കറുത്ത ഷര്‍ട്ടും കാവി മുണ്ടും മരക്കുരിശും...

സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഭക്ഷണം കഴിക്കാനായി ആന്‍ണിച്ചേട്ടനും കുടുംബവും ഊണുമേശയ്ക്കു ചുറ്റും ഇരുന്നു. കപ്പ വേവിച്ചതും മുളകു ചമ്മന്തിയും.... കപ്പ മുളകില്‍ മുക്കി വായില്‍ വച്ചതും ആന്റണി ചേട്ടന്‍ ഭാര്യയോടായി.. എന്തൊരു എരിവാണെടീ... വായില്‍ വച്ച് തിന്നാന്‍ പറ്റുന്നില്ലല്ലോ...; അതെങ്ങനെയാ മനുഷ്യാ... കള്ളുകുടിച്ച് നാവിലെ തൊലിയെല്ലാം പോയിരിക്ക്യുവല്ല്യോ... പിന്നെ എങ്ങനെ എരിയാതിരിക്കും.. ലൂസി ചേച്ചി അതേ നാണയത്തില്‍ മറുപടി കൊടുത്തു. ഈ വലിയനോമ്പൊന്നു കഴിഞ്ഞോട്ടെടീ... നിന്നെ ഞാന്‍ ശരിയാക്കി തരുന്നുണ്ട്.., അപ്പാ..., ഇങ്ങനെ നോമ്പെടുത്തിട്ടെന്തിനാ... 50 ദിവസം പരമപരിശുദ്ധന്‍, അതിനുശേഷം കള്ളുകുടിയും വഴക്കും... മൂത്ത മകന്‍ തന്റെ അമര്‍ഷം മറച്ചു വച്ചില്ല. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന രണ്ടാം ക്ലാസ്സുകാരി റോസ്‌ലിന്‍ കൈകള്‍ കൂപ്പി ക്രൂശിത രൂപത്തില്‍ നോക്കി പ്രാര്‍ത്ഥിച്ചു, എന്റെ ഈശോപ്പച്ചാ... ഈ അമ്പതു നോമ്പ് പെട്ടെന്ന് അവസാനിക്കരുതേ... ഈശോപ്പച്ചന്‍ ഇച്ചിരി താമസിച്ച് ഉയിര്‍ത്തെഴുന്നേറ്റാലും സാരമില്ല, എനിക്ക് എന്റെ പപ്പായെ കള്ളുകുടിക്കാതെ എന്നും കാണാമല്ലോ...

പ്രിയപ്പെട്ടവരേ, ഇത്രയും കാലത്തെ നോമ്പാചരണം കൊണ്ട് നാം എന്തു നേടി. പഴയ മനുഷ്യനെ ഉരിഞ്ഞ് ഭദ്രമായി മാറ്റിവച്ചിട്ട് നോമ്പുകാലം പരിശുദ്ധരായി ജീവിച്ച് അതിനുശേഷം മുമ്പ് ഉരിഞ്ഞു വച്ചത് വീണ്ടും ധരിക്കുന്ന പതിവു ശൈലിയില്‍ നിന്ന് നമുക്ക് മാറണ്ടേ... ? അറിഞ്ഞോ അറിയാതെയോ നോമ്പുകാലം അടിപൊളിയായി ജീവിച്ച് ദു:ഖവെള്ളിയാഴ്ച്ച കറുത്ത ഷര്‍ട്ടും കാവിമുണ്ടും ധരിച്ച് മരക്കുരിശുമായി മലയാറ്റൂര്‍ മല ചവിട്ടി selfi എടുത്ത് #feeling sad എന്ന് facebook-ല്‍ പോസ്റ്റ് ചെയ്യുന്ന ന്യൂ ജെന്‍ നോമ്പുകാരാവാതിരിക്കാം. കാല്‍വരിയില്‍ മൂന്നാണികളില്‍ തൂങ്ങി നില്‍ക്കുന്നവന്‍ നമ്മെ വിളിക്കുകയാണ്, യഥാര്‍ത്ഥ അനുതാപത്തിലേക്ക്. അതുവഴി നിത്യജീവനിലേക്ക്. അവനിലേക്ക് ആയിരങ്ങളെ അടുപ്പിക്കാന്‍ ആ വിളി നമുക്ക് സ്വീകരിക്കാം...നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി വിശുദ്ധിയുള്ള പുതിയ മനുഷ്യരാകാം...എല്ലാവര്‍ക്കും ദൈവാനുഗ്രഹത്തിന്റെ നോമ്പുകാലം ആശംസിക്കുന്നു.

സ്‌നേഹപൂര്‍വ്വം

ജോബിന്‍ അഗസ്റ്റിന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589