ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ....

'എന്റെ ഗീവര്‍ഗ്ഗീസ് പുണ്യാളാ നമ്മുടെ ഉണ്ണീശോയെ കാത്തോളണെ' എന്ന് പ്രാര്‍ത്ഥിക്കുന്ന ചേടത്തിയുടെ കഥ നമുക്കൊക്കെ അറിയാവുന്നതാണ്. അതുപോലെതന്നെ പുണ്യാളച്ചനെ തൊട്ടുമുത്തിയപ്പോള്‍ അടിയില്‍ കിടക്കുന്ന വ്യാളിക്കെന്തുതോന്നും എന്നുകരുതി അതിനെയും ഒന്നുതൊട്ടുമുത്തുന്ന മറ്റൊരു ചേടത്തിയും, പെരുന്നാള്‍ പ്രദക്ഷിണത്തിന് ഞാന്‍ കൊടുത്ത യൗസേപ്പിതാവിന്റെ രൂപം മുമ്പില്‍ പോയാല്‍ മതിയെന്നും മറ്റവന്‍ കൊടുത്ത മാതാവിന്റെ രൂപം പുറകെവന്നാല്‍ മതിയെന്ന് നിര്‍ബന്ധം പിടിക്കുന്ന നാട്ടുപ്രമാണിയും, എല്ലാം വിശുദ്ധരോടുള്ള അന്ധമായ വിവേകമില്ലാത്ത വണക്കത്തിന്റെ ഉദഹരണങ്ങളാണ്. അമ്പുപെരുന്നാളിന്റെയന്ന് വീട് വൈദ്യുതാലങ്കാരത്താല്‍ മനോഹരമാക്കുന്നവനും പണം മുടക്കി മാലപടക്കം മേടിക്കുന്നവനും എന്തേ, ബാക്കിയുള്ള ദിവസങ്ങളില്‍ സ്വന്തം ജീവിതത്തെ അതേ വിശുദ്ധന്റെ പുണ്യപ്രവര്‍ത്തികളെ അനുകരിച്ചുകൊണ്ട് മനോഹരമാക്കാന്‍ ശ്രമിക്കുന്നില്ല?

 പ്രിയപ്പെട്ടവരെ, നമ്മുടെ ചില അനുകരണങ്ങളും അവരുടെപേരിലുള്ള ആഘോഷങ്ങളും കാണുമ്പോള്‍, ക്രിസ്തുവിനെപ്രതി ത്യാഗോജ്ജ്വലമായ ജീവിതം കാഴ്ചവച്ച നമ്മുടെ പല വിശുദ്ധരും ഇന്ന് സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ദു:ഖിക്കുകയാണെന്ന് കരുതേണ്ടിവരും. വിശുദ്ധിക്കുവേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത വി.മരിയ ഗോരേത്തിയേയും, വി.കുര്‍ബ്ബാനയ്ക്കും കുമ്പസാരത്തിനും സമയം ഉഴിഞ്ഞുവച്ച വി.പാദ്രേപിയോയേയും, യുവജനങ്ങളെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച വി.ഡോണ്‍ബോസേകോയേയുമൊക്കെ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിശുദ്ധരോടുള്ള വണക്കം ചൈതന്യപൂര്‍ണ്ണമാകുന്നത്.

 അതുപോലെ തന്നെയാണ് അഴുകാത്ത ചില വിശുദ്ധരുടെ തിരുശേഷിപ്പുകളോടുള്ള നമ്മുടെ സമീപനങ്ങളും. ദൈവം ഭൂമിയിലെ മനുഷ്യര്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കുന്നതിനാണ് ഈ അത്ഭുതം ഇവിടെ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ആത്മാവിനെ നാം കരുതലോടെയും സ്‌നേഹത്തോടെയും ഈശോയ്ക്കായ് കാത്തുസൂക്ഷിക്കുമ്പോള്‍, ആ ആത്മാവിനെപൊതിയുന്ന ശരീരമാകുന്ന ദൈവാലയത്തെ ദൈവം അതിലുപരി കാത്തുപരിപാലിക്കും എന്നതിന്റെ അടയാളമാണ് അഴുകാത്ത തിരുശേഷിപ്പുകള്‍. ഇങ്ങനെയുള്ള ഏതാനം ചില വിശുദ്ധരെക്കുറിച്ചുള്ള സമാഹാരങ്ങളുടെ ഒരു പ്രത്യേകപതിപ്പാണ് ഞങ്ങള്‍ ഈ തൂലികയ്‌ക്കൊപ്പം പ്രസിദ്ധീകരിക്കുന്നത്. അതിലൂടെ കടന്നുപോകുമ്പോള്‍ ഏലീഷായുടെ കല്ലറയിലേയ്ക്ക് എറിഞ്ഞ ജഡം, ഏലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജീവന്‍ പ്രാപിച്ച് എഴുന്നേറ്റ് നിന്നതുപോലെ പാപത്തിന്റെ മരണത്തില്‍ നിന്ന് നിന്നെ പുതുജീവനിലേയ്ക്ക് നയിക്കുമാറാകട്ടെ.

 

സ്‌നേഹത്തോടെ 

മാത്യു ഈപ്പന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 91591