ദൈവം തരുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്

ദേവാലയത്തില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന തകര്‍ത്ത് നടക്കുകയാണ്. ജോലി ലഭിക്കാനും ശമ്പളവര്‍ധനവിനും തുടങ്ങി എല്ലാ പ്രാര്‍ത്ഥനാ അപേക്ഷകളും ഉണ്ട്. പേര് സഹിതം ഉള്ള കടലാസുകുറിപ്പുകള്‍ ഏറ്റ് പറഞ്ഞ് കൈ ഉയര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും. ഒരു അമ്മച്ചി കണ്ണടച്ച് ഉറക്കെ സ്തുതിക്കുന്നുണ്ട്. പക്ഷെ ഒരൊറ്റ വ്യത്യാസം മാത്രം. അവിടെ പറയുന്ന പേരുകള്‍ ഒന്നുമല്ല അമ്മച്ചിയുടെ മനസ്സില്‍. നാട്ടില്‍ സാമാന്യം നല്ല ജോലിയുള്ള മകന് വിദേശത്ത് ഒരു ജോലി ലഭിക്കണം. മറ്റുള്ളവരുടെ പേരൊക്കെ പറയുമ്പോള്‍ ഉറക്കെ സ്തുതിക്കുന്നുണ്ടെങ്കിലും വിരിച്ച കൈകളുടെ അറ്റത്ത് നിന്ന് മുകളിലേയ്ക്ക് പോകുന്ന അപേക്ഷ മകന്റെ മാത്രം. അമ്മച്ചിയുടെ പ്രാര്‍ത്ഥന കേട്ട് ഊറിച്ചിരിച്ചുകൊണ്ട് ദൈവം ഇങ്ങനെ ചിന്തിച്ചു. ഞാന്‍ ഈ അമ്മച്ചിയുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥന സഹിക്കവയ്യാതെ അവനൊരു ജോലി വിദേശത്ത് ശരിയാക്കിക്കൊടുത്തിട്ട്, അവന്‍ അവിടെപ്പോയി ആരും നിയന്ത്രിക്കാനില്ലാതെ എല്ലാ ദു:ശീലങ്ങള്‍ക്കും അടിമയാകുമെന്നും അവിടെത്തന്നെയുള്ള ഒരു അന്യമതസ്ഥയെ വിവാഹം ചെയ്ത് ഈ അമ്മച്ചിക്ക് തന്നെ പാരയായിതീരുമെന്നും ഇവരറിയുന്നില്ലല്ലോ.

പ്രിയപ്പെട്ടവരെ, ജീവിതം നമ്മുടെ പ്ലാനും പദ്ധതിയുംപോലെ മുമ്പോട്ട് പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഏറ്റവും വലിയ തമാശ ഈ യാത്രയില്‍ മുമ്പില്‍ വരാന്‍ പോകുന്ന വളവുകളെക്കുറിച്ചും കുഴികളെക്കുറിച്ചും നമ്മള്‍ തീര്‍ത്തും അജ്ഞരാണെന്നുള്ളതാണ്. ഇതൊക്കെ അറിയാവുന്നത് ആകെ ദൈവത്തിന് മാത്രവും. എന്നിട്ടും നമ്മള്‍ ദൈവത്തിന്റെ മുമ്പില്‍കിടന്ന് നിലവിളിച്ച് യാത്ര നമ്മുടെ ഇഷ്ടത്തിനാക്കുന്നു. ശേഷം എവിടെയെങ്കിലുംവച്ച് കൂട്ടിയിടിക്കുകയോ കുഴിയില്‍ വീഴുകയോ ചെയ്യുന്നു. പിന്നെയുള്ള പ്രാര്‍ത്ഥന മുഴുവന്‍ അവിടെനിന്ന് എഴുന്നേല്പിച്ച് വണ്ടിയുടെ പണിയൊക്കെ തീര്‍ത്ത് എഴുന്നേല്പിക്കാന്‍ പ്രാപ്തനാക്കും. പിന്നെയും നമ്മള്‍ ഹേയ് ഏത് കുഴി, ഏത് വളവ് എന്നും പറഞ്ഞുകൊണ്ട് പഴയ പടി തന്നെ.

ഹിതങ്ങള്‍ പലതാണ്. സ്വന്തം ഹിതം, വീട്ടുകാരുടെ ഹിതം, കൂട്ടുകാരുടെ ഹിതം, ഓഫീസിലെ മാനേജരുടെ ഹിതം. ഇനിമുതല്‍ ആദ്യം എന്നെക്കുറിച്ചുള്ള ദൈവഹിതം എന്തെന്ന് മനസ്സിലാക്കാനും അത് പ്രാവര്‍ത്തികമാക്കാനും പരിശ്രമിക്കാം. 2018 ലെ നമ്മുടെ ആദ്യത്തെ പ്രതിജ്ഞ അതാകട്ടെ.

 

സ്‌നേഹത്തോടെ

മാത്യു ഈപ്പന്‍ 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109960