, പരിശുദ്ധാത്മാവിനെ ദൈവം നമുക്ക് ഒരു സഹായകനായി നല്‍കുമ്പോള്‍ തിരിച്ച് ദൈവം നമ്മില്‍നിന്നും പ്രതീക്ഷിക്കുന്നത് ദൈവരാജ്യത്തിന്റെ പ്രഘോഷണവും ആത്മാക്കളുടെ വിശുദ്ധീകരണവുമാണ്. ഇത് മനസ്സിലാക്കാതെ പരിശുദ്ധാത്മാവ് എന്ന വലിയ താലന്തിനെ മനസ്സില്‍ കുഴിച്ചിട്ടിരിക്കുകയല്ലേ നമ്മള്‍?. പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ നമ്മില്‍ പ്രകടമാകണമെങ്കില്‍ സഭയോട് ചേര്‍ന്ന് നിന്ന് ആത്മാവിനെ പഠിക്കണം. പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ലോകമാകുന്ന വയലിലേയ്ക്ക് സ്വര്‍ഗ്ഗത്തിന്റെ വേലക്കാരായി നമുക്ക് ഇറങ്ങാം... ദൈവം നമ്മെ അനുഗ്രഹിക്കട്ടെ...

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109417