നമ്മുടെ നായകന്‍- വയസ്സ് 33, ആരോഗ്യ ദൃഢഗാത്രന്‍

ഒന്നോര്‍ത്തുനോക്കൂ, ഒരു പക്ഷേ, എന്തു മാത്രം മാനസികമായ മുറിവുകള്‍ ഏറ്റാണ് നമ്മുടെ ബാല്യവും കൗമാരവും ഒക്കെ കടന്നുവന്നിട്ടുള്ളത്. ഒരു പക്ഷെ, കുറ്റപ്പെടുത്തലുകളും സ്‌നേഹശൂന്യതയും ഒക്കെ തുടങ്ങിയത് നമ്മുടെ സ്വന്തം ഭവനങ്ങളില്‍ നിന്നു തന്നെയാകാം. ചിലരുടെയൊക്കെ ബാല്യങ്ങള്‍ അങ്ങനെയായിരുന്നു. ആരോടും ഒന്നും പറയാതെ മനസ്സിന്റെ ഉള്ളറകളില്‍ അടിഞ്ഞുകൂടിയ ചില വെറുപ്പുകള്‍, പ്രതികരണശേഷിയില്ലാത്ത ബാല്യകാലം. പിന്നീട് കാലം മുമ്പോട്ട് നീങ്ങുമ്പോള്‍ കൗമാരത്തില്‍ ചിലര്‍ക്കത് സ്വന്തം വിശുദ്ധിയെ നിഷ്‌കരുണം തല്ലിക്കെടുത്തിയ ചുറ്റുവട്ടത്തുള്ള മുതിര്‍ന്നവരോടുള്ള വെറുപ്പായി മാറാം... മറ്റു ചിലര്‍ക്ക് തന്നെ അമിതമായി ശിക്ഷിച്ച ചില അദ്ധ്യാപകരോടുള്ള പ്രതികാരമായി മാറാം... ഇത്തരത്തില്‍ ആ വ്യക്തികള്‍ യുവത്വത്തിലേക്ക് എത്തുമ്പോള്‍ സമൂഹത്തിലെ ഏറ്റവും അപകടകാരികള്‍ അവര്‍ ആയിരിക്കും. ഇത്തരക്കാരുടെ യുവത്വം മുഴുവനും ആ മുറിവുകളുടെ കണക്കു തീര്‍ക്കലുകളാല്‍ നശിക്കും. പിന്നീട് വാര്‍ദ്ധക്യത്തില്‍, ചെയ്തു പോയ ഫലശൂന്യമായ അവിവേകത്തിന്റെ പ്രവൃത്തികളെയോര്‍ത്ത് നിരാശനിറഞ്ഞ ഒരു ജീവിതമാകും പരിണിതഫലം..

പ്രിയപ്പെട്ടവരെ, ജീവിതാഹ്ലാദത്തിന് മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന്, നമ്മോടുതന്നെ പൊറുക്കാനാകുക. രണ്ട്, അപ്രിയമായ അനുഭവങ്ങളുടെ പേരില്‍ത്തന്നെ അപരനോട് ക്ഷമിക്കാന്‍ കഴിയുക. മൂന്ന്, നമുക്ക് താത്പര്യമില്ലാത്ത ജീവിതാനുഭവങ്ങള്‍ക്ക്, സഹനങ്ങള്‍ക്ക് ദൈവത്തോടും പരിഭവം ഇല്ലാതിരിക്കുക. ക്ഷമ ആത്മീയമായി മാത്രമല്ല ശാരീരികമായും നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വേണ്ടിവന്നാല്‍ പന്ത്രണ്ട് വ്യൂഹത്തിലധികം മാലാഖമാരുടെ സൈന്യത്തെ  ഞൊടിയിടയില്‍ ഭൂമിയില്‍ എത്തിക്കാന്‍ ആരോഗ്യമുള്ള ഒരു മുപ്പത്തിമൂന്നുകാരന്‍ യുവാവ്- നമ്മുടെ നായകന്‍, എന്നിട്ടും ഗത്സമേന്‍ തോട്ടത്തിലെ അര്‍ദ്ധരാത്രിമുതല്‍ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മുന്നുമണിവരെയും നിന്ന് അടി വാങ്ങുകയായിരുന്നു. അവസാനം കല്ലു പോലും പിളര്‍ന്ന് പോകുന്ന ഒരു നിലവിളിയും- പിതാവേ ഇവരോട് ക്ഷമിക്കണേയെന്ന്. അവനായിരിക്കട്ടെ, അല്ലെങ്കില്‍ അവനായിരിക്കണം ക്ഷമയുടെ കാര്യത്തില്‍ നമ്മുടെയൊക്കെ ജീവിതത്തിലെ ഹീറോ.

 

സ്‌നേഹത്തോടെ 

മാത്യു ഈപ്പന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88956