ഈസ്റ്ററിലേയ്ക്ക് എങ്ങനെ ???

ഇടവകയിലെ യുവജനസംഘടനകളുടെ നേതൃത്വത്തിലുള്ള ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴി, എല്ലാവരും വളരെ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നു. കുരിശിന്റെ വഴിയും, കഞ്ഞി വിതരണവും കഴിഞ്ഞ്  കുരിശുമലയുടെ പലഭാഗങ്ങളിലായി യുവജനങ്ങള്‍ കൂട്ടം കൂട്ടമായി ഇരിക്കുകയാണ്, കുറച്ചുപേര്‍ മലയുടെ ചെരുവിലുള്ള പാറയില്‍ കൂട്ടമായിരുന്ന് എന്തോ തീവ്രമായ ആലോചനയിലാണ്, ഒന്നുകൂടി മലകയറാനുള്ള തീക്ഷ്ണത എല്ലാവരുടെയും മുഖത്തുണ്ട്. 'എടാ ഇന്ന് ദുഃഖവെള്ളി, മറ്റെന്നാള്‍ ഈസ്റ്ററാണ് എന്താ പരിപാടി?' കൂട്ടത്തിലുള്ള ഒരുവന്‍ നയം വ്യക്തമാക്കി, 'എടാ എന്റെ വീട്ടില്‍ കൂടാം, വീട്ടില്‍ ആരുമില്ല.  എന്തായാലും ഈസ്റ്റര്‍ അടിച്ചു പൊളിക്കണം.' കൂട്ടത്തില്‍ മുതിര്‍ന്നയാള്‍ പറഞ്ഞു. എല്ലാതീരുമാനങ്ങളും പെട്ടെന്നുതന്നെ എടുത്ത് വളരെ സന്തോഷത്തോടെ അവര്‍ മലയിറങ്ങി.

പ്രിയപ്പെട്ടവരെ, അതിദാരുണമായ പീഢകള്‍ ഏറ്റുവാങ്ങി ഈശോ കാല്‍വരിയില്‍ കുരിശില്‍ മരിച്ചത് നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരബലിയായിട്ടായിരുന്നു.  ഒരു മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വേദനകളിലൂടെ അവിടുന്ന് കടന്നു പോയത് മനുഷ്യ മക്കളെ ദൈവമക്കളാക്കുന്നതിനു വേണ്ടിയിട്ടാണ്. കുരിശിന്റെ വഴി നമുക്കു വെറും ഒരു ഓര്‍മ്മ പുതുക്കല്‍ മാത്രമാണോ? കുരിശിന്റെ വഴിയിലൂടെ നാം കടന്നു പോകുമ്പോള്‍ അതിലെ ഓരോ സ്ഥലങ്ങളെയും നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തി നമുക്ക് ചിന്തിക്കാം. 1-ാം സ്ഥലത്തില്‍ പീലാത്തോസ് യേശുവിനെ മരണത്തിന് വിധിച്ചപ്പോള്‍ അവിടുന്ന് അനുഭവിച്ച വേദന... നാമും മറ്റുള്ളവരെ  ഇതുപോലെ വിധിക്കാറില്ലേ?...  ഇങ്ങനെ ചിന്തിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങള്‍ നമുക്ക് ഓര്‍ത്തെടുക്കാനും അത് കുമ്പസാരത്തിലൂടെ വൈദികനോട് ഏറ്റു പറഞ്ഞ്  യഥാര്‍ത്ഥ വിശുദ്ധയിലേക്ക് നമുക്ക് തിരിച്ചു വരാനും സാധിക്കും. ഇനിയുള്ള ഓരോ കുരിശിന്റെ വഴികളും ദൈവത്തിങ്കലേക്കുള്ള നമ്മുടെ പുതുവഴികളാവട്ടെ. അടുത്തുവരുന്ന വിശുദ്ധവാരം നമ്മുടെയെല്ലാം ജീവിതത്തിന് ഫലദായകമാകുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ. നമുക്കും ഒരുങ്ങാം ഉത്ഥാനത്തിനായി... ഉത്ഥിതനൊപ്പം!

 

സ്‌നേഹപൂര്‍വ്വം,

ജോബിന്‍ അഗസ്റ്റിന്‍

എഡിറ്റര്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589