'സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ'

മൈക്കിളച്ചന്‍ ആ ഇടവകയില്‍ വികാരിയായി വന്നിട്ട് ഒരു മാസം ആകുന്നതേ ഉള്ളൂ. ഇടവകാംഗങ്ങളെ പരിചയപ്പെടല്‍, വീട് വെഞ്ചിരിപ്പ് അങ്ങനെ പല പല കാര്യങ്ങളിലായി അച്ചന്‍ നല്ല തിരക്കിലാണ്. ഇന്ന് സെന്റ് ജോസഫ് യൂണിറ്റിലേക്കാണ് അച്ചന്റെ യാത്ര. കൈക്കാരന്‍മാരും യൂണിറ്റ് പ്രതിനിധികളും അച്ചന്റെ കൂടെയുണ്ട്. ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ പോകുന്ന വീടിനെക്കുറിച്ചുള്ള ചെറിയ വിവരണം ഭാരവാഹികള്‍ അച്ചന് കൊടുക്കും. അങ്ങനെ, ആ നാട്ടിലെതന്നെ ഏറ്റവും വലിയ ധനികന്റെ വീട്ടിലേക്കായി അവരുടെ അടുത്ത യാത്ര.'അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവനാ, എത്ര കോടിയുടെ സ്വത്തുണ്ടെന്ന് അയാള്‍ക്ക് തന്നെ അറിയില്ല, എന്നിട്ടും രാപകല്‍ അധ്വാനമാണ്. പള്ളിയും വേണ്ട പട്ടക്കാരും വേണ്ട. ആര്‍ക്കും ഒരു നയാപ്പൈസ കൊടുക്കില്ല.' വാര്‍ഡ് പ്രതിനിധി ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. അച്ചന് ചിരിയാണ് വന്നത്.  'വാ നമുക്ക് കയറിയിട്ട് പോകാം'അച്ചന്‍ പറഞ്ഞു. വീട്ടില്‍ചെന്ന് കോളിംഗ്‌ബെല്‍ അമര്‍ത്തി. പക്ഷേ, ആള്‍ പറമ്പില്‍ നിന്നാണ് വന്നത്. 'ആരാ അവിടെ!' ചെളിയില്‍ പൊതിഞ്ഞ് നമ്മുടെ തോമാചേട്ടന്‍. 'അച്ചനും കൈക്കാരന്‍മാരും എല്ലാരും ഉണ്ടല്ലോ. പിരിവിനിറങ്ങിയതായിരിക്കും അല്ലേ. എന്റെ അച്ചോ, ഞാന്‍ ഇത്തിരി കഷ്ടപ്പാടിലാ, റബ്ബറിനാണെങ്കില്‍ വിലയില്ല. ഇത്തിരി തെങ്ങുള്ളത് മൊത്തം മണ്ടരിയാ.' തോമസ് ചേട്ടന്‍ നയം വ്യക്തമാക്കി. അച്ചന്‍ വിഷയം മാറ്റാനായി ചോദിച്ചു, 'ഇപ്പോ പള്ളിയിലേക്കൊന്നും കാണാനില്ലല്ലോ'. 'എന്റെ അച്ചാ, പള്ളീം അച്ചന്‍മാരും എന്നും അവിടെത്തന്നെ ഉണ്ടാകും. പക്ഷേ, ഇത്ര നല്ല കാലാവസ്ഥ വല്ലപ്പോഴുമേ ഒത്തുകിട്ടൂ. കൃഷിഭവനില്‍ നിന്ന് കിട്ടിയ നല്ല ജാതിത്തൈ കുറച്ച് നടാനുണ്ട്. 100 വര്‍ഷം വരെ ആയുസ്സുള്ള വിളയാ ജാതി.' ഇതും പറഞ്ഞ് തോമസ് ചേട്ടന്‍ പറമ്പിലേക്ക് ഇറങ്ങി. അച്ചനും സംഘവും അടുത്ത വീട്ടിലേയ്ക്കും. പോകുന്ന വഴിയില്‍ അച്ചന്റെ മനസ്സില്‍ തെളിഞ്ഞുവന്ന കഥാപാത്രം ബൈബിളിലെ ഭോഷനായ ധനികന്‍ ആയിരുന്നു.

പ്രിയപ്പെട്ടവരേ, കേരളത്തിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 800കോടിയോളം രൂപയാണെന്ന് ഈയടുത്ത് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മരണമില്ലെന്ന് സ്വയം വിശ്വസിച്ച് കുടുംബത്തേയും സമൂഹത്തേയും സര്‍വ്വോപരി തന്നെത്തന്നെയും മറന്ന് ബാങ്കുബാലന്‍സ് ലക്ഷത്തില്‍ നിന്ന് കോടിയിലേക്കെത്തിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ ഒന്നോര്‍ക്കുക, ആറടിമണ്ണിന്റെ അവകാശി മാത്രമാണ് നാം! ഈശോയെ അടുത്തറിഞ്ഞപ്പോള്‍ തന്റെ സ്വത്ത് മറ്റുള്ളവര്‍ക്ക് കൊടുത്ത സക്കേവൂസിനെപ്പോലെ, തനിക്കുള്ളതെല്ലാം ദൈവത്തിന് സമര്‍പ്പിച്ച വിധവയെപ്പോലെ നമ്മുടെ മനോഭാവങ്ങളും മാറട്ടെ. നാം സമ്പാദിച്ച പണം നമ്മുടെ സ്വന്തമാകാതിരിക്കട്ടെ. ദാനമായി കിട്ടിയത് ദാനമായിത്തന്നെ നല്‍കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

സ്‌നേഹപൂര്‍വ്വം..... 

ജോബിന്‍ അഗസ്റ്റിന്‍

Thank u Jobin. May God bless you for your Salkrithyangal. Thank u for spending time with Lord and for His work. I am very happy that u r engaged in God's work

Tresa | September 30, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131528