കാറ്റ് അതിനിഷ്ടമുള്ളിടത്തേയ്ക്ക് വീശുന്നു

എല്‍ദാദ്, മെദാദ് എന്ന രണ്ടു പേരുകള്‍ നമുക്ക് അത്ര സുപരിചിതമായിരിക്കണമെന്നില്ല. എങ്കിലും ഈ രണ്ടു വ്യക്തികളിലൂടെ ഒരു കൂട്ടായ്മയില്‍ എങ്ങനെ നമ്മള്‍ മുന്നോട്ട് പോകണമെന്ന് ദൈവം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇസ്രായേല്‍ ജനത്തിന്റെ ഈജിപ്തില്‍ നിന്നും കാനാന്‍ദേശത്തിലേയ്ക്ക് ഉള്ള യാത്രയ്ക്കിടയിലാണ് ഈ രംഗം. മോശ എഴുപത് നേതാക്കന്‍മാരെ തിരഞ്ഞെടുക്കുന്നു. കര്‍ത്താവ് മോശയുടെമേലുണ്ടായിരുന്ന ചൈതന്യത്തിന്റെ ഒരു ഭാഗം ഈ എഴുപതു നേതാക്കന്‍മാരിലേയ്ക്കും പകരുന്നു. അപ്പോള്‍ അവര്‍ പ്രവചിക്കാന്‍ തുടങ്ങി. അവര്‍ അങ്ങനെ പ്രവചിച്ച് കര്‍ത്താവിന്റെ സ്വന്തം ആള്‍ക്കാരായി വിലസിനടക്കുമ്പോഴാണ് ഒരു വാര്‍ത്ത അറിയുന്നത്. അതാ, കൂടാരത്തിന് പുറത്ത് തിരഞ്ഞെടുക്കപ്പെടാത്ത രണ്ട് 'വരത്തന്‍മാര്‍' ഇരുന്ന് പ്രവചിക്കുന്നു. അവരുടെ പേരായിരുന്നു എല്‍ദാദും, മെദാദും. ഇത് കണ്ട് നൂനിന്റെ മകനും മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനുമായ ജോഷ്വാ പറഞ്ഞു 'പ്രഭോ, അവരെ വിലക്കുക'. മോശ ജോഷ്വായോടു പറഞ്ഞു, ' എന്നെപ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്‍മാരാവുകയും അവിടുന്ന് തന്റെ ആത്മാവിനെ അവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു'(സംഖ്യ 11:28-30) 

നമ്മുടെയൊക്കെ എല്ലാ കൂട്ടായ്മകള്‍ക്കും മാതൃകയാക്കാവുന്ന ഒരു മനോഭാവമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. എല്ലാവരെയും അംഗീകരിക്കുക, ചേര്‍ത്തുപിടിക്കുക. അങ്ങനെയുള്ള ഒരു കൂട്ടായ്മയില്‍ വളരുന്നവരെ ദൈവത്തിന് എളുപ്പത്തില്‍ തന്റെ പദ്ധതിക്കായ് എടുത്തുപയോഗിക്കാന്‍ കഴിയും. മനശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് നിങ്ങള്‍ ആദ്യം നിങ്ങളുടെ മക്കളുടെ സുഹൃദ്‌സംഘത്തെ ഞങ്ങള്‍ക്കു കാണിച്ചു തരൂ, നിങ്ങളുടെ മക്കള്‍ ആരായിത്തീരുമെന്ന് അപ്പോള്‍ പറഞ്ഞുതരാം എന്നാണ്.

പ്രിയപ്പെട്ടവരേ, ഒറ്റയാന്‍മാരെ എന്നും ഭയത്തോടെയും സന്തോഷമില്ലാതെയുമാണ് നമ്മള്‍ ഓര്‍ക്കാറുള്ളത്. ഒരു സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ചില തിരുത്തലുകള്‍ ഉണ്ട്, കരുതലുകള്‍ ഉണ്ട്. ഒരു പക്ഷെ സ്വന്തം മാതാപിതാക്കളോടുപോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ചിലകാര്യങ്ങള്‍ ഉത്തമസുഹൃത്തുക്കളോട് പറയാന്‍ സാധിക്കുന്നു. ജീസസ്‌യൂത്തിന്റെ ആറ് ജീവിതശൈലികളില്‍ ഒന്നായ 'കൂട്ടായ്മജീവിതം' ലക്ഷ്യം വയ്ക്കുന്നതും ഇതൊക്കെത്തന്നെയാണ്. ഒറ്റയാനായ് നടന്ന് പിശാചിന്റെ വാരിക്കുഴിയില്‍പോയി വീഴാതിരിക്കൂ. ഈശോയുടെ ആ സ്വന്തം സുഹൃദ്‌സംഘത്തിലേയ്ക്ക് നിങ്ങളേവരെയും സ്വാഗതം ചെയ്യുന്നു. 

സ്‌നേഹത്തോടെ..

മാത്യു ഈപ്പന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 94192