പവ്വര്‍ഫുള്‍ പരിശുദ്ധാത്മാവ്

അറുപിശുക്കനാണ് സ്‌കറിയ ചേട്ടന്‍, കാശു ചിലവാകുമല്ലോ എന്ന് ഓര്‍ത്ത് കല്ല്യാണം പോലും കഴിച്ചിട്ടില്ല. സ്ഥലക്കച്ചവടമാണ് തൊഴില്‍. പേരുകൊണ്ടുമാത്രം ക്രിസ്ത്യാനിയായ സ്‌കറിയ ചേട്ടന് ആളുകളെ പറഞ്ഞ് പറ്റിക്കുന്ന കാര്യത്തില്‍ പ്രത്യേക കഴിവാണ്. മാതാപിതാക്കള്‍ എടുത്തുകൊണ്ട് പള്ളിയില്‍ പോയതല്ലാതെ സ്വന്തമായി നടന്ന് പള്ളിയില്‍ പോയിട്ടില്ല. പിന്നെ ജന്മനാ പാമ്പിനെ പേടിയുള്ളതുകൊണ്ടുമാത്രം കവലയിലുള്ള കപ്പേളയിലെ ഗീവര്‍ഗ്ഗീസ് പുണ്യാളനുമായി ലേശം ചങ്ങാത്തം. അതുവഴി പോകുമ്പോള്‍ ചില്ലറയുണ്ടെങ്കില്‍ നേര്‍ച്ചയിടും. അതിനും സ്‌കറിയചേട്ടന്‍ പുണ്യാളനോട് കണക്ക് പറയും. ഒരിക്കല്‍ നാട്ടിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ സ്‌കറിയ ചേട്ടന്റെ ബിസിനസ്സ് ആകെ താറുമാറായി. സ്ഥലം വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ. കപ്പേളയില്‍പോക്ക് സ്‌കറിയച്ചേട്ടന്‍ സ്ഥിരമാക്കിത്തുടങ്ങി.  നേര്‍ച്ചയിട്ട കണക്ക് പറഞ്ഞ് ഭീഷണിപ്പെടുത്തി വരെ പ്രാര്‍ത്ഥിച്ചു. ഒരു രക്ഷയുമില്ല, സാമ്പത്തിക പ്രതിസന്ധി കൂടിക്കൂടി വന്നു. അങ്ങനെ ഒരു ദിവസം കപ്പേളയിലെ കുര്‍ബാന പ്രസംഗത്തിനിടെ അച്ചന്‍ പരിശുദ്ധാത്മാവിന്റെ ശക്തിയെ കുറിച്ച് പറയുന്നത് സ്‌കറിയചേട്ടന്‍ കേള്‍ക്കാനിടയായി. അന്നു മുതല്‍ ഗീവര്‍ഗ്ഗീസ് പുണ്യാളനെ വിട്ട് പരിശുദ്ധാത്മാവിനോടായി പ്രാര്‍ത്ഥന. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സാമ്പത്തിക പ്രതിസന്ധിക്ക് അയവു വന്നു. രണ്ടുമൂന്നു സ്ഥലങ്ങള്‍ വിറ്റുപോയി. അതിനുശേഷം അയാള്‍ കപ്പേളയില്‍ പോയി ഗീവര്‍ഗ്ഗീസ് പുണ്യാളനോട് പ്രാര്‍ത്ഥിച്ചു, 'എന്റെ പുണ്യാളാ.. പരിശുദ്ധാത്മാവിനെ മുന്‍പേ പരിചയപ്പെടേണ്ടതായിരുന്നു, പരിശുദ്ധാത്മാവിന് ഭയങ്കര പവ്വറാ... പുണ്യാളന്‍ ഒന്ന് ഉഷാറായില്ലെങ്കില്‍ പാമ്പിന്റെ കാര്യം കൂടെ ഞാന്‍ പരിശുദ്ധാത്മാവിനെ ഏല്‍പിക്കും, നേര്‍ച്ചയിടലും നിര്‍ത്തും..'

പ്രിയപ്പെട്ടവരേ, പരിശുദ്ധാതമാവിനെ പറ്റിയും അവിടുത്തെ ശക്തിയെപ്പറ്റിയും പലര്‍ക്കും പല അബദ്ധ ധാരണകളും ഉണ്ട്. ആരാണ് പരിശുദ്ധാത്മാവ് ? ത്രിത്വത്തില്‍ മൂന്നാമന്‍, പ്രപഞ്ച സൃഷ്ടിയില്‍ ജലത്തിനു മീതെ ചലിച്ചുകൊണ്ടിരുന്ന ദൈവീക ചൈതന്യം, ഈശോ നമുക്ക് വാഗ്ദാനം ചെയ്ത സഹായകന്‍, പന്തക്കുസ്താ ദിനത്തില്‍ ശിഷ്യന്മാരുടെ ശരീരത്തില്‍ ഇറങ്ങിവന്ന അഗ്നി. 'ക്രിസ്തുവിനെ നമുക്ക് വെളിപ്പെടുത്തിത്തരുന്ന സത്യത്തിന്റെ ആത്മാവ് സ്വമേധയാ സംസാരിക്കുകയില്ല, യഥാര്‍ത്ഥത്തില്‍ ദിവ്യമായ ഈ മറഞ്ഞിരിക്കല്‍ അവിടുത്തെ സ്വീകരിക്കാന്‍ ലോകത്തിന് കഴിയാത്തത് അത് അവിടുത്തെ കാണുകയോ അറിയുകയോ ചെയ്യാത്തതുകൊണ്ടാണെന്ന് സഭ പഠിപ്പിക്കുന്നു.' (ഇഇഇ687) യേശുവാണ് അഭിഷക്തന്‍ എന്തെന്നാല്‍ ആത്മാവ് അവിടുത്തെ അഭിഷേകമാണ്. മാമ്മോദീസായിലൂടെ നമുക്ക് നല്‍കപ്പെട്ട്, സ്ഥൈര്യലേപനത്തിലൂടെ ജ്വലിപ്പിക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.. 

 

സ്‌നേഹപൂര്‍വ്വം

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 66874