ശുദ്ധീകരിക്കുന്ന അഗ്നി

സകല മരിച്ചവരുടെയും ഓര്‍മ്മ ദിവസം, സെമിത്തേരി സന്ദര്‍ശനത്തിനിടെ ഇടവകജനങ്ങള്‍ക്ക് സന്ദേശം നല്‍കുകയാണ് വികാരിയച്ചന്‍. മരിച്ച വിശ്വാസികളുടെ സ്വര്‍ഗ്ഗപ്രവേശനമാണ് വിഷയം. ഭൂമിയിലെ ജീവിതത്തിനനുസരിച്ച് എങ്ങനെയുള്ളവര്‍ക്കാണ് സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും ലഭിക്കുക എന്നതിനെക്കുറിച്ചൊക്കെ അച്ചന്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അച്ചന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ തന്റെ അടുത്ത് നിന്ന സോഫിയോട് ജാന്‍സി പറഞ്ഞു, 'മരിച്ചവരെക്കുറിച്ച് മോശം പറയാന്‍ പാടില്ലെന്നാ, ഇപ്പോ അച്ചന്റെ പ്രസംഗം കേട്ടപ്പോഴാ സമാധാനമായത്. എന്നതാടീ നീ പറയുന്നേ?' ജാന്‍സി ചോദിച്ചു. 'എന്റെ അമ്മായിയമ്മ മരിച്ചുകഴിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോയോ എന്ന് എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു. ഇപ്പോള്‍ മനസ്സിലായി ആളുണ്ടാകുമെന്ന്.' എന്നെ എന്തുമാത്രം കഷ്ടപ്പെടുത്തിയതാണെന്ന് നിനക്കറിയാമോ, ഇത്തിരിനാള്‍ അവിടെ കിടക്കട്ടെ. അതിനുശേഷം ഞാന്‍ പ്രാര്‍ത്ഥിക്കാം.' ഒറ്റ ശ്വാസത്തില്‍ സോഫി പറഞ്ഞു നിറുത്തി.

പ്രിയപ്പെട്ടവരെ, നമ്മുടെ ജീവിതത്തില്‍ പലരുടെയും മരണം ആഗ്രഹിക്കുന്നവരാണ് നാം. ചിലപ്പോള്‍ സ്വത്തിനുവേണ്ടി, മറ്റുചിലപ്പോള്‍ സ്ഥാനമാനങ്ങള്‍ക്കായി, അതുമല്ലെങ്കില്‍ സ്വസ്തജീവിതത്തിനായി. ഇങ്ങനെയുള്ള നമ്മള്‍ ഒരിക്കലെങ്കിലും നമ്മുടെ മരണത്തെക്കുറിച്ചും മരണശേഷമുള്ള ആത്മാവിന്റെ അവസ്ഥയെക്കുറിച്ചും ചിന്തിച്ചിട്ടുണ്ടോ? മരണശേഷം ദൈവത്തിന്റെ തനതുവിധിവഴി നമ്മുടെ അമര്‍ത്യമായ ആത്മാവ് സ്വര്‍ഗ്ഗസൗഭാഗ്യത്തിലേക്കോ, നിത്യനരകത്തിലേക്കോ, ശുദ്ധീകരണസ്ഥലത്തേക്കോ പ്രവേശിക്കപ്പെടും.

 ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണ്. എങ്കിലും സ്വര്‍ഗ്ഗീയാനന്ദത്തിലേയ്ക്ക് പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി മരണാനന്തരം അവര്‍ ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു എന്നുമാത്രം. ഇങ്ങനെയുള്ള ആത്മാക്കളുടെ സ്വര്‍ഗ്ഗീയപ്രവേശനത്തിനായി നമ്മുടെ പരിഹാരപ്രാര്‍ത്ഥനകള്‍, ധാനധര്‍മ്മം, ദണ്ഡവിമോചനകര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവര്‍ത്തികള്‍ സര്‍വ്വോപരി വി.കുര്‍ബ്ബാന അര്‍പ്പണം എന്നിവ അത്യാവശ്യമാണ്. വി.കൊച്ചുത്രേസ്യാപുണ്യവതിയുള്‍പ്പെടെയുള്ള പല വിശുദ്ധാത്മാക്കളും ഇക്കാര്യത്തില്‍ നമുക്ക് മാതൃക നല്‍കി കടന്നുപോയവരാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍വഴി സ്വര്‍ഗ്ഗത്തിലെത്തുന്ന ആത്മാക്കള്‍ നമുക്കായ് മാദ്ധ്യസ്ഥം വഹിക്കും. അതിനാല്‍ മരിച്ചവിശ്വാസികള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ഈ മാസത്തില്‍ അവര്‍ക്കായി കൂടുതല്‍ തീക്ഷ്ണതയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ എത്തിച്ചേരുവാന്‍ ഇടയാകട്ടെ. ആമ്മേന്‍.

 

സ്‌നേഹപൂര്‍വ്വം

ജോബിന്‍ അഗസ്റ്റിന്‍

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141477